ക്രിസ്തുരാജൻ നീണാൾ വാഴട്ടെ; സത്യപ്രതിജ്ഞ ചടങ്ങിനിടെ പരസ്യമായ വിശ്വാസ പ്രഘോഷണവുമായി കൊളംബിയൻ പ്രസിഡന്റ്
ബൊഗോട്ട: ക്രൈസ്തവ വിശ്വാസത്തിന്റെ ശക്തമായ സാക്ഷ്യവുമായി കൊളംബിയൻ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ശ്രദ്ധേയമായി. സാന്റിയാഗോ ഡി കാലി സർവ്വകലാശാലയിലെ അരീന യുഎസ്‌സി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിനിടെ കൊളംബിയയുടെ പുതിയ പ്രസിഡന്റായി അധികാരമേറ്റ ആബെലാർഡോ ഡി ലാ എസ്പ്രിയല്ല രാജ്യത്തിന് മുന്നിൽ തന്റെ അടിയുറച്ച ക്രിസ്തു വിശ്വാസം പരസ്യമായി പ്രഘോഷിക്കുകയായിരുന്നു. തന്റെ മേലുള്ള ദൈവീകമായ കടാക്ഷത്തിന് സർവ്വശക്തനായ ദൈവത്തിന് നന്ദി അർപ്പിച്ചുകൊണ്ടായിരുന്നു അദേഹത്തിന്റെ കന്നി പ്രസംഗം ആരംഭിച്ചത്.
ചടങ്ങിന്റെ വേദിയിൽ ഇടതുവശത്തായി ഫാത്തിമ മാതാവിന്റെ തിരുസ്വരൂപം സ്ഥാപിച്ചിരുന്നു എന്നത് ഏറെ ശ്രദ്ധേയമായി. ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം ഇരുകരങ്ങളും നീട്ടി “Viva Cristo Rey!” (ക്രിസ്തുരാജൻ നീണാൾ വാഴട്ടെ) എന്ന പ്രഖ്യാപനത്തോടെ നിയുക്ത പ്രസിഡന്റ് തന്റെ ക്രിസ്തു വിശ്വാസം ലോകത്തിന് മുന്നിൽ സാക്ഷ്യപ്പെടുത്തി. ഭരണകൂടത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് പിന്നാലെ സംയുക്തമായ സ്തുതിഗീതാലാപനവും പ്രത്യേക പ്രാർത്ഥനയും നടന്നു. കൊളംബിയൻ ഗായിക മെയ്യയുടെ മനോഹരമായ 'ഹല്ലേലൂയ്യ' ഗാനാലാപനത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.
പ്രസിഡന്റ് ആബെലാർഡോ ഡി ലാ എസ്പ്രിയേല, വൈസ് പ്രസിഡന്റ് ജോസ് മാനുവൽ റെസ്ട്രെപ്പോ, നിയുക്ത അംബാസഡർ അലജാൻഡ്രോ ഓർഡോനെസ് തുടങ്ങിയ കൊളംബിയയുടെ പുതിയ ഭരണനിരയിലെ പ്രമുഖരെല്ലാം അടിയുറച്ച കത്തോലിക്കാ വിശ്വാസികളാണ്. വിവിധ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരും നയതന്ത്രജ്ഞരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
കൊളംബിയയിലേക്കുള്ള പുതിയ അപ്പസ്തോലിക് ന്യൂൺഷ്യോയെ ഇതുവരെ നിയമിക്കാത്തതിനാൽ, ഇക്വഡോറിലെ അപ്പസ്തോലിക് ന്യൂൺഷ്യോയായ ആർച്ച് ബിഷപ്പ് ഡാഗോബെർട്ടോ കാമ്പോസ് വത്തിക്കാനെ പ്രതിനിധീകരിച്ച് ചടങ്ങിൽ പങ്കെടുത്തു. ഭരണതലത്തിൽ വിശ്വാസവും മൂല്യങ്ങളും മുറുകെപ്പിടിച്ചുള്ള പുതിയ ഭരണകൂടത്തിന്റെ തുടക്കം ക്രൈസ്തവ ലോകത്ത് വലിയ പ്രതീക്ഷകളാണ് നൽകുന്നത്.