ട്രെയിന്‍ നിര്‍ത്തിയിട്ടിട്ട് സമൂസ വാങ്ങാന്‍ പോയി ലോക്കോ പൈലറ്റ്; വൈറലായി ദൃശ്യങ്ങള്‍
മധ്യപ്രദേശ്: ട്രെയിന്‍ പാളത്തില്‍ നിര്‍ത്തിയിട്ടിട്ട് സമൂസ വാങ്ങാന്‍ പോയി ലോക്കോ പൈലറ്റ്. മധ്യപ്രദേശിലെ ഇന്‍ഡോര്‍ മൗ പാതയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
റെയില്‍വേ ഗേറ്റിന് സമീപമുള്ള കടയില്‍ നിന്ന് സമൂസ വാങ്ങാനാണ് ലോക്കോ പൈലറ്റ് പാളത്തില്‍ ട്രെയിന്‍ നിര്‍ത്തിയിട്ട ശേഷം ഇറങ്ങിയത്.
സമൂസ വാങ്ങി ട്രെയിനിനുള്ളിലേക്ക് കയറുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇതോടെ വിഷയത്തില്‍ റെയില്‍വേ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
ലോക്കോ പൈലറ്റ് സമൂസ വാങ്ങി ട്രെയിനിലേക്ക് കയറുന്ന ദൃശ്യങ്ങള്‍ ആരോ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. സംഭവം പുറത്തുവന്നതോടെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് റെയില്‍വേയ്ക്ക് എതിരെ ഉയരുന്നത്.
റെയില്‍വേ ട്രാക്കില്‍ ഇത്തരത്തില്‍ ട്രെയിന്‍ നിര്‍ത്തിയിടുന്നത് സുരക്ഷാ ഭീഷണിയുയര്‍ത്തുന്നതാണ്. ഇതിനെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സാധാരണയായി ആ സിഗ്‌നല്‍ പോയിന്റില്‍ ട്രെയിനുകള്‍ വേഗത കുറയ്ക്കാറുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സമൂസ വാങ്ങാന്‍ വേണ്ടി തന്നെയാണോ ട്രെയിന്‍ പൂര്‍ണ്ണമായും നിര്‍ത്തിയിട്ടത് എന്ന് പരിശോധിച്ചു വരികയാണ്.
ഇത്തരത്തില്‍ ലോക്കോ പൈലറ്റിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.