നിരന്തരമുള്ള ദൈവസാന്നിദ്ധ്യസ്മരണയിലും അദ്ധ്വാനശീലത്തിലും ജീവിക്കുക: ലിയോ പാപ്പാ
നിരന്തരമായ പ്രാര്‍ത്ഥനയുടെ ജീവിതത്തിന് ഉടമയും, അദ്ധ്വാനശീലവും പാവങ്ങളോടുള്ള പ്രത്യേക പരിഗണനയും കാത്തുസൂക്ഷിക്കുകയും ചെയ്ത വിശുദ്ധ തോമസ് വിയ്യനോവയുടേത് പോലെ, വിശുദ്ധരുടെ ജീവിതം മാതൃകയാക്കി, ക്രൈസ്തവജീവിതത്തില്‍ മുന്നോട്ട് പോകാന്‍ ആഹ്വാനം ചെയ്ത് ലിയോ പതിനാലാമന്‍ പാപ്പാ.
സ്‌പെയിനിലെ അല്‍കലാ ദേ ഹെനാറെസ് എന്നയിടത്ത് വിശുദ്ധ തോമസ് വിയ്യനോവയുടെ നാമധേയത്തിലുള്ള ഇടവകയില്‍നിന്ന് ഏതാണ്ട് 1900 കിലോമീറ്ററുകള്‍ യാത്ര ചെയ്ത് റോമിലെത്തിയ ഇടവകാംഗങ്ങള്‍ക്കും രൂപതാമെത്രാനും വത്തിക്കാനില്‍ കൂടിക്കാഴ്ച അനുവദിച്ച വേളയിലാണ്, വിശുദ്ധന്റെ ജീവിതമാതൃക മുന്നില്‍ക്കണ്ട് വിശ്വാസ-സാമൂഹിക മേഖലകളില്‍ മുന്നേറാന്‍ തീര്‍ത്ഥാടകരെ പാപ്പാ ആഹ്വാനം ചെയ്തത്.
അഗസ്റ്റീനിയന്‍ സഭാംഗവും മെത്രാനുമായിരുന്ന വിശുദ്ധ തോമസ് വിയ്യനോവ തുടര്‍ച്ചയായ പ്രാര്‍ത്ഥനയുടെ ആവശ്യമറിഞ്ഞിരുന്നുവെന്നും, അതുവഴി എല്ലായ്പ്പോഴും ദൈവസന്നിധിയില്‍ ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും പരിശുദ്ധ പിതാവ് ഓര്‍മ്മിപ്പിച്ചു. സ്വയം ശൂന്യവത്കരിക്കാനും, ദൈവത്തെ ശ്രവിക്കാനും, നമ്മിലൂടെ പ്രവര്‍ത്തിക്കാന്‍ അവനെ അനുവദിക്കാനുമുള്ള മനോഭാവവും, ആഴമേറിയ ഒരു ആന്തരികജീവിതവുമാണ് തുടര്‍ച്ചയായ പ്രാര്‍ത്ഥനയിലൂടെ അദ്ദേഹം വെളിപ്പെടുത്തിയതെന്ന് പാപ്പാ വിശദീകരിച്ചു.
വലിയ അദ്ധ്വാനശീലം കാത്തുസൂക്ഷിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു വിശുദ്ധ തോമസെന്ന് അനുസ്മരിച്ച പാപ്പാ, കൂടുതല്‍ വേഗതയിലും എളുപ്പത്തിലും എല്ലാം ലഭ്യമാകണമെന്ന് കരുതുന്ന ഒരു ലോകത്തിന് മുന്നില്‍ ഇത്തരമൊരു ജീവിതം വേറിട്ടുനില്‍ക്കുന്നതാണെന്ന് പ്രസ്താവിച്ചു. അദ്ദേഹത്തിന്റെ ലാളിത്യത്തോടെയും സമചിത്തതയോടെയുമുള്ള പെരുമാറ്റവും ജോലിയിലുള്ള സമര്‍പ്പണമനോഭാവവും നമുക്ക് ലഭിച്ച കഴിവുകളെ തിരിച്ചറിഞ്ഞ് സമര്‍പ്പണമനോഭാവത്തോടെ സമൂഹത്തിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയെയാണ് ഓര്‍മ്മിപ്പിക്കുന്നതെന്നും പാപ്പാ പറഞ്ഞു.
'ദൈവത്തിന്റെ യാചകന്‍' എന്ന പേര് ലഭിക്കാന്‍ തക്കവിധം, പാവപ്പെട്ടവരോട് സ്‌നേഹം കാണിച്ചിരുന്ന ഒരു വ്യക്തിയാണ് തോമസ് വിയ്യനോവ എന്ന് ഓര്‍മ്മിപ്പിച്ച പാപ്പാ, 'അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ കാത്തുസൂക്ഷിക്കുന്ന നിങ്ങളുടെ ഇടവകയിലെ ഈ സ്‌നേഹത്തിന്റെ സമൂര്‍ത്തമായ അടയാളങ്ങളും പ്രവര്‍ത്തനങ്ങളും ഉണ്ടെന്നാണ് താന്‍ അറിഞ്ഞിട്ടുള്ളതെന്ന്' പറയുകയും, ഇത്തരമൊരു മനോഭാവം തുടരുന്നതിന് നന്ദി പറയുകയും ചെയ്തു.
പാവപ്പെട്ടവന്‍ സഹായം ആവശ്യമുള്ള ഒരു വ്യക്തി മാത്രമല്ല, കര്‍ത്താവിന്റെ കൗദാശികസാന്നിദ്ധ്യം കൂടിയാണെന്ന് ''ദിലേക്‌സി തേ'' (ഉശഹലഃശ ലേ, 44) എന്ന തന്റെ അപ്പസ്‌തോലിക പ്രബോധനം പരാമര്‍ശിച്ചുകൊണ്ട് പാപ്പാ പ്രസ്താവിച്ചു.
ക്രിസ്തുവിന്റെ മാര്‍ഗ്ഗത്തില്‍ മുന്നോട്ട് പോകാന്‍ ഏവരെയും ആഹ്വാനം ചെയ്ത പരിശുദ്ധ പിതാവ്, വിശുദ്ധരുടെ സാക്ഷ്യം ഇതിനായി നമ്മെ പ്രചോദിപ്പിക്കുകയും ധൈര്യം പകരുകയും ചെയ്യുന്നുണ്ടെന്ന് ഓര്‍മ്മിപ്പിച്ചു.