ശമ്പളം നല്‍കാതെ 2 വര്‍ഷത്തോളം മില്ലിനുള്ളില്‍ പൂട്ടിയിട്ട് ക്രൂര മര്‍ദനം; തിരുവനന്തപുരത്ത് തൊഴിലാളിയോട് ഉടമയുടെ ക്രൂരത

 
mill


തമിഴ്നാട് സ്വദേശിയായ തൊഴിലാളിയോട് മില്ല് ഉടമയുടെ കൊടും ക്രൂരത. ശമ്പളം നല്‍കാതെ രണ്ടുവര്‍ഷമായി സ്ഥാപനത്തില്‍ നിന്ന് പുറത്തു വിടാതെ ക്രൂരമായി പീഡിപ്പിച്ചു. 


ലൈസന്‍സ് ഇല്ലാതെ നടത്തി വന്നിരുന്ന ഭക്ഷ്യനിര്‍മ്മാണ കേന്ദ്രത്തിലാണ് തൊഴിലാളിയെ പീഡിപ്പിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്തതിനൊപ്പം വ്യത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം കോര്‍പ്പറേഷന്‍ പൂട്ടിച്ചു.


ഒന്നര വര്‍ഷം മുന്‍പാണ് തെങ്കാശി സ്വദേശിയായ ബാലകൃഷ്ണന്‍ വട്ടിയൂര്‍ക്കാവിലെ പൗര്‍ണമി ഫുഡ് ഉല്‍പന്ന കേന്ദ്രത്തില്‍ ജോലിയ്ക്കെത്തുന്നത്. അന്നുമുതല്‍ തുടങ്ങിയ പീഡനമാണ്. ശമ്പളം നല്‍കാതെ ജോലി ചെയ്യിപ്പിച്ചു. പുറത്ത് വിടില്ല.


കഴിഞ്ഞ ദിവസം ഭക്ഷണം ചോദിച്ചതിന് ക്രൂരമായി മര്‍ദിക്കുകയും ചെയ്തിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാര്‍ ബാലകൃഷ്ണന്റെ അവസ്ഥ കണ്ടു ഞെട്ടി. ശരീരമാസകലം മുറിവുകള്‍. പലതും പഴുത്ത് പൊട്ടിയൊലിച്ച അവസ്ഥയില്‍. കൈവിരലുകള്‍ ഒടിഞ്ഞ് എല്ല് പുറത്തുവന്ന അവസ്ഥയിലാണ് ഇയാളെ കണ്ടെത്തിയത്.

നിലവില്‍ ബാലകൃഷ്ണന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സ്ഥാപന ഉടമ വട്ടിയൂര്‍ക്കാവ് സ്വദേശി തുഷാന്തിനെ പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തു. ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചേര്‍ത്താണ് തുഷാന്തിനെ അറസ്റ്റ് ചെയ്തത്.

Tags

Share this story

From Around the Web