മാനവരാശി നേരിടുന്ന ദുരിതങ്ങള്‍ക്ക് മുന്നില്‍ നിശബ്ദരായിരിക്കാന്‍ സാധിക്കില്ലെന്ന് ലിയോ പതിനാലാമന്‍ പാപ്പാ
മദ്ധ്യപൂര്‍വ്വദേശങ്ങളില്‍ മനുഷ്യര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ അനുസ്മരിച്ചും, സമാധാനത്തിനായി പ്രാര്‍ത്ഥനകള്‍ക്ക് ക്ഷണിച്ചും ലിയോ പാപ്പാ.
മാര്‍ച്ച് 22 ഞായറാഴ്ച വത്തിക്കാനില്‍ പതിനായിരത്തോളം ആളുകള്‍ക്കൊപ്പം ത്രികാലജപപ്രാര്‍ത്ഥന നയിക്കവെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മനുഷ്യര്‍ ദുരിതങ്ങളിള്‍ നേരിടുന്നതില്‍ പരിശുദ്ധ പിതാവ് ആശങ്ക രേഖപ്പെടുത്തി.
യുദ്ധങ്ങളും ആക്രമണങ്ങളും സംഘര്‍ഷങ്ങളും മൂലം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മനുഷ്യര്‍ ദുരിതമനുഭവിക്കുന്നത് പരാമര്‍ശിച്ച പാപ്പാ, അനേകായിരങ്ങള്‍ നേരിടുന്ന ഇത്തരമൊരു നിസ്സഹായതയുടെ മുന്നില്‍ നിശ്ശബ്ദരായിരിക്കാന്‍ നമുക്ക് സാധിക്കില്ലെന്ന് പ്രസ്താവിച്ചു. യുദ്ധങ്ങളില്‍ മുറിപ്പെടുന്ന ആളുകള്‍ക്കൊപ്പം മുഴുവന്‍ മാനവികതയുമാണ് മുറിവിന്റെ വേദന പേറുന്നതെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.
ലോകത്ത് തുടരുന്ന യുദ്ധങ്ങള്‍ മരണവും വേദനയും വിതച്ചുകൊണ്ട് തുടരുന്നത് മാനവികതയ്ക്ക് അപമാനമാണ് വരുത്തി വയ്ക്കുന്നതെന്നും, സഹനങ്ങളിലൂടെ കടന്നുപോകുന്ന ആ ജനങ്ങളുടെ നിലവിളി ദൈവത്തിന് മുന്നില്‍ എത്തുന്നുണ്ടെന്നും പാപ്പാ പറഞ്ഞു. ശത്രുതകള്‍ അവസാനിപ്പിക്കാന്‍ പരിശുദ്ധ പിതാവ് സംഘര്‍ഷങ്ങളിലായിരിക്കുന്നവരോട് ആവശ്യപ്പെട്ടു.
യുദ്ധങ്ങളും സംഘര്‍ഷങ്ങളും അവസാനിപ്പിക്കുന്നതില്‍ സമാധാനപരവും ആത്മാര്‍ത്ഥവുമായ ചര്‍ച്ചകളുടെ പ്രാധാന്യം എടുത്തുപറഞ്ഞ പാപ്പാ, ഇതിനായി താന്‍ മുന്‍പ് നടത്തിയിട്ടുള്ള ആഹ്വാനം വീണ്ടും ശക്തമായി ആവര്‍ത്തിച്ചു.
കഴിഞ്ഞ ഏതാണ്ട് ഒരു മാസമായി മദ്ധ്യപൂര്‍വ്വദേശങ്ങളില്‍ തുടരുന്ന ആക്രമണങ്ങളുടെ ഭാഗമായി ആയിരത്തിലധികം ആളുകള്‍ ലെബനനില്‍ മാത്രം കൊല്ലപ്പെട്ടിരുന്നു. അതേസമയം ഞായറാഴ്ച രാവിലെ ഇസ്രായേലിലേക്ക് ഇറാന്‍ നടത്തിയ ആക്രമണങ്ങളില്‍ നൂറ്റിയറുപത് പേര്‍ക്കെങ്കിലും പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഇറാനില്‍ ആയിരത്തിനാനൂറിലധികം ആളുകള്‍ കൊല്ലപ്പെട്ടതായും പതിനെണ്ണായിരത്തോളം പേര്‍ക്ക് പരിക്കേറ്റതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.