നല്ല വായനയ്ക്കായി റീഡിംഗ് ലിസ്റ്റ് തയ്യാറാക്കാം
നമ്മുടെ ജീവിതത്തില്‍ നമ്മെ വളരാന്‍ ഏറെ സഹായിക്കുന്ന ഒന്നാണ് വായന. തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ വായനയും പുസ്തകങ്ങളുമായുള്ള അടുപ്പം നിലനിര്‍ത്തുക എന്നത് അല്‍പ്പം പ്രയാസമുള്ള കാര്യമാണ്. ഈ കടമ്പ മറികടക്കാന്‍ നമ്മെ സഹായിക്കുന്ന ഒന്നാണ് കൃത്യമായ ഒരു 'റീഡിംഗ് ലിസ്റ്റ്' തയ്യാറാക്കുക എന്നത്.
അതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ:
1. പുസ്തകങ്ങളെ പട്ടികപ്പെടുത്താം
റീഡിംഗ് ലിസ്റ്റ് ഉണ്ടാക്കാന്‍ പ്രത്യേക നിയമങ്ങളൊന്നുമില്ല. വായിക്കാന്‍ താല്പര്യമുള്ള പുസ്തകങ്ങളുടെ പേരുകള്‍ ഡിജിറ്റലായോ അല്ലാതെയോ രേഖപ്പെടുത്തി വയ്ക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ലിസ്റ്റ് ഏത് രൂപത്തിലായാലും, ഒരു പുസ്തകം വായിച്ചു തീര്‍ത്ത് അടുത്തത് തിരഞ്ഞെടുക്കുമ്പോഴുള്ള സംതൃപ്തി വായന മുന്‍പോട്ട് കൊണ്ടുപോകാന്‍ സഹായിക്കും.
2. വൈവിധ്യമാര്‍ന്ന പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുക
തുടര്‍ച്ചയായി ഒരേ ഗണത്തില്‍പ്പെട്ട പുസ്തകങ്ങള്‍ മാത്രം വായിക്കുന്നത് വായനയോടുള്ള താല്പര്യം കുറയ്ക്കാം. കഥകളും നോവലുകളും (എശരശേീി) മാത്രമല്ല, കവിതകള്‍, ചരിത്രം, ശാസ്ത്രം, തത്ത്വചിന്ത, ആത്മീയത തുടങ്ങിയവയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക. എളുപ്പത്തില്‍ വായിച്ചുതീര്‍ക്കാവുന്ന ലളിതമായ പുസ്തകങ്ങളും, ആഴത്തിലുള്ള ചിന്ത ആവശ്യപ്പെടുന്ന പ്രയാസമേറിയ പുസ്തകങ്ങളും മാറിമാറി വായിക്കാന്‍ ശ്രദ്ധിക്കുക.
3 . ഒരു ലക്ഷ്യമുണ്ടാകണം
''എന്തിനാണ് ഞാന്‍ വായിക്കുന്നത്?'' എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമുണ്ടെങ്കില്‍ മാത്രമേ ദീര്‍ഘകാലം വായന കൊണ്ടുപോകാന്‍ സാധിക്കൂ. അതിനാല്‍ നിങ്ങളുടെ വായനാശീലം വളര്‍ത്തുവാന്‍ ഉതകുന്ന ഒരു ലക്ഷ്യം കണ്ടെത്തുക. നിങ്ങളുടെ ജീവിതശൈലിക്കും സൗകര്യത്തിനും അനുസരിച്ചുള്ളതായിരിക്കണം അത്. അതനുസരിച്ച് ആഴ്ചയില്‍ ഒരു പുസ്തകമോ അല്ലെങ്കില്‍ മാസത്തില്‍ രണ്ടെണ്ണമോ വായിച്ചു തീര്‍ക്കാം. എന്നാല്‍ അമിതമായ ലക്ഷ്യങ്ങള്‍ വച്ച് സ്വയം സമ്മര്‍ദ്ദത്തിലാകരുത്; അത് വായനയെ ഒരു ഭാരമാക്കി മാറ്റും.
4 . നല്ല പുസ്തക നിര്‍ദേശങ്ങള്‍ കണ്ടെത്തുക
പുതിയ പുസ്തകങ്ങള്‍ ലിസ്റ്റിലേക്ക് എങ്ങനെ കണ്ടെത്താം? കൂട്ടുകാരുമായുള്ള സംഭാഷണങ്ങളില്‍ നിന്നും ലേഖനങ്ങളില്‍ നിന്നും നിര്‍ദേശങ്ങള്‍ ശേഖരിക്കാം. നിങ്ങള്‍ ഇഷ്ടപ്പെട്ട ഒരു പുസ്തകത്തിന്റെ റഫറന്‍സ് പരിശോധിച്ചാല്‍ സമാനമായ നല്ല പുസ്തകങ്ങള്‍ കണ്ടെത്താം. ലൈബ്രറികളിലോ ബുക്ക് സ്റ്റാളുകളിലോ പോയി യാദൃച്ഛികമായി പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുന്നതും ഒരു നല്ല അനുഭവമാണ്.