സ്വർഗ്ഗീയ, ഭൗമിക നഗരങ്ങളുടെ വ്യത്യസ്തതകൾ പരാമർശിച്ചും സഭാപ്രബോധനങ്ങൾ മുന്നോട്ട് വച്ചും ലിയോ പതിനാലാമൻ പാപ്പാ

 
Papa

ഇക്വറ്റോറിയൽ ഗിനിയിലെ രാഷ്ട്ര, സാമൂഹിക നേതൃത്വങ്ങളും, രാജ്യത്തേക്കുള്ള നയതന്ത്രപ്രതിനിധികളും അടങ്ങുന്ന സദസ്സിനെ അഭിവാദ്യം ചെയ്തുകൊണ്ടുള്ള രാജ്യത്തെ തന്റെ പ്രഥമ പ്രഭാഷണം, തനിക്ക് നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞും, ആ രാജ്യം സന്ദർശിക്കുന്നതിലുള്ള സന്തോഷം വ്യക്തമാക്കിക്കൊണ്ടുമാണ് ലിയോ പതിനാലാമൻ പാപ്പാ ആരംഭിച്ചത്. 

"ദൈവമക്കളെന്ന നിലയിൽ, തങ്ങളുടെ ജീവിതാഭിലാഷങ്ങൾ യാഥാർത്ഥ്യവത്കരിക്കുന്നതിനുപകരിക്കുന്ന, യഥാർത്ഥ സ്വാതന്ത്ര്യം നീതി എന്നിവയുള്ള ഒരു സാമൂഹികാന്തരീക്ഷം സൃഷ്ടിക്കുന്ന പ്രതീകാത്മകമായ കേന്ദ്രമായാണ്" രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന തെയോദോറോ ഒബിയാങ് നഗ്വേമ മ്പാസോഗോയെ ആളുകൾ കാണുന്നതെന്ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ വിശേഷിപ്പിച്ചത് ലിയോ പതിനാലാമൻ പാപ്പാ അനുസ്മരിച്ചു. 

അധികാരം കൈയാളുന്ന ഏവർക്കും മുന്നിലുള്ള ഒരു ചോദ്യമാണ് ഇതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. അതിവേഗതയിൽ മാറ്റങ്ങൾക്ക് വിധേയരായിക്കൊണ്ടിരിക്കുന്നതും ക്രിസ്തുശിഷ്യരുമായ മനുഷ്യരുടെ വിശ്വാസത്തെ ദൃഢപ്പെടുത്താനായാണ് താൻ ഇവിടേക്കെത്തിയതെന്ന് പാപ്പാ പ്രസ്താവിച്ചു.

വിശുദ്ധ അഗസ്റ്റിനെ പരാമർശിച്ചുകൊണ്ട്, രണ്ട് നഗരങ്ങളെക്കുറിച്ച്, ദൈവത്തിന്റെ വ്യവസ്ഥകളില്ലാത്തതും, പ്രത്യേകിച്ച് പാവപ്പെട്ടവരോടുള്ളതുമായ സ്നേഹമുള്ള നിത്യതയുടെ നഗരത്തെയും, മനുഷ്യർ തങ്ങളുടെ മരണം വരെ ജീവിക്കുന്ന താത്കാലികമായ ഭൗമിക നഗരത്തെയും കുറിച്ച് പാപ്പാ സംസാരിച്ചു. ഓരോരുത്തരും തങ്ങളുടെ അനുദിനജീവിതത്തിലെ തീരുമാനങ്ങളിലൂടെ ഏത് രാജ്യത്തിൻറെ സ്വന്തമാണെന്ന് വെളിപ്പെടുത്തുന്നുണ്ടെന്ന് പാപ്പാ പറഞ്ഞു.

ഇക്വറ്റോറിയൽ ഗിനിയുടെ പുതിയ തലസ്ഥാനമായി "സമാധാനത്തിന്റെ നഗരം" എന്ന പേരിൽ ഒരു നഗരത്തിന്റെ പണികൾ ആരംഭിച്ചതിനെക്കുറിച്ച് പരാമർശിച്ച പാപ്പാ, ഈ പേര് വിശുദ്ധഗ്രന്ഥത്തിൽ പറയുന്ന ജെറുസലേമിനെയാണ് അനുസ്മരിപ്പിക്കുന്നത് എന്ന് പ്രസ്താവിച്ചു. ഏതുരാജ്യത്തെയാണ് സേവിക്കേണ്ടതെന്ന് ഓരോരുത്തരുടെയും മനഃസാക്ഷിക്ക് മുന്നിൽ ചോദ്യമുയർത്താൻ ഈയൊരു തീരുമാനം സഹായിക്കട്ടെയെന്ന് പറഞ്ഞ പാപ്പാ, അഹന്തയോടെയുള്ള സ്വാർത്ഥസ്നേഹമാണ് ഭൗമികനഗരത്തിന്റെ പ്രത്യേകതയെന്നാണ് വിശുദ്ധ അഗസ്റ്റിൻ പറയുകയെന്ന് ഓർമ്മിപ്പിച്ചു.

