എമര്‍ജന്‍സി വാര്‍ഡിന് മുന്നില്‍ മദ്യസല്‍ക്കാരം; ബിഹാറിലെ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്, അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

 
beverage



ദര്‍ഭംഗ: മദ്യനിരോധനം കര്‍ശനമായി നടപ്പിലാക്കുന്ന ബിഹാറില്‍ സര്‍ക്കാര്‍ ആശുപത്രിക്ക് ഉള്ളില്‍ നടന്ന ഞെട്ടിക്കുന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. 

ദര്‍ഭംഗ മെഡിക്കല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റലിന്റെ (ഡി.എം.സി.എച്ച്) പുതിയ അടിയന്തര ചികിത്സാ വിഭാഗത്തിന് മുന്നില്‍ വെച്ച് ജീവനക്കാരെന്ന് സംശയിക്കുന്നവര്‍ മദ്യപിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. സംഭവത്തില്‍ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ഔദ്യോഗിക അന്വേഷണം ആരംഭിച്ചു.

ആശുപത്രി കെട്ടിടത്തിലെ പുതിയ എമര്‍ജന്‍സി വാര്‍ഡിനോട് ചേര്‍ന്നുള്ള പടിക്കെട്ടിനും വരാന്തയ്ക്കും ഇടയിലായിരുന്നു ഈ സംഭവങ്ങള്‍ അരങ്ങേറിയത്. മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് വീഡിയോയിലുള്ളത്. ശീതളപാനീയങ്ങളും ലഘുഭക്ഷണങ്ങളും നിരത്തിവെച്ച് പരസ്യമായി മദ്യം വിളമ്പി കുടിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.


ഈ വഴി കടന്നുപോയ ഒരു യുവാവിന് സ്ത്രീകള്‍ ഗ്ലാസില്‍ മദ്യം ഒഴിച്ച് നല്‍കുന്നതും, യാതൊരു കൂസലുമില്ലാതെ അയാള്‍ അത് വാങ്ങി കുടിക്കുന്നതും വീഡിയോയില്‍ കാണാം. ജൂണ്‍ ഒന്‍പതാം തീയതിയുടേതാണ് ഈ ദൃശ്യങ്ങള്‍ എന്നാണ് സിസിടിവിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ സംഭവം വലിയ പൊതുരോക്ഷത്തിനാണ് വഴിവെച്ചിരിക്കുന്നത്. 

രോഗികളും ബന്ധുക്കളും നിരന്തരം വന്നുപോകുന്ന ഒരു സര്‍ക്കാര്‍ ആശുപത്രിയുടെ എമര്‍ജന്‍സി വാര്‍ഡിന് മുന്നില്‍ ഇത്തരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നത് ആരോഗ്യമേഖലയ്ക്ക് തന്നെ വലിയ അപമാനമാണെന്ന് പൊതുജനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. മദ്യലഹരിയില്‍ ജീവനക്കാര്‍ ഇത്തരത്തില്‍ പെരുമാറുന്നത് രോഗികളുടെ ജീവന് തന്നെ ഭീഷണിയാണെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ജഗദീഷ് ചന്ദ്ര അടിയന്തര അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ദര്‍ഭംഗ എസ്.എസ്.പിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ബെന്താ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദൃശ്യങ്ങളില്‍ ഉള്ളവര്‍ ആശുപത്രി ജീവനക്കാര്‍ തന്നെയാണോ എന്നും, മദ്യം എവിടെനിന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത് എന്നും പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയമായി പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Tags

Share this story

From Around the Web