നമ്മുടെ 'പള്ളികൾക്കു പുറത്ത്' കർത്താവിനെ നമുക്ക് ഉപേക്ഷിക്കാതിരിക്കാം: ദരിദ്രരെ അവഗണിക്കരുതെന്ന ആഹ്വാനവുമായി ലെയോ പാപ്പ

 
LEO

വത്തിക്കാന്‍ സിറ്റി: നമ്മുടെ പള്ളികൾക്കും,  പുറത്ത് കർത്താവിനെ ഉപേക്ഷിക്കരുതെന്ന ഓര്‍മ്മപ്പെടുത്തലുമായി ലെയോ പാപ്പ. ഇന്നലെ പാപ്പയുടെ വേനല്‍ക്കാല വസതിയായ കാസ്റ്റൽ ഗാൻഡോൾഫോയുടെ അതിർത്തിയിലായി സ്ഥിതി ചെയ്യുന്ന അൽബാനോയിലെ സാന്താ മരിയ ഡെല്ല റൊട്ടോണ്ട ദേവാലയത്തിൽ ദരിദ്രരുമായി ചേര്‍ന്നു അര്‍പ്പിച്ച വിശുദ്ധ കുർബാന മധ്യേയാണ് ലെയോ പാപ്പ ഇക്കാര്യം പറഞ്ഞത്.

തന്റെ പ്രസംഗത്തിനിടെ ദരിദ്രരിൽ ക്രിസ്തുവിനെ കണ്ട് സ്വാഗതം ചെയ്യണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ലോകമെമ്പാടുമുള്ള കത്തോലിക്ക സമൂഹങ്ങൾ എല്ലാവരെയും സ്വാഗതം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും പാപ്പ പറഞ്ഞു. ദൈവസ്നേഹത്താൽ എല്ലാവരും ജ്വലിക്കട്ടെയെന്നും പാപ്പ പ്രാര്‍ത്ഥിച്ചു. നമ്മൾ കർത്താവിന്റെ സഭയാണ്, ദരിദ്രരുടെ സഭയാണ് - എല്ലാവരും വിലപ്പെട്ടവരാണ്, എല്ലാവരും സഭയിലെ സജീവ പങ്കാളികളാണ്, ഓരോരുത്തരും ദൈവത്തിൽ നിന്നുള്ള അതുല്യമായ വചനം വഹിക്കുന്നവരാണെന്നും പാപ്പ പറഞ്ഞു.

നമ്മുടെ ദാരിദ്ര്യം, ദുർബലത, എല്ലാറ്റിനുമുപരി നമ്മുടെ പരാജയങ്ങൾ ഇവയെ പ്രതി നാം നിന്ദിക്കപ്പെടുകയും വിധിക്കപ്പെടുകയും ചെയ്യാം.

എന്നാല്‍ ഒടുവിൽ ദൈവത്തിന്റെ സൗമ്യമായ ശക്തിയിലേക്ക്, അതിരുകളും വ്യവസ്ഥകളും ഇല്ലാത്ത സ്നേഹത്തിലേക്ക് നാം സ്വാഗതം ചെയ്യപ്പെടുകയാണെന്നും പാപ്പ തനിക്ക് ചുറ്റും കൂടിയിരിക്കുന്ന പാവങ്ങളോട് പറഞ്ഞു. ഭവനരഹിതരും അഭയകേന്ദ്രങ്ങളിലെ അംഗങ്ങളും സന്നദ്ധപ്രവർത്തകരും ഉള്‍പ്പെടെ ഏകദേശം 110 വ്യക്തികൾ ദിവ്യബലിയിൽ പങ്കെടുത്തു.

പിന്നീട് പാപ്പയുടെ വേനൽക്കാല വസതിയിലെ ഉദ്യാനത്തില്‍ ഒരുക്കിയ ഉച്ചഭക്ഷണ വിരുന്നിലും ലെയോ പാപ്പ പങ്കെടുത്തു.

Tags

Share this story

From Around the Web