ഓണാമാഘോഷിക്കാന്‍ നാട്ടിലേക്ക് വരാം; കേരളത്തിലേക്ക് പ്രത്യേക ഓണം സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ
മുംബൈ: മുംബൈയില്‍ നിന്ന് കേരളത്തിലേക്ക് യാത്രാദുരിതത്തിന് വിരാമമിട്ട് സെന്‍ട്രല്‍ റെയില്‍വേ ഒടുവില്‍ ഓണം സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു.
ഓഗസ്റ്റ് 23 ന് വൈകീട്ട് 4 മണിക്ക് മുംബൈ എല്‍ടിടിയില്‍ നിന്നും തിരുവനന്തപുരത്തേക്കും, ഈ മാസം 29-ന് തിരിച്ച് മുംബൈയിലേക്കും സര്‍വീസുകള്‍ ഉണ്ടായിരിക്കുമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്.
ചെന്നൈ, ബാംഗ്ലൂര്‍ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ നിന്ന് ദക്ഷിണ റെയില്‍വേ 112 ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചെങ്കിലും മുംബൈയില്‍ നിന്ന് സര്‍വീസുകളില്ലാത്തത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.
മലയാളി സംഘടനകള്‍ ആവശ്യപ്പെടാത്തതുകൊണ്ടാണ് സ്‌പെഷ്യല്‍ സര്‍വീസുകള്‍ വൈകിയതെന്നായിരുന്നു റെയില്‍വേയുടെ ആദ്യ വിശദീകരണം.
എന്നാല്‍ മാധ്യമ വാര്‍ത്തകളെത്തുടര്‍ന്ന് വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെടുമെന്ന് കെ.സി. വേണുഗോപാല്‍ എംപിയും വ്യക്തമാക്കിയിരുന്നു.
യാത്രക്കാരുടെ ശക്തമായ പ്രതിഷേധവും ജനപ്രതിനിധികളുടെ നിരന്തര ഇടപെടലുകളും ഫലം കണ്ടതോടെയാണ് ഒടുവില്‍ മുംബൈയില്‍ നിന്നും കേരളത്തിലേക്ക് പ്രത്യേക ഓണം ട്രെയിന്‍ അനുവദിക്കാന്‍ റെയില്‍വേ തയ്യാറായത്.