സഭയെ കൂടുതല്‍ ജനകീയമാക്കാന്‍ കുടുംബ സെന്‍സസ് ഒരു പുതിയ തുടക്കമാകട്ടെ
കേരള കത്തോലിക്കാ കുടുംബ ശാക്തീകരണ നയരേഖ - 2035 (ചര്‍ച്ചയ്ക്കുള്ള കരട്)
സഭയില്‍ നിന്ന് ജനം അകന്നുപോകുന്നുണ്ടോ?
ഈ ചോദ്യത്തിന് 'ഉണ്ട്' എന്നും 'ഇല്ല' എന്നും വാദപ്രതിവാദങ്ങള്‍ നടത്താനല്ല ഞാന്‍ ആഗ്രഹിക്കുന്നത്. മറിച്ച്, സഭയ്ക്ക് തന്റെ വിശ്വാസി കുടുംബങ്ങളോട് കൂടുതല്‍ അടുത്ത് എങ്ങനെ നില്‍ക്കാന്‍ കഴിയും, ഓരോ കുടുംബത്തിന്റെയും ജീവിതത്തിലേക്ക് കൂടുതല്‍ ആഴത്തില്‍ എങ്ങനെ കടന്നുചെല്ലാന്‍ കഴിയും എന്ന ആത്മപരിശോധനയാണ് ഇന്ന് ആവശ്യം.
ഈ പശ്ചാത്തലത്തിലാണ് എന്റെ സുഹൃത്തും, സണ്‍ഡേ ശാലോം പത്രത്തിലെ എന്റെ സഹപ്രവര്‍ത്തകനും,
അനുഗ്രഹീത എഴുത്തുകാരനുമായ ശ്രീ ജെയ്‌മോന്‍ കുമരകം എഴുതിയ ലേഖനം വായിക്കുവാന്‍ കഴിഞ്ഞത്. സമകാലിക പ്രസക്തിയുള്ള ഗൗരവമായ പഠനവും ദീര്‍ഘവീക്ഷണമുള്ള നിരീക്ഷണവുമാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തെ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുകയും ആത്മാര്‍ത്ഥമായ നന്ദി അറിയിക്കുകയും ചെയ്യുന്നു.
അദ്ദേഹം മുന്നോട്ടുവെച്ച ചിന്തകള്‍ ഒരു ലേഖനമായി മാത്രം ഒതുങ്ങാതെ, കേരളത്തിലെ കത്തോലിക്കാ സഭയുടെ എല്ലാ തലങ്ങളിലുമുള്ള നേതൃത്വവും ഗൗരവമായി പഠിക്കേണ്ട വിഷയമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. കെസിബിസിയും, കേരളത്തിലെ മൂന്ന് വ്യക്തിസഭകളും, എല്ലാ രൂപതകളും, സന്യാസസഭകളും, ഇടവകകളും, മെത്രാന്‍മാരും, വൈദികരും, സമര്‍പ്പിതരും, അല്‍മായ പ്രേഷിതരും ഈ വിഷയത്തെ ആഴത്തില്‍ വിലയിരുത്തി കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ക്ക് അനുസൃതമായ കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.
കുടുംബങ്ങളെ അറിയാതെ സഭയെ അറിയാനാവില്ല
ഒരു ഇടവകയുടെ യഥാര്‍ത്ഥ സമ്പത്ത് അതിന്റെ ദേവാലയമോ സ്ഥാപനങ്ങളോ ഭൂസ്വത്തുക്കളോ അല്ല; അവിടെയുള്ള ഓരോ കുടുംബവുമാണ്. കുടുംബങ്ങള്‍ ശക്തമാണെങ്കില്‍ ഇടവക ശക്തമാകും; ഇടവകകള്‍ ശക്തമാണെങ്കില്‍ രൂപത ശക്തമാകും; രൂപതകള്‍ ശക്തമാണെങ്കില്‍ സഭ ശക്തമാകും.
എന്നാല്‍ ഒരു അടിസ്ഥാന ചോദ്യം നാം നമ്മോടുതന്നെ ചോദിക്കണം.
