പള്ളിപ്പെരുന്നാളിൽ പള്ളിക്കെട്ട് ശബരിമലയ്ക്ക് പാടിയത് തടഞ്ഞയാളെ നാട്ടുകാർ പള്ളി പരിസരത്തു നിന്ന് ഇറക്കിവിട്ടു ഒന്നിന് പകരം അഞ്ച് അയ്യപ്പഭക്തിഗാനങ്ങൾ പാടിച്ച് പള്ളിവികാരി
പള്ളിപ്പെരുന്നാൾ ഗാനമേളയ്ക്കിടെ അയ്യപ്പഭക്തിഗാനം ആലപിക്കുന്നത് തടയാൻ ശ്രമിച്ചയാൾക്ക് സ്നേഹവും മതസൗഹാർദ്ദവും കൊണ്ട് മറുപടി നൽകി കിഴപറയാർ നിവാസികളും പള്ളിക്കമ്മിറ്റിയും.
കോട്ടയം: പള്ളിപ്പെരുന്നാൾ ഗാനമേളയ്ക്കിടെ അയ്യപ്പഭക്തിഗാനം ആലപിക്കുന്നത് തടയാൻ ശ്രമിച്ചയാൾക്ക് സ്നേഹവും മതസൗഹാർദ്ദവും കൊണ്ട് മറുപടി നൽകി കിഴപറയാർ നിവാസികളും പള്ളിക്കമ്മിറ്റിയും.
നൂറാം വാർഷികത്തോടനുബന്ധിച്ച് ഗംഭീരമായി സംഘടിപ്പിച്ച പള്ളിപ്പെരുന്നാളിനിടെയാണ് നാടിന്റെ ഒരുമ വിളിച്ചോതുന്ന സംഭവം അരങ്ങേറിയത്.
പെരുന്നാളിനോടനുബന്ധിച്ച് നടന്ന ഗാനമേളയിൽ ഗായകൻ റഷീദ് ‘പള്ളിക്കെട്ട് ശബരിമലയ്ക്ക്’ എന്ന അയ്യപ്പഭക്തിഗാനം ആലപിക്കുകയായിരുന്നു.
ഈ സമയം വേദിയിലേക്ക് കയറിയ ഒരാൾ പാട്ട് തടസ്സപ്പെടുത്തുകയും പള്ളിയിൽ ക്രിസ്തീയ ഗാനങ്ങൾ മാത്രം പാടിയാൽ മതിയെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഇതോടെ സദസ്സിലുണ്ടായിരുന്ന നാട്ടുകാരും പള്ളിക്കമ്മിറ്റി ഭാരവാഹികളും ശക്തമായി പ്രതികരിച്ചു.
ആഘോഷത്തിൽ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിച്ചയാളെ നാട്ടുകാർ ഇടപെട്ട് വേദിയിൽ നിന്നും പ്രദേശത്തുനിന്നും നീക്കം ചെയ്തു.
സംഭവത്തിന് പിന്നാലെ, പള്ളി വികാരിയുടെ പ്രത്യേക നിർദ്ദേശപ്രകാരം ഗായകൻ ‘പള്ളിക്കെട്ട് ശബരിമലയ്ക്ക്’ എന്ന ഗാനം വീണ്ടും ആലപിച്ചു.
ഇതിനുപുറമെ ‘പമ്പാഗണപതി’ എന്ന ഗാനവും വേദിയിൽ പാടിപ്പിച്ചു. രണ്ടു പാട്ടുകൾക്ക് പകരം അഞ്ച് അയ്യപ്പഭക്തി ഗാനങ്ങൾ ആലപിക്കാൻ വികാരി നിർദ്ദേശം നൽകിയതോടെ സദസ് ആവേശത്തോടെയാണ് അത് ഏറ്റെടുത്തത്.
മതഭേദമില്ലാതെ എല്ലാ വീടുകളിലും നേരിട്ടെത്തി ക്ഷണിച്ച് സ്നേഹ വിരുന്നൊരുക്കിയാണ് കിഴപറയാർ നിവാസികൾ പെരുന്നാൾ ആഘോഷിച്ചത്.
ആഘോഷങ്ങളിൽ വർഗീയത കലർത്താൻ പുറത്തുനിന്നുള്ള ആരെങ്കിലും ശ്രമിച്ചാൽ അത് അനുവദിക്കില്ലെന്ന ശക്തമായ സന്ദേശമാണ് കിഴപറയാറിലെ ജനങ്ങൾ നൽകിയത്.