ക്രിസ്തുവിൽ പൂർണ്ണവും ആധികാരികവുമായ ജീവിതം നയിക്കുക: പാപ്പാ
വിശ്വാസത്തിനു വേണ്ടി ജീവത്യാഗം ചെയ്ത ധൈര്യശാലിയായ വിശുദ്ധ ദേവോത്തയുടെ, മാതൃക എടുത്തു പറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്.
വിശുദ്ധയുടെ എല്ലാ ഓർമ്മകളും മായ്ച്ചുകളയാൻ പലരും പരിശ്രമിച്ചുവെങ്കിലും, അവളുടെ ത്യാഗം, സുവിശേഷത്തിലെ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം കൂടുതൽ മുന്നോട്ട് കൊണ്ടുപോയതു പാപ്പാ ചൂണ്ടിക്കാണിച്ചു.
നന്മ തിന്മയേക്കാൾ ശക്തമാണെന്ന വസ്തുത പ്രതിഫലിപ്പിക്കാൻ ഇത് നമ്മെ സഹായിക്കുന്നുവെന്നും, ഇത് ഇന്നത്തെ സാഹചര്യത്തിലും നമ്മുടെ വിശ്വാസജീവിതത്തിനു പ്രതീക്ഷയും സാധ്യതയും പ്രദാനം ചെയ്യുന്നുവെന്നും പാപ്പാ പറഞ്ഞു.
യുവജനങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ കാർലോ അക്കൂത്തിസിന്റെ മാതൃകയും അദ്ദേഹം എടുത്തുപറഞ്ഞു.
വിശ്വാസം വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും അഭിമുഖീകരിക്കുമ്പോഴും, ഇന്നും നിരവധി ആളുകൾ കർത്താവിനെ അറിയാനും, മാമോദീസ സ്വീകരിച്ച് സഭയിൽ അംഗങ്ങൾ ആകുവാനും ആഗ്രഹിക്കുന്നുവെന്നത് യാഥാർഥ്യമാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി.
ക്രിസ്തുവുമായുള്ള ബന്ധത്തിന്റെ ചൈതന്യം, നാമും മറ്റുളവരുമായുമുള്ള ഐക്യത്തിന്റെ ബന്ധമാണെന്നു എടുത്തു പറഞ്ഞ പാപ്പാ, ജീവിതത്തിന്റെ ഐക്യത്തിന്റെ വേരുകൾ ഹൃദയത്തിലാണെന്നും, അത് ദൈവത്തിന്റെ ദാനമാണെന്നും, എളിമയോടുകൂടി അതിനായി നാം യാചിക്കണമെന്നും അടിവരയിട്ടു.
ആധുനികവും ഉത്തരാധുനികവുമായ കാലം, എല്ലാ മേഖലകളിലും നിരവധി നേട്ടങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്നും, എന്നാൽ വ്യക്തതയോടും, അവബോധത്തോടും കൂടി വേണം നാം അവയെ സമീപിക്കുവാനെന്നു പാപ്പാ മുന്നറിയിപ്പ് നൽകി.
എന്നാൽ ജീവിതത്തിന് ദൃഢത നൽകുന്നത് സ്നേഹമാണെന്നും, അത് അടിസ്ഥാനമായി ദൈവസ്നേഹവും, പരസ്പര സ്നേഹവുമാണെന്നും പാപ്പാ എടുത്തുപറഞ്ഞു.
ഈ സ്നേഹം വളർത്തുന്നതിന്, വിശ്വസ്തത, സ്ഥിരത, ദൈനംദിന ജീവിതത്തിൽ ത്യാഗം ചെയ്യാനുള്ള സന്നദ്ധത എന്നിവ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭൗതികവും ക്ഷണികവുമായ കാര്യങ്ങൾ കൊണ്ടല്ല, മറിച്ച്, പരിശുദ്ധാത്മാവിന്റെ കൃപയാലാണ് യഥാർത്ഥ സന്തോഷം കണ്ടെത്തുവാൻ കഴിയുന്നതെന്നും പറഞ്ഞു.
ഇവയ്‌ക്കെല്ലാം പ്രാർത്ഥന, നിശബ്ദത, ശ്രവണം എന്നിവ ആവശ്യമാണെന്നും, വിശുദ്ധ കുർബാനയുടെ പ്രാധാന്യം ഉൾക്കൊള്ളണമെന്നും, വിശുദ്ധ കാർലോ അക്കൂത്തിസിനെ ഉദ്ധരിച്ച് പറഞ്ഞു. ഈസ്റ്റർ ദിവസം വിശുദ്ധ മാമോദീസ സ്വീകരിച്ച് സഭയുടെ മക്കളാകുവാൻ ഒരുങ്ങുന്നവരെയും പാപ്പാ പ്രത്യേകം അഭിസംബോധന ചെയ്തു.
യേശുവിന്റെ പീഡാനുഭവങ്ങളെ കുറിച്ച് ധ്യാനിക്കുന്നതും, ആത്മാവിന്റെ സ്വരം ശ്രവിക്കുന്നതും, കഴിഞ്ഞതും, ഇപ്പോൾ നയിക്കുന്നതുമായ ജീവിതത്തെ പറ്റി വിചിന്തനം ചെയ്യുന്നതും വിശുദ്ധ വാരത്തിന്റെ ആത്മീയചര്യകളാണെന്നു ഓർമ്മപ്പെടുത്തിയ പാപ്പാ, വെല്ലുവിളികളുടെ അവസരത്തിൽ നമ്മെ ധൈര്യപ്പെടുത്തുന്നത് ആത്മാവാണെന്നും, സുവിശേഷത്തെ ഉദ്ധരിച്ച് എടുത്തു പറഞ്ഞു.
സ്നേഹവും വിശ്വാസവും, കൈമോശം വരാതെ കാത്തുസൂക്ഷിക്കണമെന്നും പാപ്പാ പറഞ്ഞു.
ജീവിതത്തിന്റെ അവസാനം വരെ വിശുദ്ധിയോടെ ജീവിക്കുവാൻ, ഇരു വിശുദ്ധരെയും ശക്തിപ്പെടുത്തിയ പാത വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും ആണെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു.
കാലത്തിന്റെ ഒഴുക്കുകളെ മറികടക്കാനും അതിന്റെ വെല്ലുവിളികളെ നേരിടാനും എല്ലാറ്റിനുമുപരിയായി ദൈവത്തോടും, അയൽക്കാരനോടും സ്നേഹത്തിന്റെ നല്ല ബന്ധം ഊട്ടിയുറപ്പിക്കുവാനും, ലോകത്തിന് യുവജനങ്ങളുടെ സാക്ഷ്യം ആവശ്യമാണെന്നും പാപ്പാ പറഞ്ഞു.
ക്രിസ്തുവിൽ പൂർണ്ണവും ആധികാരികവുമായ ജീവിതം നയിക്കുവാൻ പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.