നമ്മുടെ ഇടവകകളിലെ ഓരോ കുടുംബത്തിന്റെയും യഥാര്‍ത്ഥ ജീവിതസാഹചര്യം സഭയ്ക്ക് അറിയാമോ?
ആര്‍ക്കൊക്കെയാണ് സ്വന്തമായി വീടില്ലാത്തത്?
ആരാണ് കടബാധ്യതയില്‍ കഴിയുന്നത്?
ഏതൊക്കെ കുടുംബങ്ങളിലാണ് ഗുരുതര രോഗികളുള്ളത്?
ഏത് കുട്ടികള്‍ക്കാണ് പഠനം തുടരാന്‍ സാമ്പത്തിക സഹായം വേണ്ടത്?
ഏതൊക്കെ യുവാക്കള്‍ തൊഴിലില്ലാതെ കഴിയുന്നു?
ഏതൊക്കെ കുടുംബങ്ങളാണ് വിവാഹ തകര്‍ച്ചയുടെ വക്കിലുള്ളത്?
ഏതൊക്കെ കുടുംബങ്ങളാണ് ലഹരിയുടെ ദുരന്തം അനുഭവിക്കുന്നത്?
ഏതൊക്കെ വയോജനങ്ങള്‍ ഒറ്റപ്പെട്ട ജീവിതം നയിക്കുന്നു?
ഈ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരങ്ങള്‍ സഭയുടെ കൈവശമില്ലെങ്കില്‍, സഭയുടെ പാസ്റ്ററല്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കാന്‍ പുതിയ സമീപനം ആവശ്യമാണ്.
കുടുംബ സെന്‍സസ് - കാലഘട്ടത്തിന്റെ ആവശ്യം
ഓരോ ഇടവകയിലും അഞ്ചോ പത്തോ വര്‍ഷത്തിലൊരിക്കല്‍ സമഗ്ര കുടുംബ സെന്‍സസ് നടത്തണം .
ഇത് വെറും സ്ഥിതിവിവരക്കണക്ക് ശേഖരണമല്ല; കുടുംബങ്ങളെ കേള്‍ക്കുകയും മനസ്സിലാക്കുകയും അവരുടെ ജീവിതത്തോടൊപ്പം സഭ നടന്നുപോകുകയും ചെയ്യുന്ന ഒരു പാസ്റ്ററല്‍ ദൗത്യമായിരിക്കണം.
ഈ സെന്‍സസിലൂടെ താഴെ പറയുന്ന വിവരങ്ങള്‍ ശേഖരിക്കാവുന്നതാണ്:
- കുടുംബത്തിന് സ്വന്തമായി ഭവനമുണ്ടോ?
- കുടുംബത്തിന്റെ പ്രധാന വരുമാന മാര്‍ഗം എന്താണ്?
- വിധവകള്‍, വിഭാര്യര്‍,അനാഥര്‍, വയോജനങ്ങള്‍, ആശ്രയമില്ലാത്തവര്‍, മക്കളില്ലാത്തവര്‍,... ഉണ്ടോ?
- ഗുരുതര രോഗികള്‍, സ്ഥിരം കിടപ്പുരോഗികള്‍, ഭിന്നശേഷിക്കാര്‍, മാനസികാരോഗ്യ പ്രശ്‌നമുള്ളവര്‍ ഉണ്ടോ?
- കുട്ടികളുടെ വിദ്യാഭ്യാസത്തിന് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടോ?
- തൊഴിലില്ലാത്തവര്‍ ഉണ്ടോ?
- വിവാഹപ്രശ്‌നങ്ങള്‍ നേരിടുന്ന കുടുംബങ്ങളുണ്ടോ?
- കടബാധ്യതയുള്ള കുടുംബങ്ങളുണ്ടോ?
- മദ്യം, ലഹരി തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടോ?
- വിദേശത്ത് പഠനത്തിനോ ജോലിയ്‌ക്കോ പോയ അംഗങ്ങള്‍ ഉണ്ടോ?
- കുടുംബാംഗങ്ങള്‍ ഏത് തൊഴില്‍ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്?
- കൃഷി, ക്ഷീരോത്പാദനം, മത്സ്യബന്ധനം, ചെറുകിട വ്യവസായം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉണ്ടോ?
