നന്ദി പറഞ്ഞു തുടങ്ങാം; ജീവിതം മാറുന്നത് കാണാം
'നന്ദി'. ഈ രണ്ടക്ഷരം കേവലം ഒരു മര്യാദയുടെയോ വാക്കിന്റെയോ രൂപം മാത്രമല്ല, മറിച്ച് ഒരു വ്യക്തിയുടെ ജീവിതത്തെയും ചിന്താഗതിയെയും ആഴത്തില്‍ സ്വാധീനിക്കാന്‍ കഴിയുന്ന മഹത്തായ ഒരു വികാരമാണ്. ദൈനംദിന ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ നമുക്ക് ലഭിച്ച നന്മകളെയും മറ്റുള്ളവരുടെ സഹായങ്ങളെയും തിരിച്ചറിയുകയും അതില്‍ നന്ദിയുള്ളവരായിരിക്കുകയും ചെയ്യുക എന്നത് മനസ്സിന് സന്തോഷവും സമാധാനവും നല്‍കുന്ന ഒന്നാണ്. നന്ദിയുള്ള ഒരു മനോഭാവം ജീവിതത്തില്‍ വളര്‍ത്തിയെടുക്കുമ്പോള്‍ ഉണ്ടാകുന്ന പ്രധാന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
മാനസികാരോഗ്യവും സന്തോഷവും വര്‍ധിക്കുന്നു
നമുക്ക് ലഭിക്കാത്ത കാര്യങ്ങളെക്കുറിച്ച് ഓര്‍ത്ത് സങ്കടപ്പെടുന്നതിന് പകരം, നമ്മുടെ കൈവശമുള്ള കൊച്ചു കൊച്ചു കാര്യങ്ങളില്‍ നന്ദിയുള്ളവരാകുമ്പോള്‍ മസ്തിഷ്‌കം കൂടുതല്‍ സന്തോഷം നല്‍കുന്ന ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്നു. ഇത് വിഷാദം, ഉത്കണ്ഠ, അനാവശ്യ സമ്മര്‍ദം എന്നിവ കുറയ്ക്കാനും മനസ്സിന് ശാന്തത നല്‍കാനും സഹായിക്കുന്നു. ഇല്ലായ്മകളെക്കാള്‍ ഉള്ളതിലേക്ക് നമ്മള്‍ നോക്കുമ്പോള്‍ അത് നമ്മുടെ ഉള്ളില്‍ നിറയ്ക്കുന്ന പോസിറ്റിവ് എനര്‍ജി വളരെ വലുതായിരിക്കും. ഒപ്പം കൂടുതല്‍ നല്ലകാര്യങ്ങള്‍ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുവാന്‍ ഈ നന്ദിയുടെ മനോഭാവം വഴിയൊരുക്കുകയും ചെയ്യുന്നുണ്ട്.
നല്ല ബന്ധങ്ങള്‍ രൂപപ്പെടുന്നു
ഓര്‍ക്കുക, നമ്മള്‍ ചെയ്ത നിസാരമായ ഒരു കാര്യം. അതിനു ഒരാള്‍ ഹൃദയം നിറഞ്ഞു നന്ദി പറയുമ്പോള്‍ ആ വ്യക്തിയെ പിന്നീട് നമ്മള്‍ ഒരിക്കലും മറക്കാന്‍ ഇടയില്ല. ഇതുപോലെ തന്നെയാണ് നാമും ഹൃദയത്തിന്റെ ഉള്ളില്‍ നിന്ന് നന്ദി പറയുമ്പോള്‍ സംഭവിക്കുന്നത്. മറ്റുള്ളവര്‍ നമുക്കായി ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ക്ക് പോലും നന്ദി പ്രകടിപ്പിക്കുമ്പോള്‍, അത് അവരോടുള്ള ബഹുമാനവും സ്‌നേഹവുമാണ് വ്യക്തമാക്കുന്നത്. കുടുംബത്തിലും സൗഹൃദങ്ങളിലും ജോലിസ്ഥലത്തും നന്ദിയുള്ള മനോഭാവം പുലര്‍ത്തുന്നത് ആളുകള്‍ തമ്മിലുള്ള വിശ്വാസവും അടുപ്പവും വര്‍ധിപ്പിക്കുന്നു. ഇത് എല്ലായിടത്തും നല്ല ഒരു സാഹചര്യം വളര്‍ത്താന്‍ ഉപകരിക്കും. തങ്ങളെ അംഗീകരിക്കുന്നു എന്ന് തോന്നുമ്പോള്‍ മറ്റുള്ളവരും നമ്മോട് കൂടുതല്‍ സഹകരണത്തോടെ പെരുമാറും.
ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നു
നന്ദിയുടെ മനോഭാവം വളര്‍ത്തിയെടുക്കുമ്പോള്‍ നമ്മുടെ മാനസിക ആരോഗ്യത്തിനൊപ്പം തന്നെ ശാരീരികമായ ആരോഗ്യവും മെച്ചപ്പെടുന്നു. നന്ദിയുള്ള മനസ്സ് ശാരീരിക ആരോഗ്യത്തെയും പോസിറ്റീവായി സ്വാധീനിക്കുന്നു എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. സന്തോഷമുള്ള മനസ്സ് രക്തസമ്മര്‍ദം കുറയ്ക്കാനും, രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും, നല്ല ഉറക്കം ലഭിക്കാനും സഹായിക്കുന്നു. അനുഗ്രഹങ്ങളിലേക്ക് നോക്കാന്‍ പഠിക്കുമ്പോള്‍ അത് മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനു കാരണമായി മാറുന്നു. ഇതുവഴി പലവിധ ശാരീരിക അസ്വസ്ഥതകളില്‍ നിന്നും നമുക്ക് മുക്തി നേടാനാകും.
പ്രതിസന്ധികളെ നേരിടാനുള്ള കരുത്ത്
ജീവിതത്തില്‍ തിരിച്ചടികളും പരാജയങ്ങളും ഉണ്ടാകുമ്പോള്‍ തളര്‍ന്നുപോകാതെ, ഇപ്പോഴും കൂടെയുള്ള നല്ല കാര്യങ്ങളെ ഓര്‍ത്ത് നന്ദിയുള്ളവരായിരിക്കാന്‍ സാധിച്ചാല്‍, പ്രതിസന്ധികളെ കൂടുതല്‍ കരുത്തോടെ നേരിടാന്‍ കഴിയും. പോസിറ്റീവ് ചിന്താഗതി വളരുന്നതിലൂടെ പ്രശ്‌നങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ പരിഹാരങ്ങള്‍ കണ്ടെത്താന്‍ നാം പ്രാപ്തരാക്കുന്നു. നമ്മുടെ വിജയങ്ങള്‍ക്ക് പിന്നില്‍ സ്വന്തം അദ്ധ്വാനം മാത്രമല്ല, മാതാപിതാക്കള്‍, അധ്യാപകര്‍, സുഹൃത്തുക്കള്‍, കൂടാതെ ദൈവാനുഗ്രഹം എന്നിവയുമുണ്ടെന്ന് തിരിച്ചറിയുമ്പോഴാണ് നന്ദിയുള്ള മനസ്സ് ഉണ്ടാകുന്നത്. ഇത് വ്യക്തികളില്‍ അഹങ്കാരം ഇല്ലാതാക്കാനും വിനയവും ദയയും വളര്‍ത്താനും സഹായിക്കുന്നു.
ഇനി നന്ദിയുള്ളവരായിരിക്കുക എന്നാല്‍ അതൊരു ജീവിത രീതിയാക്കി മാറ്റുക എന്നതാണ് അര്‍ഥമാക്കുന്നത്. രാവിലെ ഉണരുമ്പോള്‍ ലഭിക്കുന്ന പുതിയൊരു ദിവസത്തിനും, കഴിക്കുന്ന ഭക്ഷണത്തിനും, കൂടെയുള്ള പ്രിയപ്പെട്ടവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് ദിവസം ആരംഭിച്ചു നോക്കൂ. ജീവിതം കൂടുതല്‍ മനോഹരവും അര്‍ഥപൂര്‍ണ്ണവുമാകുന്നത് നിങ്ങള്‍ക്ക് സ്വയം അനുഭവിക്കാന്‍ സാധിക്കും.