ഭൗമികമായ നഗരത്തിൽ താമസിക്കുമ്പോഴും സ്വർഗ്ഗീയനഗാരത്തിലേക്ക് ഹൃദയവും മനസ്സും നട്ട് ജീവിക്കാനാണ് ദൈവം ക്രൈസ്തവരെ വിളിക്കുന്നതെന്നാണ് വിശുദ്ധ അഗസ്റ്റിൻ പറയുക. ഈ ഭൂമിയിൽ, ഒരു സഞ്ചാരമെന്ന രീതിയിൽ ജീവിക്കാൻ മനുഷ്യർക്ക് സാധിക്കണമെന്ന് അബ്രാഹത്തെയും ഇസഹാക്കിനെയും യാക്കോബിനെയും പരാമർശിച്ചുകൊണ്ട് പാപ്പാ ഉദ്‌ബോധിപ്പിച്ചു. നിലനിൽക്കുന്നതും താത്കാലികവുമായവ തമ്മിൽ വേർതിരിച്ചറിയാൻ സാധിക്കുക എന്നതിന്റെ പ്രാധാന്യം പാപ്പാ എടുത്തുപറഞ്ഞു. വചനാധിഷ്ഠിതമായ ധാർമ്മികതയോടെയാണ് ക്രൈസ്തവർ ജീവിക്കേണ്ടതെന്ന് പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു

ആധുനികലോകം നേരിടുന്ന പുതിയ യാഥാർത്ഥ്യങ്ങൾക്ക് മുന്നിൽ സഭയുടെ സാമൂഹികപ്രമാണങ്ങൾ സംബന്ധിച്ച ഉദ്ബോധനങ്ങൾ ഒരു സഹായമായി നിൽക്കുന്നുണ്ടെന്ന് പാപ്പാ പ്രസ്താവിച്ചു. സമൂഹത്തിൽ നിലനിൽക്കുന്ന സാമൂഹ്യഅനീതിയും, സാമ്പത്തിക അസമത്വങ്ങളും സംബന്ധിച്ച് സംസാരിച്ച പാപ്പാ, എന്നാൽ ആധുനിക ലോകത്തിൽ പാവപ്പെട്ടവർക്ക് പോലും നവമാധ്യമങ്ങൾ വഴി എല്ലാ വിവരങ്ങളും തങ്ങളുടെ കൈവിരൽത്തുമ്പിൽ ലഭ്യമാകുന്നുണ്ട് എന്ന വിരോധാഭാസം നിലനിൽക്കുന്നുണ്ടെന്ന് ഓർമ്മിപ്പിച്ചു. സമഗ്രമാനവികവികസനത്തിന് തടസ്സമായി നിൽക്കുന്ന എല്ലാത്തിനെയും മാറ്റാൻ അധികാരവിഭാഗങ്ങൾക്കും രാഷ്ട്രീയ നേതൃത്വങ്ങൾക്കും കടമയുണ്ടെന്ന് പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു.

മറ്റുള്ളവരെ ഒഴിവാക്കുന്നതും, അസമത്വത്തിന്റേതുമായ ഒരു സാമ്പത്തികവ്യവസ്ഥിതിയോട് അരുതെന്ന് പറയാൻ നമുക്ക് സാധിക്കണമെന്ന ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ ആവർത്തിച്ച പാപ്പാ, പെട്രോൾഖനികൾക്കും മറ്റു വസ്തുക്കൾക്കും വേണ്ടിയുള്ള സായുധസംഘർഷങ്ങളെക്കുറിച്ച് അപലപിച്ചു. ആധുനികസാങ്കേതികത യുദ്ധാവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നതും, അന്താരാഷ്ട്രനിയമങ്ങളും ജനതകളുടെ സ്വയംനിർണ്ണയാവകാശവും ഹനിക്കപ്പെടുന്നതും പരിശുദ്ധ പിതാവ് പ്രത്യേകം എടുത്തുപറഞ്ഞു.

യുവരാജ്യമായ ഇക്വറ്റോറിയൽ ഗിനിക്ക്, തങ്ങളുടെ സ്വതന്ത്രവും ഉത്തരവാദിത്വപൂർണ്ണവുമായ മനഃസാക്ഷികളെ രൂപീകരിക്കുന്നതിനായി സഭയിൽനിന്ന് സഹായം തേടാനാകുമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. 

പൊതുനന്മ ലക്ഷ്യമാക്കിയും, യുവജനങ്ങൾക്ക് ഇടവും വിശ്വാസവും നൽകുന്നതുമായ ഒരു വ്യവസ്ഥിതിയുടെ പ്രാധാന്യം അനുസ്മരിപ്പിച്ച പാപ്പാ, "ദൈവത്തിന്റെ നഗരം, സമാധാനത്തിന്റെ നഗരം" സ്വർഗ്ഗീയമായ ഒരു ദാനമാണെന്ന നിലയിൽ സ്വീകരിക്കപ്പെടേണ്ടതുണ്ടെന്ന് ഓർമ്മിപ്പിച്ചു. 

ഒരുമിച്ച് പ്രത്യാശയോടെയും വിവേകത്തോടെയും, സമാധാനത്തിന്റെ നഗരമായ ദൈവത്തിന്റെ നഗരത്തിലേക്ക് സഞ്ചരിക്കാമെന്ന ആഹ്വാനത്തോടെയാണ് പാപ്പാ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.

Tags

Share this story

From Around the Web