ഹോട്ടലില്‍ ഉറക്കം നഷ്ടപ്പെട്ടു; 'മൂട്ടകടി'ക്ക് 30,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

 
moottta



കാഞ്ഞങ്ങാട്: തിരുവനന്തപുരത്തെ ഹോട്ടല്‍മുറിയില്‍ മൂട്ടയുടെ കടിയേറ്റ കാസര്‍കോട്ടെ കുടുംബത്തിന് 30,000 രൂപ നല്‍കാന്‍ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്റെ വിധി. ചെറുവത്തൂരിലെ വാസുദേവ കോണൂരായ നല്‍കിയ ഹര്‍ജിയിലാണ് 15,000 രൂപ നഷ്ടപരിഹാരമായും 10,000 രൂപ ചികിത്സച്ചെലവായും 5,000 രൂപ കോടതിച്ചെലവായും നല്‍കാന്‍ കാസര്‍കോട് ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍ ഉത്തരവിട്ടത്.

പദ്മനാഭസ്വാമിക്ഷേത്ര ദര്‍ശനത്തിനും ബന്ധുവിന്റെ കല്യാണം കൂടാനുമായി 2024 ഓഗസ്റ്റ് 26-നാണ് വാസുദേവയും കുടുംബവും തിരുവനന്തപുരത്തെ 'രൂപ്മഹല്‍' ഹോട്ടലില്‍ മുറിയെടുത്തത്.ൃ3500 രൂപയുടെ ശീതീകരിച്ച ഡബിള്‍ മുറിയാണെടുത്തത്. ദീര്‍ഘയാത്രകഴിഞ്ഞ് ക്ഷീണിതരായ കുടുംബത്തിന്, പക്ഷേ, രാത്രിയൊട്ടും ഉറങ്ങാനായില്ല. നോക്കിയപ്പോള്‍ കിടക്കയില്‍ മൂട്ട.
ഒപ്പമുണ്ടായിരുന്ന കൊച്ചുകുട്ടികള്‍ക്കടക്കം മൂട്ടയുടെ കടിയേറ്റ് ദേഹത്ത് പലയിടത്തും ചുവന്നുതുടുത്തു. ചൊറിച്ചിലും അനുഭവപ്പെട്ടു. ഇക്കാര്യം ഹോട്ടല്‍ റിസപ്ഷനില്‍ പറയുകയും ചെയ്തു. പിറ്റേന്ന് തിരുവനന്തപുരത്തെ ആന്‍ഡിയല്‍ ആസ്പത്രിയിലെത്തി ചികിത്സതേടി.

 അവിടത്തെ ഡോ. മഹേഷ്‌കുമാര്‍ പരിശോധിച്ച് മരുന്ന് നല്‍കി. തിരികെ നാട്ടിലെത്തിയശേഷം ഹൊസ്ദുര്‍ഗ് ബാറിലെ അഡ്വ. എ. രാധാകൃഷ്ണന്‍ മുഖേന ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷനെ സമീപിക്കുകയായിരുന്നു. കേസ് തിരുവനന്തപുരത്തെ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്റെ പരിധിയിലേക്ക് മാറ്റണമെന്ന് ഹോട്ടല്‍ അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും കമ്മിഷന്‍ അനുവദിച്ചില്ല.

ഇതുവരെ ഹോട്ടലിനെതിരേ ഇത്തരത്തിലുള്ള പരാതിയുണ്ടായിട്ടില്ലെന്നതടക്കമുള്ള വാദമായിരുന്നു ഹോട്ടല്‍ അധികൃതരുടേത്. ആസ്പത്രി പരിശോധനാരേഖകളും ലാബ് റിപ്പോര്‍ട്ടുകളുമെല്ലാം വാസുദേവ ഹാജരാക്കിയിരുന്നു. ഒരുമാസത്തിനുള്ളില്‍ തുക നല്‍കണമെന്നാണ് വിധി.

Tags

Share this story

From Around the Web