രക്ഷയിലേക്കു വളര്‍ന്നുവരേണ്ടതിന് നിങ്ങള്‍ പരിശുദ്ധവും ആത്മീയ വുമായ പാലിനുവേണ്ടി ഇളം പൈതങ്ങളെ പ്പോലെ ദാഹിക്കുവിന്‍- സന്ധ്യാപ്രാര്‍ത്ഥന

പിതാവായ ദൈവമേ... അവിടുത്തെ അനന്ത കാരുണ്യത്താല്‍ സ്വപുത്രനെ മനുഷ്യ രക്ഷയ്ക്കായി ഈ ഭൂമിയിലേയ്ക്ക് അയ്ക്കുവാന്‍ അങ്ങ് തിരുമനസ്സായല്ലോ. ഞങ്ങളുടെ രക്ഷയ്ക്ക് വേണ്ടി അവിടുത്തെ പുത്രനെ ഭൂമിയിലേയ്ക്ക് അയച്ചപ്പോള്‍ പാപരഹിതയായി പിറന്ന, ദൈവ കൃപ നിറഞ്ഞ പരിശുദ്ധ കന്യക മറിയത്തെ അവിടുന്ന് ദൈവപുത്രന് അമ്മയായി തിരഞ്ഞെടുത്തു. ഇന്ന് പരിശുദ്ധ അമ്മയുടെ മധ്യസ്ഥത്താല്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്ന എല്ലാ അനുഗ്രഹങ്ങളും അവിടുന്ന് വാങ്ങി തരണമേ. നല്ല ദൈവമേ പ്രത്യാശ നഷ്ടപെട്ട ജീവിതങ്ങളെ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു. അവരുടെ മേല്‍ കരുണയായിരിക്കണമേ. ആത്മഹത്യാ പ്രവണതയുള്ള മക്കള്‍, കൊലപാതകികള്‍, ഭ്രൂണഹത്യ എന്ന പാപത്തിലൂടെ കടന്ന് പോയവര്‍ എല്ലവരെയും അമ്മയുടെ സന്നിധിയില്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു. കന്യക മറിയമേ, അവരുടെ മേല്‍ അങ്ങയുടെ കരുണ വര്‍ഷിക്കണമേ. പുത്രനില്‍ നിന്ന് അവര്‍ക്ക് അങ്ങ് ആശ്വാസം വാങ്ങി നല്‍കണമേ. നന്മ നിറഞ്ഞ മറിയമേ, അവിടുത്തെ സന്നിധിയില്‍ അണയുന്ന ഒരുവനെ പോലും 'അമ്മ ഉപേക്ഷിക്കുന്നില്ലല്ലോ. ജീവിതത്തില്‍ പല കാരണങ്ങള്‍ കൊണ്ട് നിരാശ ബാധിച്ചു കഴിയുന്നവര്‍ ഉണ്ട്. ഇനിയും വീണ്ടെടുക്കുവാന്‍ ആകാത്ത വിധം ജീവിതം തകര്‍ന്നു പോയിയെന്ന് വിഷമിക്കുന്നവരുണ്ട്. എല്ലാവര്‍ക്കും അമ്മയുടെ സാന്നിദ്ധ്യം ആശ്വാസം പകരട്ടെ. ജീവിത വഴികളില്‍ തളര്‍ന്നു പോയ മക്കളെ ഓര്‍ക്കുന്നു. സാമ്പത്തിക പരാധീനതകളാല്‍ തകര്‍ന്നു പോയ മക്കള്‍ക്ക് 'അമ്മ ദൈവസന്നിധിയില്‍ നിന്നും അനുഗ്രഹം വാങ്ങി നല്‍കണമേ.ഈ ലോകത്തിന്റെ അന്ധകാരത്തില്‍ മുഴുകി കഴിയുന്ന മക്കള്‍ക്ക് വിടുതല്‍ ലഭിയ്ക്കുവാന്‍ പ്രാര്‍ത്ഥിക്കണമേ. കര്‍ത്താവെ ഇന്നേ ദിനത്തില്‍ പരിശുദ്ധ 'അമ്മ വഴി ഞങ്ങള്‍ സമര്‍പ്പിക്കുന്ന എല്ലാ പ്രാര്‍ത്ഥനകളും നിറവേറ്റി നല്‍കണമേ... ആമേന്‍