വിന്‍സര്‍ സെന്റ് ജോര്‍ജ് ചാപ്പലിന്റെ 'പാപ്പല്‍ കോണ്‍ഫ്രാറ്റര്‍'  ആദരപൂര്‍വ്വമായ പദവി ലിയോ പതിനാലാമന്‍ മാര്‍പാപ്പ സ്വീകരിച്ചു

 
LEO PAPA


റോമന്‍ കത്തോലിക്കാ സഭയും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടും തമ്മിലുള്ള ഐക്യത്തിന്റെയും പരസ്പര സൗഹൃദത്തിന്റെയും പുതിയ അധ്യായം കുറിച്ചുകൊണ്ട് വിന്‍സര്‍ സെന്റ് ജോര്‍ജ് ചാപ്പലിന്റെ 'പാപ്പല്‍ കോണ്‍ഫ്രാറ്റര്‍' എന്ന ആദരപൂര്‍വ്വമായ പദവി ലിയോ പതിനാലാമന്‍ മാര്‍പാപ്പ സ്വീകരിച്ചു. ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ അംഗീകാരത്തോടും കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പിന്റെ പിന്തുണയോടും കൂടിയാണ് വിന്‍സറിലെ ഡീനും കാനോന്മാരും ഈ ചരിത്രപ്രധാനമായ നിയമനം പ്രഖ്യാപിച്ചത്. 


കഴിഞ്ഞ വര്‍ഷം റോമിലെ സെന്റ് പോള്‍സ് ബസിലിക്ക സന്ദര്‍ശിച്ച വേളയില്‍ ചാള്‍സ് രാജാവ് സ്വീകരിച്ച പദവിയുടെ തുടര്‍ച്ചയായാണ് മാര്‍പാപ്പയ്ക്കും ഈ ആദരവ് നല്‍കിയിരിക്കുന്നത്. പതിനാറാം നൂറ്റാണ്ടിലെ പ്രൊട്ടസ്റ്റന്റ് നവീകരണത്തെ തുടര്‍ന്ന് ഉടലെടുത്ത നൂറ്റാണ്ടുകള്‍ നീണ്ട സഭാപരമായ ഭിന്നതകള്‍ക്ക് ശേഷം, ഇരു സഭകളും തമ്മിലുള്ള ആത്മീയ ബന്ധവും സഹകരണവും കൂടുതല്‍ ശക്തമാകുന്നതിന്റെ പ്രതീകമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.


ഈ ചരിത്ര നിമിഷത്തിന്റെ സ്മരണയ്ക്കായി പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത സിംഹാസനങ്ങള്‍ വിന്‍സറിലും റോമിലെ ബസിലിക്കയിലും സ്ഥാപിക്കുന്നുണ്ട്. കൂടാതെ, വത്തിക്കാന്‍ സന്ദര്‍ശന വേളയില്‍ ലിയോ മാര്‍പാപ്പ സമ്മാനിച്ച വിശുദ്ധ ക്രിസ്തുവിന്റെ അപൂര്‍വ്വ മൊസൈക് ചിത്രം വിന്‍സര്‍ ചാപ്പലില്‍ പ്രതിഷ്ഠിക്കുന്ന ചടങ്ങില്‍ ചാള്‍സ് രാജാവ് പങ്കൈടുക്കും. ചരിത്രപരമായ അഭിപ്രായവ്യത്യാസങ്ങള്‍ പൂര്‍ണ്ണമായി ഇല്ലാതാകുന്നില്ലെങ്കിലും, ക്രൈസ്തവ ഐക്യവും സാഹോദര്യവും വളര്‍ത്താന്‍ ലിയോ മാര്‍പാപ്പയും ചാള്‍സ് രാജാവും നടത്തുന്ന ഈ ശ്രമങ്ങള്‍ ആഗോളതലത്തില്‍ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.

Tags

Share this story

From Around the Web