മിനിയാപ്പൊളിസിലെ കത്തോലിക്ക വിദ്യാലയത്തില്‍ നടന്ന വെടിവെപ്പില്‍ ദുഃഖം രേഖപ്പെടുത്തി ലിയോ പതിനാലാമന്‍ പാപ്പാ

വത്തിക്കാന്‍:മിനിയാപ്പൊളിസിലെ അനണ്‍സിയേഷന്‍ കാത്തലിക് ചര്‍ച്ച് ആന്‍ഡ് സ്‌കൂള്‍ കോംപ്ലക്‌സിലെ ദേവാലയത്തില്‍, അധ്യയനവര്‍ഷാരംഭത്തോടനുബന്ധിച്ചു നടന്ന വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന വെടിവയ്പ്പില്‍, പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്‍ പാപ്പാ അഗാധ ദുഃഖം രേഖപ്പെടുത്തുകയും, മരണമടഞ്ഞവരെ ദൈവീക കരുണയ്ക്ക് ഭരമേല്പിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുന്നുവെന്ന് അറിയിക്കുകയും ചെയ്തു.
വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടി, മിനിയാപൊളിസ് ആര്‍ച്ച് ബിഷപ്പ് ബെര്‍ണാഡ് ഹെബ്ഡയ്ക്ക് അയച്ച ടെലെഗ്രാം സന്ദേശത്തിലൂടെയാണ് പാപ്പാ തന്റെ ദുഃഖം രേഖപ്പെടുത്തിയത്.
ആക്രമണത്തില്‍, എട്ടും പത്തും വയസ്സുള്ള രണ്ട് കുട്ടികള്‍ കൊല്ലപ്പെടുകയും, 14 കുട്ടികളടക്കം 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരില്‍ ഏഴ് പേരുടെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അമേരിക്കയിലെ മിനിസോട്ട സംസ്ഥാനത്തെ ഏറ്റവും വലിയ നഗരമായ മിനിയാപ്പൊളിസിലുള്ള അനണ്‍സിയേഷന്‍ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തുകൊണ്ടിരുന്ന കുട്ടികള്‍ക്ക് നേരെ, പ്രാദേശിക സമയം രാവിലെ 8.30-ന് അക്രമി ജനലുകളിലൂടെ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമിയെ പിന്നീട് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു.
ഈ ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്ന എല്ലാവര്‍ക്കും, പ്രത്യേകിച്ച് കുട്ടികളെ നഷ്ടപ്പെട്ടതിന്റെ വേദനയിലായിരിക്കുന്ന കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പാപ്പാ തന്റെ ഹൃദയംഗമമായ അനുശോചനങ്ങള്‍ നേര്‍ന്നു.
മരണമടഞ്ഞ കുട്ടികളുടെ ആത്മാക്കളെ സര്‍വ്വശക്തനായ ദൈവത്തിന്റെ സ്‌നേഹത്തിന് സമര്‍പ്പിക്കുന്നുവെന്നും, പരിക്കേറ്റവര്‍ക്കും, ആരോഗ്യപ്രവര്‍ത്തകര്‍ക്കും, പലവിധ ശുശ്രൂഷകള്‍ നല്‍കുന്നവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും തന്റെ സന്ദേശത്തിലൂടെ പാപ്പാ ഉറപ്പുനല്‍കി.
മിനിയാപ്പൊളിസിലെ അനണ്‍സിയേഷന്‍ സ്‌കൂളില്‍ നിന്നുള്ള ദുരന്തവാര്‍ത്തകള്‍, സഭ, ഹൃദയഭേദകമായ ദുഃഖത്തോടെയാണ് സ്വീകരിക്കുന്നതെന്ന് യു.എസ്. മെത്രാന്‍ സമിതിയുടെ വൈസ് പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് വില്യം ലോറി തന്റെ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
ഈ ദാരുണസംഭവത്തില്‍ പ്രാര്‍ത്ഥനകളും സാമീപ്യവുമറിയിച്ച പരിശുദ്ധ പിതാവിനും മറ്റേവര്‍ക്കും മിനിയാപ്പൊളിസ് അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് ബെര്‍ണാഡ് ഹെബ്ദ നന്ദി പറഞ്ഞു. അതിരൂപതയിലെ വൈദികര്‍ക്കും ജനങ്ങള്‍ക്കും വേണ്ടി തുടര്‍ന്നും പ്രാര്‍ത്ഥനകള്‍ ആവശ്യമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും, അക്രമത്തെ അപലപിക്കുകയും, ദുരന്തത്തില്‍ അനുശോചനം അറിയിക്കുകയും ചെയ്തിരുന്നു.
സ്‌കൂളില്‍ നടന്ന ഈ അതിക്രമത്തിന് മുന്‍പായി നഗരത്തിന്റെ വിവിധയിടങ്ങളില്‍ 12 വെടിവയ്പ്പ് ആക്രമണങ്ങള്‍ ഉണ്ടായതായും മൂന്ന് പേര്‍ കൊല്ലപ്പെട്ടതായും എട്ട് പേര്‍ക്ക് പരിക്കേറ്റതായും പ്രാദേശിക പോലീസ് വൃത്തങ്ങള്‍ അറിയിച്ചുരുന്നു.