സംസ്ഥാനത്ത് 48 മണിക്കൂർ മദ്യനിരോധനം; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
Apr 7, 2026, 12:26 IST
തിരുവനന്തപുരം: ഏപ്രിൽ 9-ന് നടക്കുന്ന വോട്ടെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇന്ന് വൈകിട്ട് 6 മണി മുതൽ വോട്ടെടുപ്പ് ദിവസമായ ഏപ്രിൽ 9 വൈകിട്ട് 6 മണി വരെ സംസ്ഥാനത്തെ മദ്യശാലകൾ പ്രവർത്തിക്കില്ല. വിദേശമദ്യ ചില്ലറ വില്‍പ്പനശാലകൾ, ബാറുകൾ, കള്ളുഷാപ്പുകൾ എന്നിവയുൾപ്പെടെ എല്ലാ മദ്യ വിതരണ കേന്ദ്രങ്ങൾക്കും ഈ 48 മണിക്കൂർ ഡ്രൈ ഡേ ബാധകമായിരിക്കും.
തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണവും ഇന്ന് വൈകിട്ട് 6 മണിയോടെ അവസാനിക്കുകയാണ്. പ്രചാരണ സമയം കഴിയുന്നതോടെ മണ്ഡലത്തിന് പുറത്തുനിന്നുള്ള രാഷ്ട്രീയ പ്രവർത്തകരും ഭാരവാഹികളും ഉടൻ മണ്ഡലം വിട്ടുപോകണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു ഖേല്‍ക്കര്‍ നിർദ്ദേശം നൽകിയിട്ടുണ്ട്. വോട്ടെടുപ്പ് സമാധാനപരമായി നടക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടികൾ.