കോഴിക്കോട് മാവൂരില്‍ ലോഡ് കണക്കിന് ചീഞ്ഞ മുട്ടകള്‍ പിടികൂടി; രണ്ട് കടകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും
 

 
egg

കോഴിക്കോട്: കോഴിക്കോട് മാവൂരില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ ലോഡ് കണക്കിന് ചീഞ്ഞ മുട്ടകള്‍ പിടികൂടി. രണ്ട് കോഴിമുട്ട മൊത്തവിതരണ കേന്ദ്രങ്ങളില്‍ നിന്നായി പതിനാറായിരത്തോളം പഴകിയതും പുഴുവരിച്ചതുമായ മുട്ടകളാണ് കണ്ടെത്തിയത്. സംഭവത്തില്‍ രണ്ട് കടകളുടെയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

അസിസ്റ്റന്റ് കമ്മീഷണര്‍ ഡോ. ജോസഫ് കുര്യാക്കോസിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് ശീതീകരിച്ച മുറിയില്‍ സൂക്ഷിച്ച നിലയില്‍ പഴകിയ മുട്ടകള്‍ കണ്ടെത്തിയത്. പൊട്ടിയതും കേടായതുമായ മുട്ടകള്‍ ഭക്ഷ്യ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ക്ക് വില്‍ക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബേക്കറി നിര്‍മാണ യൂണിറ്റില്‍ നിന്ന് ലഭിച്ച വിവരങ്ങളാണ് പരിശോധനയ്ക്ക് വഴിവെച്ചത്.

തമിഴ്‌നാട്ടില്‍ നിന്ന് ലോഡുകളായെത്തിക്കുന്ന മുട്ടകള്‍ പരിശോധിച്ച ശേഷമാണ് സാധാരണയായി വില്‍പ്പന നടത്താറുള്ളതെന്നാണ് കടയുടമയുടെ വിശദീകരണം. കേടായതും ചീഞ്ഞതുമായ മുട്ടകള്‍ വിതരണക്കാര്‍ക്ക് തിരിച്ചുനല്‍കാനായി മാറ്റിവെച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം മുട്ടകള്‍ തിരിച്ചുനല്‍കിയാല്‍ മാത്രമേ പണം ലഭിക്കുകയുള്ളൂവെന്നും കടയുടമ വ്യക്തമാക്കി.

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് ജില്ലാ അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണര്‍ ഡോ. ജോസഫ് കുര്യാക്കോസ് അറിയിച്ചു.

Tags

Share this story

From Around the Web