കര്‍ത്താവേ ഇനിയും എത്ര കാലം'; ഗാസയില്‍ അമ്മയും മകളുംകൊല്ലപ്പെട്ടതില്‍ അനുശോചനവുമായി പാപ്പ

 
pope

വത്തിക്കാന്‍സിറ്റി: ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ക്രൈസ്തവരായ അമ്മയും മകളുമടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി ലിയോ 14-ാമന്‍ പാപ്പ. ഗാസയിലെ ഏക കത്തോലിക്ക ഇടവകയായ ഹോളി ഫാമിലി ഇടവക വികാരി ഫാ. ഗബ്രിയേല്‍ റൊമനെല്ലിക്ക് അയച്ച വ്യക്തിപരമായ അനുശോചന സന്ദേശത്തിലാണ് മാര്‍പാപ്പ തന്റെ വേദന പങ്കുവെച്ചത്.

ഗാസയിലെ വ്യോമാക്രമണത്തില്‍ മൈസ ഖാദര്‍ ഇബ്രാഹിം അബു ദാവൂദ്, മകള്‍ മേരി ഹാഫെസ് മിഷേല്‍ നജ്ജാര്‍ എന്നിവരുള്‍പ്പെടെ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. മൈസയുടെയും മകള്‍ മേരിയുടെയും മരണവാര്‍ത്ത കേട്ടപ്പോള്‍ മുതല്‍ താന്‍ അവര്‍ക്ക് വേണ്ടിയും കുടുംബാംഗങ്ങള്‍ക്ക് വേണ്ടിയും ഗാസയിലുള്ള എല്ലാവര്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുകയായിരുന്നുവെന്ന് ഫാ. റൊമാനെല്ലിക്ക് അയച്ച സന്ദേശത്തില്‍ പാപ്പ പറഞ്ഞു. ബൈബിളിലെ സങ്കീര്‍ത്തനം 13 ഉദ്ധരിച്ചുകൊണ്ട് 'കര്‍ത്താവേ, ഇനിയും എത്ര കാലം?' (ഈ യുദ്ധത്തിന്റെ ഭീകരത അനുഭവിക്കണമെന്ന്) പാപ്പ വിലപിച്ചു.

ഗാസയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നവരായിരുന്നു കൊല്ലപ്പെട്ട മൈസയും മകള്‍ മേരിയും. ഇരുവരുടെയും മൃതസംസ്‌കാര ശുശ്രൂഷകള്‍ ഗാസയിലെ സെന്റ് പോര്‍ഫിറോസ് ഗ്രീക്ക് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നടന്നു.

യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോ അപ്ഡേറ്റിലാണ് ലിയോ 14-ാമന്‍ പാപ്പ തനിക്ക് വ്യക്തിപരമായി അയച്ച അനുശോചന സന്ദേശത്തെക്കുറിച്ച് ഫാ. റൊമാനെല്ലി വെളിപ്പെടുത്തിയത്. ഗാസയില്‍ സുരക്ഷിതമായ ഒരു സ്ഥലം പോലുമില്ലെന്ന് ഇവരുടെ മരണം ഒരിക്കല്‍ കൂടെ വ്യക്തമാക്കിയിരിക്കുകയാണ്.

യുദ്ധം തുടങ്ങിയ ശേഷം 62 ക്രൈസ്തവരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. ഈ മരണങ്ങള്‍ ക്രൈസ്തവസമൂഹത്തെ ബാധിച്ചിട്ടുണ്ടെങ്കിലും സമാനമായ ആക്രമണങ്ങള്‍ ഗാസയിലെ എല്ലാവരും നേരിടുന്ന അനുദിന യാഥാര്‍ത്ഥ്യമായി തുടരുകയാണ്. ഇസ്രായേലും പാലസ്തീനും തമ്മില്‍ സമാധാനമുണ്ടാകുന്നതിനായി തീക്ഷ്ണതയോടെ പ്രാര്‍ത്ഥിക്കുവാന്‍ ഫാ. റൊമാനെല്ലി ആഹ്വാനം ചെയ്തു.

Tags

Share this story

From Around the Web