ഗാസ മുനമ്പില്‍ ജനജീവിതം ഏറെ ദുസ്സഹമാണ്: ഫാ. റോമനെല്ലി
ഇറാനെതിരായ ഇസ്രായേലി-യുഎസ് സംയുക്ത ആക്രമണങ്ങളുമായി ബന്ധപ്പെട്ട പ്രാദേശിക സംഘര്‍ഷങ്ങളുടെ ഭാഗമായി ഗാസ മുനമ്പിലേക്കുള്ള പ്രവേശനം, മറ്റൊരറിയിപ്പ് ഉണ്ടാകുന്നതുവരെ അനിശ്ചിത കാലത്തേക്ക്, ഇസ്രായേലി പ്രതിരോധ മന്ത്രാലയം അടച്ചു. ഇതിന്റെ പരിണിതഫലങ്ങള്‍ അനുഭവിക്കേണ്ടതായി വരുന്നത് സാധാരണക്കാരായ ജനതയാണെന്നു ഫാദര്‍ റൊമാനെല്ലി പങ്കുവച്ചു.
മാനുഷിക സഹായവും അവശ്യവസ്തുക്കളും ഗാസ മുനമ്പിലേക്ക് കൊണ്ടുവരുന്നതിനും, വൈദ്യസഹായം ആവശ്യമുള്ള രോഗികള്‍ക്ക് മറ്റു ഇടങ്ങളിലേക്ക് പോകുന്നതിനും ഈ പ്രവേശനം അടക്കുന്നതിലൂടെ സാധിക്കാതെ വരും.
കുടിയിറക്കപ്പെട്ട ജനസംഖ്യയുടെ ഒരു പ്രധാന ഭാഗം അഭയം തേടിയിരിക്കുന്ന ഗാസ നഗരത്തില്‍, സ്ഥിതിഗതികള്‍ 'ദുരന്തകരവും ഭയാനകവും' ആണെന്നാണ് ഫാദര്‍ ഗബ്രിയേലെ റൊമാനെല്ലി വിലയിരുത്തുന്നത്. സാധനങ്ങളുടെ ലഭ്യതകുറവ് മാത്രമല്ല, വരുമാനക്കുറവും ജനത നേരിടുന്ന വലിയ പ്രശ്‌നമാണെന്നു അദ്ദേഹം എടുത്തു പറഞ്ഞു.
ബോംബാക്രമണത്തില്‍ കുടിവെള്ളം ലഭിക്കുന്ന ഇടങ്ങള്‍ നശിപ്പിക്കപ്പെട്ടതിനാല്‍, അഞ്ച്, പത്ത്, പതിനഞ്ച് ലിറ്റര്‍ കുടിവെള്ളത്തിനായി ആളുകള്‍ ചിലപ്പോള്‍ ഒന്നോ രണ്ടോ മൂന്നോ നാലോ മണിക്കൂര്‍ കാത്തിരിക്കേണ്ടിവരുന്നതായും ഫാദര്‍ റൊമാനെല്ലി പറഞ്ഞു.
ജനസംഖ്യയുടെ മാനസികാവസ്ഥയെ കുറിച്ച് പറയുമ്പോള്‍, ദൈവത്തിലുള്ള വിശ്വാസവും പ്രത്യാശയും ശക്തമായി ഉണ്ടെങ്കിലും, മാനുഷിക ബന്ധത്തില്‍ ഏറെ ദുര്‍ബലത ജനത അനുഭവിക്കുന്നുവെന്നു അദ്ദേഹം പങ്കുവച്ചു.
ഭൗതികമായ ആവശ്യങ്ങള്‍ക്ക് മാനുഷിക സഹായം ആവശ്യം എന്നതുപോലെ, ജനങ്ങളുടെ ജീവിതത്തിന്റെ ധാര്‍മ്മികവും അസ്തിത്വപരവുമായ പുനര്‍നിര്‍മ്മാണത്തിനും ഏറെ സഹായങ്ങള്‍ ആവശ്യമായി വരുമെന്നും ഫാദര്‍ റൊമാനെല്ലി അഭിപ്രായപ്പെട്ടു.