ഉക്രൈനില്‍ സംഭാഷണത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ തുറക്കപ്പെടട്ടെ: ലിയോ പതിനാലാമന്‍ പാപ്പാ

ആഗസ്റ്റ് ഇരുപത്തിനാലിന് സ്വാതന്ത്ര്യത്തിന്റെ മുപ്പത്തിനാലാം വാര്‍ഷികം ആഘോഷിച്ച ഉക്രൈന്‍ ജനതയ്ക്ക് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട്, രാഷ്ട്രത്തലവന്‍ വ്‌ലോദിമിര്‍ സെലിന്‍സ്‌കിക്ക് പാപ്പാ ആശംസകള്‍ അര്‍പ്പിച്ചു.
യുദ്ധത്തില്‍ ദുരിതമനുഭവിക്കുന്ന ഉക്രേനിയന്‍ ജനതയ്ക്കായി, പ്രത്യേകിച്ച് ശാരീരികമായി പരിക്കേറ്റ എല്ലാവര്‍ക്കും, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്കും, വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നു പാപ്പാ ആശംസയില്‍ എടുത്തു പറഞ്ഞു.
'നിങ്ങളുടെ നാടിനെ നശിപ്പിച്ച അക്രമത്താല്‍ മുറിവേറ്റ ഹൃദയത്തോടെ ഞാന്‍ നിങ്ങളിലേക്ക് തിരിയുന്നു', എന്ന് പറഞ്ഞ പാപ്പാ, സംഘര്‍ഷത്തിന്റെ അനന്തരഫലങ്ങളാല്‍ ദുരിതമനുഭവിക്കുന്നവരെ ആശ്വസിപ്പിക്കാനും, മരിച്ചവര്‍ക്ക് നിത്യ വിശ്രമം നല്‍കാനും ദൈവവത്തോട് പ്രത്യേകമായി അപേക്ഷിക്കുകയും ചെയ്തു.
തുടര്‍ന്ന്, 'ആയുധങ്ങളുടെ ആരവം നിശബ്ദമാക്കുവാനും, സംവാദത്തിന് വഴിയൊരുക്കാനും, എല്ലാവരുടെയും നന്മയ്ക്കായി സമാധാനത്തിന്റെ പാത തുറക്കാനും സാധിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നുവെന്നും, ആശംസിക്കുന്നുവെന്നും' പാപ്പാ പറഞ്ഞു.
രാജ്യത്തെ സമാധാന രാജ്ഞിയായ പരിശുദ്ധ കന്യകാമറിയത്തിന് സമര്‍പ്പിക്കുന്നു എന്ന വാക്കുകളോടെയാണ്, പാപ്പാ ആശംസ ഉപസംഹരിക്കുന്നത്. പാപ്പായുടെ ആശംസാസന്ദേശം, പ്രസിഡന്റ് സമൂഹമാധ്യമമായ 'എക്‌സില്‍' പ്രസിദ്ധീകരിച്ചു.
'ഉക്രേനിയന്‍ ജനതയോടുള്ള അദ്ദേഹത്തിന്റെ ആഴമേറിയ വാക്കുകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ശ്രദ്ധയ്ക്കും താന്‍ ഏറെ നന്ദിയുള്ളവനാണെന്നു', പ്രസിഡന്റ് മറുപടിയായി മാധ്യമത്തില്‍ കുറിച്ചു.