സമാധാനത്തിനായി പ്രാർത്ഥിക്കുന്നത് നമുക്ക് തുടരാം: ലെയോ പാപ്പ
ടെഹ്റാന്‍: മധ്യപൂര്‍വ്വേഷ്യയിലെയും ഇറാനിലെയും സംഭവവികാസങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. ഇന്നലെ ഞായറാഴ്ച നല്‍കിയ സന്ദേശത്തിലാണ് പാപ്പയുടെ പ്രതികരണം. പരസ്പര ഭീഷണികളിലൂടെയോ, നാശം, വേദന, മരണം എന്നിവ വിതയ്ക്കുന്ന ആയുധങ്ങളിലൂടെയോ അല്ല സ്ഥിരതയും സമാധാനവും കെട്ടിപ്പടുക്കുന്നതെന്നും മറിച്ച് ന്യായയുക്തവും ആധികാരികവും ഉത്തരവാദിത്തമുള്ളതുമായ സംഭാഷണത്തിലൂടെ മാത്രമാണെന്നും പാപ്പ പറഞ്ഞു.
വലിയ അനുപാതത്തിലുള്ള ഒരു ദുരന്തത്തിന്റെ സാധ്യത അഭിമുഖീകരിക്കുമ്പോൾ, അത് പരിഹരിക്കാനാവാത്ത വിടവായി മാറുന്നതിനുമുമ്പ്, തടയാനുള്ള ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുക്കാൻ, രാജ്യങ്ങളോടും സഖ്യ കക്ഷികളോടും പാപ്പ ആഹ്വാനം ചെയ്തു. പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും സമീപ ദിവസങ്ങളിൽ ഉടലെടുത്ത യുദ്ധസാഹചര്യങ്ങളെ പരാമർശിച്ച പാപ്പ, സംഭാഷണത്തിലേക്കുള്ള ഒരു അടിയന്തര തിരിച്ചുവരവിനായി ഇരു രാജ്യങ്ങളെയും ക്ഷണിക്കുവെന്നും പാപ്പ പറഞ്ഞു.
നയതന്ത്രത്തില്‍ അതിന്റെ ശരിയായ പങ്ക് വീണ്ടെടുക്കാനും നീതിയിൽ അധിഷ്ഠിതമായ സമാധാനപരമായ നിലനിൽപ്പിനായി ആഗ്രഹിക്കുന്ന ജനങ്ങളുടെ ക്ഷേമം ഉയർത്തിപ്പിടിക്കണമെന്നും പാപ്പ അഭ്യർത്ഥിച്ചു. ലോകമെമ്പാടുമുള്ള സംഘർഷങ്ങളിൽ ഐക്യം നിലനിൽക്കാൻ പ്രാർത്ഥിക്കാൻ അദ്ദേഹം വിശ്വാസികളോട് ആവശ്യപ്പെട്ടു. “നമുക്ക് സമാധാനത്തിനായി പ്രാർത്ഥിക്കുന്നത് തുടരാം. ദൈവത്തിന്റെ ദാനമായ സമാധാനത്തിന് മാത്രമേ ജനങ്ങൾക്കിടയിലുള്ള മുറിവുകൾ ഉണക്കാൻ കഴിയൂ.” -പാപ്പ പറഞ്ഞു.