പാലസ്തീനെ അംഗീകരിക്കുന്നതിനെക്കുറിച്ചും അനുരഞ്ജനസംവാദങ്ങളുടെ ആവശ്യത്തെക്കുറിച്ചും ലിയോ പതിനാലാമന്‍ പാപ്പാ

ഇസ്രായേല്‍-പാലസ്തീന പ്രശ്നപരിഹാരത്തിനായി 'രണ്ടു രാജ്യങ്ങള്‍' എന്ന ഒരു പോംവഴി പരിശുദ്ധ സിംഹാസനം ഏറെ വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ അംഗീകരിച്ചിരുന്നുവെന്നും എല്ലാ ജനതകളെയും മാനിക്കുന്ന ഒരു വ്യവസ്ഥിതിക്കായാണ് നാം പരിശ്രമിക്കേണ്ടതെന്നും ലിയോ പതിനാലാമന്‍ പാപ്പാ.
സെപ്റ്റംബര്‍ 23 ചൊവ്വാഴ്ച വൈകുന്നേരം കസ്‌തേല്‍ ഗാന്തോള്‍ഫോയില്‍നിന്ന് തിരികെ വത്തിക്കാനിലേക്ക് പുറപ്പെടുന്നതിന് മുന്‍പായി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ, ആയുധങ്ങള്‍ കൈവെടിഞ്ഞ് സമാധാനം പുനഃസ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യവും പാപ്പാ ഓര്‍മ്മിപ്പിച്ചു.
പാലസ്തീനെ അംഗീകരിക്കുന്നത് പ്രശ്നപരിഹാരത്തിന് സഹായകരമായേക്കാമെന്ന് അഭിപ്രായപ്പെട്ട പാപ്പാ, എന്നാല്‍ മറുഭാഗത്തിന് ഇത് കേള്‍ക്കാനുള്ള താല്പര്യമില്ലെന്നും, ഇരു രാജ്യങ്ങളും തമ്മിലുള്ള സംവാദങ്ങള്‍ നിന്നുപോയെന്നും ഓര്‍മ്മിപ്പിച്ചു.
ഗാസായിലെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കവെ, അവിടെയുള്ള തിരുക്കുടുംബദേവാലയവുമായി ഇപ്പോഴും താന്‍ ബന്ധപ്പെടുന്നുണ്ടെന്നും, ഇടവകയില്‍ ഏവരും സുഖമായിരിക്കുന്നു എങ്കിലും ആക്രമണങ്ങള്‍ കൂടുതല്‍ അടുത്തെത്തിക്കൊണ്ടിരിക്കുകയാണെന്നും പാപ്പാ അറിയിച്ചു.
യൂറോപ്പിനെക്കുറിച്ചും റഷ്യന്‍ ആക്രമണങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ, സംഘര്‍ഷങ്ങള്‍ രൂക്ഷമാക്കാനുള്ള ശ്രമങ്ങളാണ് പലയിടങ്ങളിലും നടക്കുന്നതെന്നും, ഇത് അനുദിനം അപകടകരമായ രീതിയില്‍ കൂടുതല്‍ വഷളായി വരികയാണെന്നും അഭിപ്രായപ്പെട്ട പാപ്പാ, ആയുധം താഴെവയ്ക്കണമെന്നും, മിലിട്ടറി മുന്നേറ്റം തടയണമെന്നും ഓര്‍മ്മിപ്പിച്ചു.
പരസ്പരസംവാദങ്ങളുടെ വഴിയിലേക്ക് വരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രതിപാദിച്ച പാപ്പാ, യൂറോപ്പ് ഒരുമിച്ച് നിന്നിരുന്നെങ്കില്‍ ഏറെക്കാര്യങ്ങള്‍ ചെയ്യാനാകുമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു.
ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നതിനെക്കുറിച്ച് സംസാരിക്കവെ, യൂറോപ്പിന് പുറത്തുനിന്നുള്ള സമ്മര്‍ദ്ദം ഇതിന് പിന്നിലുണ്ടെന്നും, ഇതേക്കുറിച്ച് പരാമര്‍ശിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും പരിശുദ്ധ പിതാവ് വ്യക്തമാക്കി.
സമാധാനസ്ഥാപനത്തിനായുള്ള പരിശുദ്ധസിംഹാസനത്തിന്റെ നയതന്ത്രപരമായ ശ്രമങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ, അംബാസഡര്‍മാരുമായി തങ്ങള്‍ തുടര്‍ച്ചയായി സംസാരിക്കുന്നുണ്ടന്നും, രാജ്യത്തലവന്മാര്‍ എത്തുമ്പോള്‍ അവരിലൂടെയും പരിഹാരമാര്‍ഗ്ഗങ്ങള്‍ക്കായി തങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും ലിയോ പതിനാലാമന്‍ പാപ്പാ അറിയിച്ചു.
സെപ്റ്റംബര്‍ 22 തിങ്കളാഴ്ചയായിരുന്നു കസ്‌തേല്‍ ഗാന്തോള്‍ഫോയിലുള്ള വില്ല ബാര്‍ബരീനി എന്ന വേനല്‍ക്കാലവസതിയിലേക്ക് പാപ്പാ പോയത്.
സെപ്റ്റംബര്‍ 23 ചൊവ്വാഴ്ച വൈകുന്നേരം 9 മണിയോടെയാണ് പാപ്പാ വത്തിക്കാനിലേക്ക് മടങ്ങിയത്.