നീളന്‍മുടി മുറിച്ച് തറയിലിട്ടു; വനത്തില്‍ മരിച്ച നിലയില്‍ പൊലീസുകാരി; ഭര്‍ത്താവ് അറസ്റ്റില്‍
 

 
POLICE


 

കോണ്‍സ്റ്റബിളായ ഭാര്യ വനത്തില്‍ തൂങ്ങിമരിച്ചതിനു പിന്നാലെ ഭര്‍ത്താവിനെ അറസ്റ്റ്‌ െചയ്ത് പൊലീസ്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ബിദ്വാഡി ഹംബാര്‍നെ വനമേഖലയിലാണ് സ്മിത മനെയെന്ന പൊലീസ് കോണ്‍സ്റ്റബിളിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 


പപ്പ അമ്മയെ ബെല്‍റ്റുകൊണ്ട് ക്രൂരമായി അടിച്ചെന്നും അമ്മ ബാത്‌റൂമില്‍ വീണെന്നും സ്മിതയുടെ മകന്‍ ബന്ധുക്കളോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്മിതയുടെ സഹോദരി രേഷ്മ ജാദവ് നല്‍കിയ പരാതിയിലാണ് ഭര്‍ത്താവായ പൊലീസ് കോണ്‍സ്റ്റബിള്‍ സച്ചിന്‍ മനെയെ പൊലീസ് പിടികൂടിയത്. 


സ്മിത ജീവനൊടുക്കിയതാണെങ്കില്‍ ഉത്തരവാദി ഭര്‍ത്താവാണെന്നും അതല്ലെങ്കില്‍ കൊലചെയ്തതാണെന്നും ബന്ധു നല്‍കിയ പരാതിയില്‍ പറയുന്നു. സിന്ധുദുര്‍ഗ് ജില്ലയിലെ കങ്കാവേലി പൊലീസ് സ്റ്റേഷനില്‍ ആണ് സ്മിത ജോലി ചെയ്യുന്നത്. സച്ചിന് സ്മിതയെ സംശയമായിരുന്നെന്നും ഇതിന്റെ പേരില്‍ നിരന്തരം ശാരീരിക മാനസിക പീഡനങ്ങള്‍ക്കിരയാക്കിയിരുന്നെന്നും സഹോദരി പറയുന്നു. 
വെള്ളിയാഴ്ച മുതല്‍ കാണാതായ സ്മിതയ്ക്കായി ബന്ധുക്കളുള്‍പ്പെടെ തിരച്ചില്‍ നടത്തിയിരുന്നു. വീട്ടിലെത്തിയ സമയത്ത് സ്മിതയുടെ നീളന്‍മുടി മുറിച്ചുമാറ്റിയ നിലയില്‍ തറയില്‍ കിടപ്പുണ്ടായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു. പപ്പ അമ്മയെ ബെല്‍റ്റുകൊണ്ട് മര്‍ദിക്കുന്നതിനു താന്‍ സാക്ഷിയാണെന്ന് മകന്‍ പൊലീസിനോടും ആവര്‍ത്തിച്ചു. സ്മിതയെ കാണാതായതോടെ ഭര്‍ത്താവ് ഒരു മിസിങ് കംപ്ലയിന്റ് നല്‍കിയിരുന്നു. സ്മിത വീട്ടില്‍ നിന്നും ഇറങ്ങിപ്പോയെന്നായിരുന്നു ഇയാള്‍ ബന്ധുക്കളോട് പറഞ്ഞത്. 
പൊലീസും ഫോറന്‍സിക് സംഘവും വീട്ടിലെത്തി മതിയായ തെളിവുകള്‍ ശേഖരിച്ചു. സ്മിതയെ മര്‍ദിക്കാന്‍ ഉപയോഗിച്ചെന്നു കരുതുന്ന ബെല്‍റ്റും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സ്മിതയുടെ ഫോണും സംഘം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. മൃതദേഹം കോലാപൂര്‍ ആശുപത്രിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റിയിരിക്കുകയാണ്. ഇന്‍സ്‌പെക്ടര്‍ വികാസ് ബഡ്വെയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. 

Tags

Share this story

From Around the Web