- ബിസിനസ് നടത്തുന്നവരോ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവരോ ഉണ്ടോ?
- ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള സാമൂഹിക സുരക്ഷാ പദ്ധതികളില്‍ അംഗങ്ങളാണോ?
- വാഹനമില്ലാത്ത കുടുംബങ്ങളുണ്ടോ?
ഇടവകയുടെ സാഹചര്യങ്ങള്‍ അനുസരിച്ച് കൂടുതല്‍ വിവരങ്ങളും ചേര്‍ക്കാവുന്നതാണ്.
ഈ വിവരങ്ങള്‍ എന്തിന്?
ഈ വിവരങ്ങള്‍ ഫയലുകളില്‍ സൂക്ഷിക്കാനല്ല; കുടുംബങ്ങളെ ശാക്തീകരിക്കാനാണ്.
ഇതിന്റെ അടിസ്ഥാനത്തില്‍:
- അര്‍ഹരായവര്‍ക്ക് സാമ്പത്തികവും സാമൂഹികവുമായ സഹായങ്ങള്‍ നല്‍കാം.
- സര്‍ക്കാര്‍ ക്ഷേമപദ്ധതികള്‍ അര്‍ഹരിലേക്ക് എത്തിക്കാന്‍ സഹായസംഘങ്ങള്‍ രൂപീകരിക്കാം.
- ഡോക്ടര്‍മാര്‍,നഴ്‌സുമാര്‍,അധ്യാപകര്‍, അഭിഭാഷകര്‍,മാധ്യമ പ്രവര്‍ത്തകര്‍,ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍, എഞ്ചിനീയര്‍മാര്‍, ഐ.ടി. വിദഗ്ധര്‍,കാരുണ്യ ശുശ്രുഷകര്‍,കര്‍ഷകര്‍, സംരംഭകര്‍ എന്നിവരുടെ ഡിജിറ്റല്‍ ഡയറക്ടറി തയ്യാറാക്കാം.
- ജോലി അന്വേഷിക്കുന്നവരെയും തൊഴിലുടമകളെയും ബന്ധിപ്പിക്കുന്ന സംവിധാനം ഒരുക്കാം.
- യുവജനങ്ങള്‍ക്ക് തൊഴില്‍, വിദേശപഠനം, സംരംഭകത്വം എന്നിവയില്‍ മാര്‍ഗനിര്‍ദേശം നല്‍കാം.
- കുടുംബ കൗണ്‍സലിംഗ്, ലഹരി വിമുക്തി, മാനസികാരോഗ്യ സഹായം എന്നിവ ശക്തിപ്പെടുത്താം.
- ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള സാമൂഹിക സുരക്ഷാ പദ്ധതികള്‍ കൂടുതല്‍ കുടുംബങ്ങളിലേക്ക് എത്തിക്കാം.????
സഭയുടെ ഭാവി കുടുംബങ്ങളിലാണ്
ലോകത്തിന്റെ വിവിധ സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കായി സാമ്പത്തിക സഹായവും മിഷനറിമാരെയും അയയ്ക്കുന്ന സഭയുടെ മഹത്തായ ദൗത്യം തുടരണം.????
എന്നാല്‍ അതോടൊപ്പം, നമ്മുടെ സ്വന്തം നാട്ടിലെ വിശ്വാസി കുടുംബങ്ങളുടെ യഥാര്‍ത്ഥ അവസ്ഥയും ശാസ്ത്രീയമായി വിലയിരുത്തി, അവരുടെ ആത്മീയവും സാമൂഹികവും സാമ്പത്തികവും ആരോഗ്യപരവും വിദ്യാഭ്യാസപരവുമായ ആവശ്യങ്ങള്‍ക്ക് അടിയന്തരവും ദീര്‍ഘകാലവുമായ കര്‍മ്മപദ്ധതികള്‍ രൂപപ്പെടുത്തേണ്ട സമയമാണിത്.
പുറത്തുള്ള മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ' വീട്ടിലേക്കുള്ള മിഷനും ' സഭയുടെ പ്രധാന അജണ്ടയാകണം.
