ഗാസായിലെ ദുരിതാവസ്ഥയില്‍ ആശങ്കയറിയിച്ചും പാലസ്തീന്‍ ജനതയ്ക്ക് ആശ്വാസമര്‍പ്പിച്ചും ലിയോ പതിനാലാമന്‍ പാപ്പാ

ആര്‍ക്കും അംഗീകരിക്കാനാകാത്തത്ര വിധത്തില്‍ ഭീതിജനകമായ അവസ്ഥയില്‍ ജീവിക്കാനും, തങ്ങളുടെ നാട്ടില്‍നിന്ന് നിര്‍ബന്ധിതമായി ഒഴിഞ്ഞുമാറാനും വിധിക്കപ്പെട്ട ഗാസായിലെ പാലസ്തീന്‍ ജനതയ്ക്ക് തന്റെ ശക്തമായ സാമീപ്യമറിയിച്ച് ലിയോ പതിനാലാമന്‍ പാപ്പാ.
സെപ്റ്റംബര്‍ 17 ബുധനാഴ്ച വത്തിക്കാനില്‍ അനുവദിച്ച പൊതുകൂടിക്കാഴ്ചയുടെ അവസാനം വിവിധ ഭാഷക്കാരായ ആളുകളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ്, തികച്ചും ദുരിതകരമായ അവസ്ഥയിലൂടെ കടന്നുപോകുന്ന പാലസ്തീന്‍ ജനതയെ പാപ്പാ അനുസ്മരിച്ചത്.
സര്‍വ്വശക്തനും, കൊല്ലരുതെന്ന് ആജ്ഞാപിച്ചവനുമായ ദൈവത്തിന്റെയും, മുഴുവന്‍ മാനവികചരിത്രത്തിന്റെയും മുന്നില്‍, എല്ലാ മനുഷ്യര്‍ക്കും തകര്‍ക്കപ്പെടരുതാത്ത ഒരു അന്തസ്സുണ്ടെന്നും, അത് ബഹുമാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണ്ടതാണെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.
അന്താരാഷ്ട്രമനുഷ്യാവകാശനിയമങ്ങള്‍ പൂര്‍ണ്ണമായി പാലിക്കപ്പെടാന്‍വേണ്ടി, വെടിനിറുത്തല്‍ പ്രഖ്യാപിക്കാനും, ബന്ദികളെ വിട്ടയക്കാനും, നയതന്ത്രചര്‍ച്ചകളിലൂടെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാനും താന്‍ മുന്നോട്ടുവച്ച അഭ്യര്‍ത്ഥന ആവര്‍ത്തിക്കുന്നതായും പാപ്പാ പ്രസ്താവിച്ചു.
സമാധാനത്തിന്റെയും നീതിയുടെയും ഒരു പുലരി വേഗം പിറക്കാനായി തന്നോടൊപ്പം ശക്തമായി പ്രാര്‍ത്ഥിക്കാന്‍ പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.
സെപ്റ്റംബര്‍ 16 ചൊവ്വാഴ്ച വൈകുന്നേരം കസ്‌തേല്‍ ഗാന്തോള്‍ഫോയിലുള്ള വില്ല ബാര്‍ബരീനി എന്ന തന്റെ വേനല്‍ക്കാലവസതിയില്‍നിന്ന് തിരികെ വത്തിക്കാനിലേക്ക് മടങ്ങുന്നതിന് മുന്‍പായി പത്രപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെ, ഗാസായിലെ ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങളില്‍ പാപ്പാ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
അവിടെയുള്ള തിരുക്കുടുംബദേവാലയം വികാരി ഫാ. റൊമനെല്ലിയുമായി സംസാരിച്ചതിനെപ്പറ്റിയും, അവിടുത്തെ വിശേഷങ്ങള്‍ അറിഞ്ഞതിനെപ്പറ്റിയും സംസാരിച്ച പാപ്പാ, അവര്‍ നിലവില്‍ തങ്ങളുടെ ഇടവകയില്‍ തുടരുകയാണെന്നും, അവിടുത്തെ സ്ഥിതിഗതികള്‍ മോശമായിക്കൊണ്ടിരിക്കുകയാണെന്നും, ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നും പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രായേല്‍ ഗാസാ സിറ്റിയിലുള്‍പ്പെടെയുള്ള ആക്രമണങ്ങള്‍ ശക്തമാക്കിയിരുന്നു. നിരവധി ആളുകള്‍ ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.