ആത്മീയ ഉണര്‍വിന്റെ വേലിയേറ്റം പ്രതീക്ഷിച്ച് ലിവര്‍പൂള്‍; കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍

 
Annual

ലിവര്‍പൂള്‍: ആഗോള പെന്തെക്കോസ്ത് സമൂഹത്തിലെ പ്രഗത്ഭരായ രണ്ടു വചന പ്രഭാഷകര്‍ ഒരേ വേദിയില്‍ കൈകോര്‍ക്കുന്ന ഐപിസി യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയണ്‍ ലിവര്‍പൂള്‍ കണ്‍വന്‍ഷന്‍ തയാറെടുപ്പുകള്‍ അവസാന ഘട്ടത്തിലെത്തി. ഈമാസം 10 മുതല്‍ 12 വരെ ലിവര്‍പൂളിലെ സെന്റ് ജോണ്‍ ബോസ്‌കോ ആര്‍ട്‌സ് കോളേജിലാണ് (St. John Bosco Arts College, 61 Storrington Avenue, Liverpool, L11 9DQ) ഐപിസി യുകെ & അയര്‍ലണ്ട് റീജിയന്റെ 19-ാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ നടക്കുന്നത്. ഐപിസി ജനറല്‍ ജോയിന്റ് സെക്രട്ടറി പാസ്റ്റര്‍ തോമസ് ജോര്‍ജും, കേരള പി.വൈ.പി.എ (PYPA) പ്രസിഡന്റ് പാസ്റ്റര്‍ ഷിബിന്‍ ജി. സാമുവലുമാണു മുഖ്യ പ്രഭാഷകര്‍.

പാസ്റ്റര്‍ തോമസ് ജോര്‍ജ് ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ ജോയന്റ് സെക്രട്ടറിയായി സേവനമനുഷ്ടിക്കുന്നു. വചനസത്യങ്ങള്‍ ലളിതമായും എന്നാല്‍ അഗാധമായും അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ശൈലി ശ്രദ്ധേയമാണ്.


യുവതലമുറയുടെ ആവേശമായി പാസ്റ്റര്‍ ഷിബിന്‍ ജി. സാമുവല്‍

കേരളത്തിലെ ഏറ്റവും വലിയ പെന്തെക്കോസ്ത് യുവജന പ്രസ്ഥാനമായ പി.വൈ.പി.എയുടെ സംസ്ഥാന പ്രസിഡന്റാണ്. യുവജനങ്ങളെ ആത്മീയ പാതയിലേക്ക് നയിക്കുന്നതിലും സഭയുടെ യുവജന ശാഖയെ ചലനാത്മകമായി നിലനിര്‍ത്തുന്നതിലും അദ്ദേഹം വലിയ പങ്കുവഹിക്കുന്നു. പുതുതലമുറയുടെ ഭാഷയില്‍ വചനം പ്രഘോഷിക്കുന്ന അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ യുവവിശ്വാസികള്‍ക്കു വലിയ ആവേശമാണ് പകരുന്നത്.

കൂടാതെ വിശിഷ്ട അതിഥികളായി ഡോക്ടര്‍ ബിജു തോമസ് (ഒറീസ), ഡോക്ടര്‍ ബാബു ജോണ്‍ വേട്ടമല (യുകെ) എന്നിവര്‍ വചനത്തില്‍ നിന്ന് ഉദ്‌ബോധിപ്പിക്കും.

ലിവര്‍പൂളിലെ സെന്റ് ജോണ്‍ ബോസ്‌കോ ആര്‍ട്‌സ് കോളേജില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ പ്രമുഖരായ ദൈവദാസന്മാരുടെ സാന്നിധ്യം യുകെയിലെയും യൂറോപ്പിലെയും വിശ്വാസസമൂഹത്തിന് വലിയ ആത്മീയ ഉണര്‍വ് നല്‍കുമെന്നു സംഘാടകര്‍ അറിയിച്ചു. റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.

ലിവര്‍പൂളിലെ കണ്‍വന്‍ഷന്‍ വേദിയില്‍ വചനത്തിന്റെ അഗ്‌നിപ്പകര്‍ച്ചയാണു പ്രതീക്ഷിക്കുന്നത്. യോഗങ്ങള്‍ ആമേന്‍ ടിവി (Amen TV) വഴി തത്സമയം വീക്ഷിക്കാവുന്നതാണ്. ക്വയര്‍ കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ ജോണ്‍ മാത്യുവിന്റെ നേതൃത്ത്വത്തില്‍ റീജിയന്‍ ക്വയര്‍ നയിക്കുന്ന ഹൃദ്യമായ ആരാധനയും കണ്‍വന്‍ഷന്റെ സവിശേഷതയായിരിക്കും.

ഈ ആത്മീയ പാരമ്പര്യത്തിന്റെ തുടര്‍ച്ചയായി, കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ കേരളത്തില്‍ നിന്നുള്ള വിശ്വാസികള്‍-പ്രത്യേകിച്ച് പെന്തെക്കോസ്ത് വിശ്വാസികള്‍-ലിവര്‍പൂളില്‍ എത്തി താമസമാക്കിയതിനു പിന്നാലെയാണ് ഇവിടെ പുതിയൊരു ആത്മീയ അധ്യായം ആരംഭിക്കുന്നത്. ഇന്ന് ലിവര്‍പൂള്‍, യുകെയിലെ പെന്തെക്കോസ്ത് വിശ്വാസികളുടെ ഒരു പ്രധാന ആത്മീയ കേന്ദ്രമായി മാറിയിട്ടുണ്ട്.

കണ്‍വന്‍ഷന്‍ കോര്‍ഡിനേറ്ററും റീജിയന്‍ വൈസ് പ്രസിഡന്റുമായ പാസ്റ്റര്‍ വില്‍സന്‍ ബേബി, മറ്റ് ഭാരവാഹികളായ പാസ്റ്റര്‍ ഡിഗോള്‍ ലൂയിസ് (സെക്രട്ടറി), പാസ്റ്റര്‍ വിനോദ് ജോര്‍ജ് (ജോയിന്റ് സെക്രട്ടറി), ബ്രദര്‍ ജോണ്‍ മാത്യു (ട്രഷറര്‍), പാസ്റ്റര്‍ പി.സി സേവ്യര്‍ (അഡ്മിനിസ്‌ട്രേറ്റര്‍), ബ്രദര്‍ തോമസ് മാത്യു (നോര്‍ത്ത് അയര്‍ലന്റ് കോ-ഓര്‍ഡിനേറ്റര്‍), ട്രസ്റ്റി അംഗങ്ങള്‍ ബ്ര.തോമസ് കുഞ്ഞച്ചന്‍, ബ്ര. മാത്യു സാം എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് പൂര്‍ത്തിയായിവരുന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലെ പെന്തെക്കോസ്തു സഭകളുടെ ആത്മീയ ഐക്യത്തിനും ഉണര്‍വിനും ഈ കണ്‍വന്‍ഷന്‍ വലിയ പ്രചോദനമാകുമെന്നു സംഘാടകര്‍ അറിയിച്ചു.

Tags

Share this story

From Around the Web