ലോകത്തിന്റെ ബഹളത്തിനിടയില്‍ ശബ്ദരഹിതരായവരെ നമുക്ക് ശ്രദ്ധിക്കാം: പാപ്പാ

 
LEO 14



വത്തിക്കാന്‍:അഗസ്റ്റീനിയന്‍ സഭയുടെ പിതാവായ വിശുദ്ധ അഗസ്റ്റിന്റെ തിരുനാള്‍ ദിവസം, അമേരിക്കന്‍ ഐക്യനാടുകളിലെ സെന്റ് തോമസ് ഓഫ് വില്ലനോവ അഗസ്റ്റീനിയന്‍ പ്രവിശ്യയുടെ പരമോന്നത ബഹുമതിയായ സെന്റ് അഗസ്റ്റിന്‍ മെഡല്‍ സ്വീകരിക്കുന്നതിലുള്ള സന്തോഷം  പങ്കുവച്ചുകൊണ്ടാണ്, പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്‍ പാപ്പാ ചടങ്ങില്‍ സംബന്ധിച്ചവരെ അഭിസംബോധന ചെയ്തു കൊണ്ട് വീഡിയോ സന്ദേശം അയച്ചത്. 


ആത്മീയ പിതാവായ വിശുദ്ധ അഗസ്റ്റിന്റെ മാതൃകയ്ക്കനുസൃതമായി ജീവിക്കാനുള്ള പ്രതിബദ്ധതെയെയും, ഒരു അഗസ്തീനിയനായി അംഗീകരിക്കപ്പെടുന്നതിലുള്ള സന്തോഷവും, പാപ്പാ സന്ദേശത്തില്‍ പ്രത്യേകം പറഞ്ഞു. 


വിശുദ്ധ അഗസ്റ്റിന്‍ പകര്‍ന്നു തന്ന ആത്മീയ ദര്‍ശനങ്ങളും, ചിന്തകളും തന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും, സത്യം, കൂട്ടായ്മ, സ്‌നേഹം എന്നീ മൂല്യങ്ങളോട് വില്ലനോവ സമൂഹത്തിലെ അംഗങ്ങള്‍ കാണിക്കുന്ന പ്രതിബദ്ധതയില്‍ താന്‍ നന്ദിയുള്ളവനാണെന്നും പാപ്പാ പറഞ്ഞു.

ഒരു മെത്രാന്‍, ദൈവശാസ്ത്രജ്ഞന്‍, പ്രസംഗകന്‍, എഴുത്തുകാരന്‍,  സഭയിലെ വേദപാരംഗതന്‍ എന്നീ നിലകളില്‍ വിശുദ്ധ അഗസ്റ്റിന്റെ ജീവിതം ഏവര്‍ക്കും മാതൃകയാണെങ്കിലും, ഇവയെല്ലാം ഒരു രാത്രികൊണ്ട് സംഭവിച്ചതല്ല എന്നും, നമ്മുടേതു പോലെ അവന്റെ ജീവിതവും പരീക്ഷണങ്ങളും തെറ്റുകളും നിറഞ്ഞതായിരുന്നുവെന്നും, എന്നാല്‍ ദൈവകൃപയാല്‍, അമ്മ മോനിക്കയുടെ പ്രാര്‍ത്ഥനകളിലൂടെയും , ചുറ്റുമുള്ള നല്ല ആളുകളുടെ സഹവാസത്തിലൂടെയും തന്റെ അസ്വസ്ഥമായ ഹൃദയത്തിന് സമാധാനത്തിലേക്കുള്ള വഴി കണ്ടെത്താന്‍ സാധിച്ചുവെന്നും സന്ദേശത്തില്‍ പാപ്പാ എടുത്തു പറഞ്ഞു.

വിശുദ്ധ അഗസ്റ്റിന്റെ ജീവിതവും, സേവനവും, നമുക്കും, ദൈവത്തോടും നമ്മുടെ അയല്‍ക്കാരോടും സ്‌നേഹപൂര്‍വകമായ സേവനത്തിലൂടെ  തുടരുവാന്‍ സാധിക്കുമെന്നും പാപ്പാ ആഹ്വാനം ചെയ്തു. ഫാദര്‍ മാത്യു കാര്‍, ഫാദര്‍ ജോണ്‍ റോസിറ്റര്‍ തുടങ്ങിയ അഗസ്റ്റീനിയന്‍ സന്യാസിമാരുടെ ഉദാഹരണങ്ങളും പാപ്പാ എടുത്തു കാണിച്ചു. 


നമ്മുടെ വ്യത്യാസങ്ങള്‍ക്കപ്പുറത്തേക്ക്, അയല്‍ക്കാരനെ ക്രിസ്തുവിന്റെ കണ്ണുകളാല്‍ കാണുവാനും, ദൈവത്തിന്റെ രൂപത്തിലും സാദൃശ്യത്തിലും, സൗഹൃദം, ബന്ധങ്ങള്‍, സംഭാഷണം, പരസ്പര ബഹുമാനം ഊട്ടിയുറപ്പിക്കുവാനും സാധിക്കണമെന്നും പാപ്പാ പറഞ്ഞു. 


കാതുകളുടെ ശ്രദ്ധ മാത്രമല്ല, ഹൃദയങ്ങളുടെ ശ്രദ്ധയില്‍ നമ്മെത്തന്നെ വിട്ടുകൊടുക്കണമെന്നും, വിശുദ്ധ അഗസ്റ്റിന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് പാപ്പാ പറഞ്ഞു.

സഭയെന്ന നിലയിലും സമൂഹമെന്ന നിലയിലും സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനും പ്രത്യാശയില്‍ ജീവിക്കുന്നതിനും ലോകത്തില്‍ ദൈവത്തിന്റെ വെളിച്ചവും സ്‌നേഹവും പ്രതിഫലിപ്പിക്കുന്നതിനുമുള്ള നമ്മുടെ പൊതുദൗത്യം ശക്തിപ്പെടുത്താമെന്ന ആഹ്വാനവും പാപ്പാ നല്‍കി.

Tags

Share this story

From Around the Web