“ദൈവം ഭരിക്കട്ടെ, അവിടുന്ന് മാത്രം പ്രകാശിക്കട്ടെ”; ലെയോ പാപ്പയെ സ്വീകരിക്കാനൊരുങ്ങി സ്പെയിനിലെ ഗായകസംഘങ്ങൾ
ദൈവം ഭരിക്കട്ടെ, അവിടുന്ന് മാത്രം പ്രകാശിക്കട്ടെ” എന്ന ലക്ഷ്യത്തോടെ ലെയോ പതിനാലാമൻ മാർപാപ്പയുടെ സ്പെയിൻ സന്ദർശന വേളയിൽ ഗാനങ്ങൾ ആലപിക്കാൻ വിവിധ ഗായകസംഘങ്ങൾ ഒരുങ്ങുന്നു. ജൂൺ 6 മുതൽ 12 വരെ നടക്കാനിരിക്കുന്ന ലെയോ പാപ്പയുടെ അപ്പസ്തോലിക സന്ദർശനത്തിൽ മാഡ്രിഡ്, ബാഴ്സലോണ, കാനറി ദ്വീപുകൾ എന്നിവിടങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ഗായകകരാണ് ആഴ്ചകളായി പരിശീലനം നടത്തുന്നത്.
മാഡ്രിഡിലെ ചേംബേരി (Chamberí) മേഖലയിലുള്ള ഡോട്ടേഴ്സ് ഓഫ് ചാരിറ്റിയുടെ വലിയൊരു കേന്ദ്രത്തിലാണ് ഗായകസംഘം വാരാന്ത്യങ്ങളിൽ പരിശീലനത്തിനായി ഒത്തുകൂടുന്നത്. 2011-ലെ ലോക യുവജന ദിനത്തിലെ (WYD) പ്രശസ്തമായ ഗായകസംഘത്തിലെ മുതിർന്ന അംഗങ്ങളും, മാർപാപ്പയുടെ ഈ സന്ദർശനത്തിനായി പുതുതായി രൂപീകരിച്ച യൂത്ത് കൊയറിലെ യുവതലമുറയും ഒത്തുചേർന്നാണ് ഇവിടെ പരിശീലനം നടത്തുന്നത്. ഇതിനുപുറമേ, വർക്ക് ഓഫ് സെന്റ് ജോൺ ഓഫ് ആവില, എൽ എസ്കോറിയൽ മൊണാസ്ട്രിയിലെയും വാലി ഓഫ് ദി ഫാളനിലെയും എസ്കൊളാനിയ (Escolanía) ഗായകസംഘങ്ങളും വിവിധ ചടങ്ങുകളിൽ ഇവരോടൊപ്പം പങ്കുചേരും.
മാർപാപ്പയ്ക്ക് മുന്നിൽ വീണ്ടും ഗാനങ്ങൾ ആലപിക്കാൻ സാധിക്കുന്നതിന്റെ ആവേശം 2011 ലോക യുവജനദിന സിംഫണി ഓർക്കസ്ട്രയുടെയും ഗായകസംഘത്തിന്റെയും ആർട്ടിസ്റ്റിക് ഡയറക്ടറായ ബോർജ ക്വിന്റാസ് പങ്കുവച്ചു: “ഈ അനുഭവം നൽകുന്ന വികാരം എന്താണെന്ന് ഞങ്ങൾക്ക് നേരത്തെ അറിയാമെങ്കിലും, ഓരോ തവണയും അത് തികച്ചും സമാനതകളില്ലാത്തതാണ്. അതുകൊണ്ടുതന്നെ ഞങ്ങളുടെ ഊർജ്ജവും ആവേശവും ഇപ്പോൾ അതിന്റെ കൊടുമുടിയിലാണ്.” ബോർജ ക്വിന്റാസ് പറഞ്ഞു.
ഗായകസംഘത്തിലേക്ക് അപേക്ഷിച്ച മുന്നൂറോളം പേരിൽ നിന്ന് കടുത്ത മത്സരത്തിനൊടുവിലാണ് 150 പേരെ തിരഞ്ഞെടുത്തത്. അപേക്ഷകർ തങ്ങൾ പാടിയ ഒരു നിർബന്ധിത ഗാനത്തിന്റെയും ഒരു സ്വതന്ത്ര ഗാനത്തിന്റെയും വീഡിയോ അയച്ചു നൽകിയതിൽ നിന്നാണ് ഇവരെ ഓരോരുത്തരെയായി തിരഞ്ഞെടുത്തത്.