സുവിശേഷത്തിന്റെ വഴിയില്‍ ഐക്യത്തിനും സമാധാനത്തിനും സാക്ഷികളായി ജീവിക്കുക: ലിയോ പാപ്പാ

 
leo papa


സുവിശേഷത്തിന്റെ പാതയില്‍ സഞ്ചരിക്കാന്‍ സാന്‍ മരീനോയിലെ വിശ്വാസിസമൂഹത്തെ ആഹ്വാനം ചെയ്തും, ലോകത്തിലെ തന്നെ ചെറുരാജ്യങ്ങളില്‍ ഒന്നായ സാന്‍ മരീനോയുടെ സ്ഥാപകരായി കണക്കാക്കപ്പെടുന്ന വിശുദ്ധ മരീനോയും ലിയോയുടെയും മാതൃക ഉയര്‍ത്തിക്കാട്ടിയും പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്‍ പാപ്പാ. 


സാന്‍ മരീനോയിലേക്കും, റിമിനി നഗരത്തിലേക്കും നടത്തിയ അജപാലന സന്ദര്‍ശനത്തിന്റെ ഭാഗമായി, സാന്‍ മരീനോ ബസലിക്കയില്‍ വച്ച് രാജ്യത്തെ വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ്, ഇത്തരമൊരു ആഹ്വാനം പരിശുദ്ധ പിതാവ് മുന്നോട്ട് വച്ചത്.

ആരാധന, വിശുദ്ധ മരീനോയുടെയും ലിയോയുടെയും അനുസ്മരണം

വിശുദ്ധ കുര്‍ബാനയുടെ ആരാധനയും, വിശുദ്ധ മരീനോയുടെ തിരുശേഷിപ്പിന്റെ വണക്കവും ഉള്‍ച്ചേര്‍ന്ന ഈ സമ്മേളനത്തിന്റെ അവസാനം നടത്തിയ തന്റെ പ്രഭാഷണത്തില്‍, സുവിശേഷ മൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താനും, സമൂഹത്തില്‍ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സാക്ഷികളാകാനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.

വിശുദ്ധ മരീനോയും ലിയോയും, സ്വാതന്ത്ര്യം, പരസ്പരബഹുമാനം കൂട്ടായ്മ, തുടങ്ങിയ ക്രൈസ്തവമൂല്യങ്ങളില്‍ അടിത്തറയിട്ട ജീവിതത്തിലൂടെയാണ് സാക്ഷ്യമേകിയതെന്ന് പറഞ്ഞ പരിശുദ്ധ പിതാവ്, ഈ പാരമ്പര്യം ഇന്നത്തെ സഭയും പൊതുസമൂഹവും തീക്ഷണതയോടെയും വിശ്വസ്തതയോടെയും ആത്മാര്‍ത്ഥതയോടെയും മുറുകെപ്പിടിക്കുകയും മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യേണ്ടതുണ്ടെന്ന് ഓര്‍മ്മിപ്പിച്ചു. 

സാന്‍ മരീനോ-മോന്തെഫെല്‍ത്രോ രൂപതയുടേത് ശക്തമായ വിശ്വാസത്തിന്റെയും ധൈര്യത്തിന്റെയും ചരിത്രമാണെന്ന് പരിശുദ്ധ പിതാവ് പ്രസ്താവിച്ചു.

യുവാക്കളും സ്വപ്നങ്ങളും

സാന്‍ മരീനോയിലെ യുവജനങ്ങളെ അഭിവാദ്യം ചെയ്ത് സംസാരിക്കവെ, അനന്തതയിലേക്ക് തുറന്ന ഒരു ജാലകം പോലെ, തുറന്ന ഹൃദയത്തിന്റെ ഉടമകളാകാന്‍ പരിശുദ്ധ പിതാവ് ക്ഷണിച്ചു. 


സൗന്ദര്യം, നന്മ, ജീവന്‍ എന്നിവയോടുള്ള ആഗ്രഹങ്ങളെ പിന്തുടരുന്നതിലൂടെ ദൈവത്തെ കണ്ടെത്താന്‍ പരിശ്രമിക്കേണ്ടതുണ്ടെന്ന് ഉദ്ബോധിപ്പിച്ച പാപ്പാ, വിവാഹജീവിതം, സമര്‍പ്പിതജീവിതം, പൗരോഹിത്യശുശ്രൂഷ, തൊഴില്‍മേഖല, സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ഉത്തരവാദിത്വപൂര്‍ണ്ണമായ മേഖലകളില്‍ ധൈര്യപൂര്‍വ്വം തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ മടിക്കരുതെന്ന് ഓര്‍മ്മിപ്പിച്ചു..

കുടുംബവും സഭയും

കുട്ടികളുടെ വിശ്വാസപരമായ വളര്‍ച്ചയില്‍ മാതാപിതാക്കള്‍ക്കൊപ്പം വൈദികര്‍, മതബോധകര്‍, അധ്യാപകര്‍ എന്നിവര്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് അനുസ്മരിച്ച പാപ്പാ, വിദ്യാഭ്യാസരംഗത്തും കുടുംബങ്ങളും സഭാസമൂഹങ്ങളും തമ്മിലുള്ള സഹകരണം അനിവാര്യമാണെന്ന് ഓര്‍മ്മിപ്പിച്ചു..

സംഘര്‍ഷങ്ങളും ഐക്യവും

ലോകത്തിന്റെ വിവിധയിടങ്ങളില്‍ അവസാനമില്ലാതെയും മരണവും നാശനഷ്ടങ്ങളും വിതച്ചും തുടരുന്ന സംഘര്‍ഷങ്ങളുടെയും യുദ്ധങ്ങളുടെയും പശ്ചാത്തലത്തില്‍ സംസാരിച്ച പാപ്പാ, അക്രമചിന്തകളും ഭയവും വിഭജന മനോഭാവവും നിലനില്‍ക്കുന്ന സമകാലീന സാഹചര്യത്തില്‍ സുവിശേഷത്തിന്റെ പാതയിലൂടെ കൂടുതല്‍ ഉറച്ചുനടക്കുകയാണ് ക്രൈസ്തവര്‍ ചെയ്യേണ്ടതെന്ന് ഉദ്ബോധിപ്പിച്ചു. 

ദുര്‍ബലരോടുള്ള കരുതല്‍, ക്ഷമ, ഒരുമ, ഐക്യദാര്‍ഢ്യം തുടങ്ങിയ മൂല്യങ്ങള്‍ സമൂഹത്തിന്റെ അടിത്തറയാകണമെന്നും പരിശുദ്ധ പിതാവ് കൂട്ടിച്ചേര്‍ത്തു..

കൂട്ടായ്മയുടെ പ്രാധാന്യം എടുത്തുപറഞ്ഞ ലിയോ പതിനാലാമന്‍ പാപ്പാ, ഇടവകകള്‍ക്കിടയിലും ഇടവകകള്‍ക്കുള്ളിലും വൈദികരും വിശ്വാസികളും തമ്മിലും ഐക്യത്തിന്റെയും സഹോദര്യത്തിന്റെയും സാക്ഷ്യം തുടരേണ്ടതുണ്ടെന്ന് ഓര്‍മ്മിപ്പിച്ചു. 

Tags

Share this story

From Around the Web