പാര്‍ട്ടി തീരുമാനിക്കട്ടെ, എതിര്‍പ്പില്ല; മുകേഷ് വീണ്ടും നിയമസഭയിലേക്കോ? യുവനേതാക്കളെ അണിനിരത്തി സിപിഐഎമ്മിന്റെ പടയൊരുക്കം
തിരുവനന്തപുരം:വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാനുള്ള താത്പര്യം പ്രകടിപ്പിച്ച് എം. മുകേഷ് എംഎല്‍എ രംഗത്തെത്തി.
പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ ഗംഭീരമായി പൂര്‍ത്തിയാക്കിയെന്ന ആത്മവിശ്വാസമുണ്ടെന്നും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഇനിയും ജനവിധി തേടാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജനസേവനം നടത്താന്‍ എംഎല്‍എ പദവി നിര്‍ബന്ധമല്ലെങ്കിലും, പാര്‍ട്ടിയുടെ തീരുമാനത്തിനൊപ്പം നില്‍ക്കാനാണ് തന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
പൊതുപ്രവര്‍ത്തനത്തിനൊപ്പം തന്നെ തന്റെ സിനിമാ കരിയറും മുന്നോട്ട് കൊണ്ടുപോകുമെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാന്‍ യുവനേതാക്കളെ മുന്‍നിര്‍ത്തിയുള്ള വലിയൊരു അഴിച്ചുപണിക്കാണ് സിപിഐഎം ഒരുങ്ങുന്നത്. വോട്ടര്‍മാരിലും പ്രവര്‍ത്തകരിലും പുതിയ ആവേശം നിറയ്ക്കാന്‍ യുവരക്തത്തിന് കഴിയുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.
ഇതിന്റെ ഭാഗമായി പ്രധാന യുവനേതാക്കളെ വിവിധ മണ്ഡലങ്ങളിലേക്ക് പരിഗണിച്ചു വരികയാണ്. കൊല്ലം മണ്ഡലത്തില്‍ ചിന്ത ജെറോമിന്റെ പേര് സജീവമായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.
ഡിവൈഎഫ്ഐ നേതാക്കളായ വി. വസീഫിനെ എലത്തൂരിലോ കുന്നമംഗലത്തോ പരിഗണിക്കുമ്പോള്‍, സംസ്ഥാന സെക്രട്ടറി വി.കെ. സനോജിനെ കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ അല്ലെങ്കില്‍ തളിപ്പറമ്പ് മണ്ഡലങ്ങളില്‍ മത്സരിപ്പിക്കാനാണ് സാധ്യത.
കെ.കെ. ഷൈലജ മത്സരരംഗത്തില്ലെങ്കില്‍ മട്ടന്നൂരിലായിരിക്കും സനോജിന് മുന്‍ഗണന. എസ്എഫ്‌ഐ മുന്‍ അഖിലേന്ത്യ പ്രസിഡന്റ് വി.പി. സാനു തവനൂരിലും, പി.എം. ആര്‍ഷോ ഷൊര്‍ണ്ണൂരിലും ജനവിധി തേടിയേക്കും.
എലത്തൂര്‍ മണ്ഡലം എന്‍സിപിയില്‍ നിന്ന് ഏറ്റെടുക്കുന്നതടക്കമുള്ള നിര്‍ണ്ണായക നീക്കങ്ങളും സിപിഐഎമ്മിന്റെ പരിഗണനയിലുണ്ട്.