ക്രാന്‍സ്-മൊന്താന അഗ്‌നിബാധയുടെ ഇരകള്‍ക്കായി പ്രാര്‍ത്ഥിച്ച് പ്രാദേശിക കത്തോലിക്കാസഭ
വത്തിക്കാന്‍സിറ്റി : നാല്‍പ്പതിലധികം ആളുകളുടെ മരണത്തിനും, നൂറിലധികം ആളുകള്‍ക്ക് പരിക്കിനും കാരണമായ ക്രാന്‍സ്-മൊന്താന സ്‌കീ റിസോര്‍ട്ട് അഗ്‌നിബാധയില്‍, ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ച് പ്രാദേശിക കത്തോലിക്കാസഭ.
അപകടവുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ ന്യൂസിനോട് സംസാരിക്കവെ, സിയോണ്‍ രൂപതാദ്ധ്യക്ഷന്‍ ബിഷപ് ഷാന്‍-മരീ ലോവി സഭ ഈ അപകടത്തിന്റെ ഇരകളുടെയും അവരുടെ കുടുംബങ്ങളുടെയും വേദനയില്‍ പങ്കുചേരുന്നുവെന്നും, പ്രത്യാശയുടെ പ്രകാശം അവര്‍ക്ക് ലഭിക്കാനായി ആശംസിക്കുന്നുവെന്നും പ്രസ്താവിച്ചു.
ഈ ദാരുണാപകടത്തിന്റെ ഇരകള്‍ക്കായി അപകടം നടന്ന വ്യാഴാഴ്ച വൈകുന്നേരം ആറുമണിക്ക് ബിഷപ് ലോവി അര്‍പ്പിച്ച വിശുദ്ധ ബലിയില്‍ നാനൂറിലധികം ആളുകള്‍ പങ്കുചേര്‍ന്നിരുന്നു. അപകടം നടന്നയിടത്ത് അദ്ദേഹം സന്ദര്‍ശനം നടത്തുകയും പൂക്കള്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
പ്രദേശത്തെ ജനങ്ങള്‍ വൈകാരികമായിട്ടാണ് ഈ സംഭവത്തെ കാണുന്നതെന്നും, ഈ അപകടം സംബന്ധിച്ച വ്യക്തതയ്ക്കായി കാത്തിരിക്കുകയാണെന്നും രൂപതാദ്ധ്യക്ഷന്‍ അറിയിച്ചു.
സ്വിറ്‌സര്‍ലണ്ടില്‍നിന്ന് മാത്രമല്ല വിവിധ രാജ്യങ്ങളില്‍നിന്നും എത്തുന്ന ടുറിസ്റ്റുകളും സന്ദര്‍ശകരും എത്തുന്നതും സീസണ്‍ കാലത്ത് മാത്രം ആളുകള്‍ നിറയുന്നതുമായ ഒരു പ്രദേശത്താണ് ഈ അപകടം ഉണ്ടായതെന്ന് ബിഷപ് ലോവി വ്യക്തമാക്കി.
അപകടവുമായി ബന്ധപ്പെട്ട് ദുഃഖമനുഭവിക്കുന്നവര്‍ക്ക്, ക്രൈസ്തവമായ പ്രത്യാശ ആശ്വാസം പകരട്ടെയെന്നാണ് താന്‍ ആശംസിക്കുന്നതെന്ന് സിയോണ്‍ രൂപതാദ്ധ്യക്ഷന്‍ പ്രസ്താവിച്ചു. ഈ അഗ്‌നിബാധ കൊണ്ടുവന്ന വിഷമത്തിനുമപ്പുറം, ക്രിസ്തുമസും, എപ്പിഫനിയും കൊണ്ടുവരുന്ന സന്ദേശം, അപകടത്തിന്റെ ഇരകള്‍ക്കും അവരുടെ ബന്ധുമിത്രാദികള്‍ക്കും പ്രകാശമായി മാറട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ക്രാന്‍സ് - മൊന്താന അപകടത്തിന്റെ ഇരകളുടെ ദുഃഖം പങ്കിട്ടും തന്റെ സാമീപ്യമറിയിച്ചും പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്‍ പാപ്പായും കഴിഞ്ഞ ദിവസം ഒരു ടെലെഗ്രാം സന്ദേശം അയച്ചിരുന്നു.