കേള്‍ക്കുന്ന സഭ, കരുതുന്ന സഭ, കൈപിടിച്ചുയര്‍ത്തുന്ന സഭ, കുടുംബങ്ങളോടൊപ്പം നടന്നുപോകുന്ന സഭ എന്ന നിലയിലാണ് നാം വളരേണ്ടത്.????
ഒരു വിനീതമായ അഭ്യര്‍ത്ഥന ????
ഈ ലേഖനത്തില്‍ അവതരിപ്പിച്ചിരിക്കുന്ന ആശയങ്ങള്‍ ഒരു തുടക്കം മാത്രമാണ്.
ഇതില്‍ ഉള്‍പ്പെടുത്തേണ്ട മറ്റ് വിലപ്പെട്ട നിര്‍ദേശങ്ങള്‍, അഭിപ്രായങ്ങള്‍, അനുഭവങ്ങള്‍, വിജയകരമായ മാതൃകകള്‍, പ്രായോഗിക കര്‍മ്മപദ്ധതികള്‍ എന്നിവ ദയവായി എഴുതിയറിയിക്കണമെന്ന് സ്‌നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.????
ലഭിക്കുന്ന എല്ലാ നിര്‍ദേശങ്ങളും ഗൗരവമായി പഠിച്ച്, ആവര്‍ത്തനങ്ങള്‍ ഒഴിവാക്കി, ഒരു സമഗ്രമായ 'കേരള കത്തോലിക്കാ കുടുംബ ശാക്തീകരണ നയരേഖ - 2035' തയ്യാറാക്കുന്നതാണ്.
ആ രേഖ കെസിബിസിയുടെ അധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ പിതാവിനും, സീറോ-മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവിനും, സീറോ-മലങ്കര കത്തോലിക്കാ സഭയുടെ തലവനും കാതോലിക്കാ ബാവയുമായ കര്‍ദിനാള്‍ ക്ലിമിസ് മാര്‍ ബസേലിയോസ് പിതാവിനും, ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (CBCI) നേതൃത്വത്തിനും, ഇന്ത്യയിലെ വിവിധ ക്രൈസ്തവ സഭാ നേതൃത്വങ്ങള്‍ക്കും പ്രോ-ലൈഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സമര്‍പ്പിക്കുവാനാണ് ആഗ്രഹിക്കുന്നത്.????
ഈ സംരംഭത്തിന്റെ ലക്ഷ്യം ആരെയും വിമര്‍ശിക്കുകയോ കുറ്റപ്പെടുത്തുകയോ അല്ല. നമ്മുടെ കുടുംബങ്ങളെ കൂടുതല്‍ അടുത്തറിയുകയും, അവരുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് സഭയുടെ ആത്മീയ, സാമൂഹിക, വിദ്യാഭ്യാസ, ആരോഗ്യ, സാമ്പത്തിക ശുശ്രൂഷകള്‍ കൂടുതല്‍ ഫലപ്രദമാക്കുകയും ചെയ്യുക എന്നതാണ്.
ശക്തമായ കുടുംബങ്ങളാണ് ശക്തമായ സഭയുടെ അടിത്തറ.
കുടുംബങ്ങളെ അറിയുക...
കുടുംബങ്ങളെ കേള്‍ക്കുക...
കുടുംബങ്ങളെ ചേര്‍ത്തുപിടിക്കുക...????
അതാണ് അടുത്ത ദശകത്തില്‍ കേരളത്തിലെ സഭ ഏറ്റെടുക്കേണ്ട ഏറ്റവും വലിയ സുവിശേഷ ദൗത്യം.
വ്യക്തിപരമായും, വിവിധ പ്രോ-ലൈഫ് പ്രസ്ഥാനങ്ങളുടെ പൂര്‍ണ പിന്തുണയോടെയും, ഈ മഹത്തായ കുടുംബ ശാക്തീകരണ സംരംഭത്തിന് എല്ലാവിധ സഹകരണവും നല്‍കുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു.????
ദൈവം നമ്മുടെ സഭയെയും, എല്ലാ കുടുംബങ്ങളെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.????
_സാബു ജോസ്
എറണാകുളം
9446329343.
sabujosecochin@gmail. com