മറ്റുള്ളവരുടെ കുറവുകളിലല്ല, സ്വന്തം വിശുദ്ധിയിലായിരിക്കട്ടെ നമ്മുടെ ശ്രദ്ധ
നമ്മുടെ ചുറ്റുപാടിലുള്ള വൈദികരും സിസ്റ്റേഴ്സും ആത്മീയരും എങ്ങനെയാണു ജീവിക്കുന്നത്, അവരുടെ വിശ്വാസം എങ്ങനെയുള്ളതാണ് എന്നൊന്നും അന്വേഷിച്ച് നോക്കണ്ട ആവശ്യമില്ല. കാരണം, അങ്ങനെ നോക്കിത്തുടങ്ങിയാൽ നമ്മളെപ്പോലെ തന്നെ ഒരു കുടുംബപശ്ചാത്തലത്തിൽ നിന്ന് വന്നവരായതിനാൽ അവരിൽ ചിലരിൽ കുറവുകളും പോരായ്മകളും ഉള്ളവരെ കണ്ടെന്നു വന്നേക്കാം. ജീനുകളിലൂടെയും ജീവിതസാഹചര്യങ്ങളിലൂടെയും ലഭിക്കുന്ന ചില ദൗർബല്യങ്ങളെ അതിജീവിക്കാനുള്ള ആത്മീയ ശക്തി ഇല്ലാതെ പോകുമ്പോൾ, മനുഷ്യർ തെറ്റുകളിൽ വീഴാനും സാധ്യതയുണ്ട്. എന്നാൽ മറ്റുള്ളവരുടെ ഇത്തരം വീഴ്ചകൾ കാണുമ്പോൾ അതിനെക്കുറിച്ച് നിരന്തരം ചിന്തിക്കുകയും വിമർശിക്കുകയും ചെയ്യുന്നത് സ്വന്തം ആത്മീയജീവിതത്തിന് തന്നെ ദോഷകരമാകാൻ സാധ്യതയുണ്ട്.
വിശുദ്ധ ഫ്രാൻസിസ് അസീസി, അധികാരസ്ഥാനത്തുള്ളവരിലോ മറ്റുള്ളവരിലോ കുറവുകൾ കാണുമ്പോൾ ചെയ്യേണ്ടത് മൂന്ന് കാര്യങ്ങളാണെന്ന് പഠിപ്പിക്കുന്നു:
1. നേരിട്ട് പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെങ്കിൽ, സ്നേഹത്തോടെ അവരോട് അത് പറയുക.
2. അത് സാധ്യമല്ലെങ്കിൽ, ബന്ധപ്പെട്ട മേലധികാരിയെ അറിയിക്കുക.
3. അതിനും സാധിക്കാത്ത സാഹചര്യത്തിൽ, ആ വ്യക്തിയെ ഈശോയ്ക്ക് സമർപ്പിച്ച് പ്രാർത്ഥിക്കുക.
അതിനു ശേഷം ആ കാര്യത്തെക്കുറിച്ച് നിരന്തരം ചിന്തിക്കുകയോ മറ്റുള്ളവരോട് സംസാരിച്ച് പ്രചരിപ്പിക്കുകയോ ചെയ്യരുത്.
സമൂഹത്തിലെ കുറവുകളും മറ്റുള്ളവരുടെ തെറ്റുകളും മാത്രം നോക്കിക്കൊണ്ടിരുന്നാൽ, സ്വന്തം ജീവിതത്തിലെ കുറവുകൾ തിരിച്ചറിയാതെ പോകാൻ സാധ്യതയുണ്ട്. അതാണ് ഏറ്റവും വലിയ അപകടം.
നമ്മുടെയെല്ലാം ഉള്ളിൽ ഈശോ നിക്ഷേപിച്ചിരിക്കുന്ന അമൂല്യനിധി മൺപാത്രത്തിലാണ് നമുക്ക് ലഭിച്ചിരിക്കുന്നത്. ഈ മൺപാത്രം ഉടഞ്ഞുപോകാതിരിക്കാൻ നമുക്ക് എന്തെല്ലാം ചെയ്യാൻ കഴിയും? കൂടുതൽ വിശുദ്ധിയിൽ ഈശോയോട് ചേർന്ന് ജീവിക്കാൻ നമുക്ക് എന്തെല്ലാം ചെയ്യാൻ കഴിയും?
ഇത് മാത്രം അന്വേഷിച്ചുകൊണ്ടിരിക്കുമ്പോഴാണ് നമുക്ക് യഥാർത്ഥത്തിൽ ഈശോയിൽ വളരാൻ കഴിയുന്നത്.
മറ്റുള്ളവരുടെ കുറവുകൾ കണ്ടെത്തുന്നതിനെക്കാൾ, സ്വന്തം ജീവിതത്തിൽ ഈശോയ്ക്ക് ഇഷ്ടമില്ലാത്തത് കണ്ടെത്തി തിരുത്താൻ ശ്രമിക്കാം. മറ്റുള്ളവരുടെ വീഴ്ചകളെക്കുറിച്ച് സംസാരിക്കുന്നതിനേക്കാൾ, സ്വന്തം വിശുദ്ധിയെക്കുറിച്ച് ചിന്തിക്കാം.
അവസാനം, നാം ഈശോയോട് കണക്കു പറയേണ്ടത് മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ചല്ല; ഈശോ നമുക്ക് ഏൽപ്പിച്ചിരിക്കുന്ന സ്വന്തം ജീവിതത്തെക്കുറിച്ചാണ്.