ലിബിയയില്‍ തീവ്രവാദികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ കോപ്റ്റിക് രക്തസാക്ഷിയുടെ നാമത്തില്‍ ആദ്യ ഇടവക

 
cockpit

ടെക്സസ്: ലിബിയയില്‍ തീവ്രവാദികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ 21 ക്രൈസ്തവരില്‍ ഒരാളായിരുന്ന ഗാനയന്‍ രക്തസാക്ഷി വിശുദ്ധ മാത്യു അയാരിഗയുടെ നാമത്തില്‍ ലോകത്തിലെ ആദ്യ കത്തോലിക്കാ ഇടവക സ്ഥാപിക്കുന്നു. 

യുഎസിലെ ടെക്സസിലുള്ള ആര്‍ലിംഗ്ടണില്‍  2027 ജനുവരിയില്‍  പുതിയ ഇടവക ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിക്കും.

2015 ഫെബ്രുവരി 15-നാണ് ലോകത്തെ നടുക്കിയ ആ ക്രൂരകൃത്യം ലിബിയയിലെ സിര്‍തെ കടല്‍ത്തീരത്ത് അടങ്ങിയത്. നിര്‍മാണ തൊഴിലാളികളായ 21 ക്രിസ്ത്യാനികളെ ഐസിസ് ഭീകരര്‍ തട്ടിക്കൊണ്ടുപോവുകയും തുടര്‍ന്ന് ശിരച്ഛേദം ചെയ്യുകയുമായിരുന്നു.  

ഇതില്‍ 20 പേരും ഈജിപ്തില്‍ നിന്നുള്ള കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭാംഗങ്ങളായിരുന്നു. സംഘത്തിലെ ഒരേയൊരു കറുത്തവര്‍ഗക്കാരനും ഗാനയന്‍ സ്വദേശിയുമായിരുന്നു മാത്യു അയാരിഗ.  

ഭീകരര്‍ അദ്ദേഹത്തോട് വിശ്വാസത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, 'അവരുടെ ദൈവമാണ് എന്റെ ദൈവം' എന്നായിരുന്നു മാത്യു ധീരമായി മറുപടി നല്‍കിയത്.

സ്വന്തം ജീവന്‍ രക്ഷിക്കാന്‍ അവസരമുണ്ടായിരുന്നിട്ടും വിശ്വാസത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച ഈ 21 പേരെയും 2015 ഫെബ്രുവരി 21-ന് കോപ്റ്റിക് സഭാതലവന്‍ തവാദ്രോസ് രണ്ടാമന്‍  വിശുദ്ധരായി പ്രഖ്യാപിച്ചു.  


2023 മേയ് 11-ന് വത്തിക്കാനില്‍ വച്ച് തവാദ്രോസ് രണ്ടാമന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇരു സഭകളും തമ്മിലുള്ള കൂട്ടായ്മയെ അടയാളപ്പെടുത്തിക്കൊണ്ട് പാപ്പ  ഈ 21 രക്തസാക്ഷികളെയും കത്തോലിക്കാ സഭയുടെ  വിശുദ്ധരുടെയും രക്തസാക്ഷികളുടെയും ഔദ്യോഗിക പട്ടികയായ റോമന്‍ മാര്‍ട്ടിയോളജിയില്‍ ഉള്‍പ്പെടുത്തി.  ഫെബ്രുവരി 15-നാണ് ഇരുസഭകളിലും ഇവരുടെ തിരുനാള്‍ ആഘോഷിക്കുന്നത്.

ആര്‍ലിംഗ്ടണിലെ  മെത്തഡിസ്റ്റ് ദേവാലയ കെട്ടിടം പുതുക്കിപ്പണിതാണ് വിശുദ്ധ മാത്യു അയാരിഗയുടെ നാമത്തിലുള്ള കത്തോലിക്കാ ദേവാലയമായി കൂദാശ ചെയ്യുന്നത്. യുഎസിലെ ഗാനയന്‍ സമൂഹത്തിനുള്ള ആദ്യ ഇടവക കൂടെയാണ് വിശുദ്ധ മാത്യു ആയാരിഗയുടെ നാമത്തിലുള്ള ഇടവക. 


ദേവാലയ കൂദാശയോടനുബന്ധിച്ച് നടക്കുന്ന ചടങ്ങുകളില്‍ ഗാനയിലെ കുമാസി ആര്‍ച്ചുബിഷപ് ഗബ്രിയേല്‍ അനോക്യെ, മറ്റ് ബിഷപ്പുമാര്‍, വടക്കേ അമേരിക്കയിലെ ഗാനയന്‍ സമൂഹത്തിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

2027 ജനുവരി 29 മുതല്‍ 31 വരെയുള്ള വാരാന്ത്യത്തില്‍ നടക്കുന്ന മൂന്ന് വിശുദ്ധ കുര്‍ബാനകളോടെയാണ് ദേവാലയ പ്രതിഷ്ഠ നടത്തുന്നത്.

Tags

Share this story

From Around the Web