യഹൂദരുടെ ഉത്സവങ്ങള്‍ക്ക് ആശംസകള്‍ കൈമാറി ലിയോ പതിന്നാലാമന്‍

വത്തിക്കാന്‍:യഹൂദരുടെ മതോത്സവങ്ങളായ റോഷ് ഹ ഷാന, യോം കിപ്പൂര്‍, സുക്കോട്ട് എന്നിവയോടനുബന്ധിച്ച് പാപ്പാ ആശംസകള്‍ നേര്‍ന്നു.
റോമിലെ മുഖ്യ യഹൂദ റബീ റിക്കാര്‍ദൊ ദി സേഞ്ഞിക്ക് സെപ്റ്റംബര്‍ 22-ന് തിങ്കളാഴ്ചയാണ് ലിയൊ പതിനാലാമന്‍ പാപ്പാ ആശംസാ ടെലെഗ്രാം സന്ദേശം അയച്ചത്.
ജൂത പുതുവത്സരമാണ് റോഷ് ഹ ഷാന. സെപ്റ്റംബറിലൊ ഒക്ടോബറിലോ ആയിവരുന്ന ദ്വിദിന ഉത്സവമാണിത്.
യഹൂദ കലണ്ടറിലെ ഏറ്റവും വിശുദ്ധ ദിനമായി ആചരിക്കപ്പെടുന്നതാണ് ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും അനുതാപത്തിന്റെയും ദിനമായ യോം കിപ്പൂര്‍.
റോഷ് ഹ ഷാനയ്ക്കു ശേഷം പത്താം ദിനത്തിലാണ് ഈ പുണ്യദിനം. സുക്കോട്ട് കൂടാരത്തിരുന്നാള്‍ ആണ്. ഈജിപ്തില്‍ നിന്നുള്ള പുറപ്പാടിനു ശേഷം ഇസ്രായേല്‍ ജനം മരുഭൂമിയില്‍ അലഞ്ഞ ആ കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന ഒരാഴ്ച നീളുന്ന ഉത്സവമാണ് സുക്കോട്ട്.
ആസന്നമായിരിക്കുന്ന ഈ തിരുന്നാളുകളോടനുബന്ധിച്ച് റബീ റിക്കാര്‍ദൊ ദി സേഞ്ഞിക്കും റോമിലെ യഹൂദ സമൂഹത്തിനു മുഴുവനും താന്‍ ഹൃദയംഗമാമായി ആശംസകള്‍ അര്‍പ്പിക്കുകയും കഴിഞ്ഞ മെയ് 18-ന് തന്റെ പത്രോസിനടുത്ത ശുശ്രൂഷയുടെ ആരംഭദിനത്തില്‍ റബീ സേഞ്ഞി പങ്കെടുത്തത് കൃതജ്ഞതാപുര്‍വ്വം അനുസ്മരിക്കുകയും ചെയ്യുന്നുവെന്ന് പാപ്പാ ആശംസാസന്ദേശത്തില്‍ അറിയിക്കുന്നു.
നിത്യനായ ദൈവം തന്റെ അപരിമേയ നന്മയാല്‍ യഹൂദ സമൂഹത്തിന്റെ ചാരെയായിരിക്കട്ടെയെന്നും, നമുക്കിടയിലും, റോം നഗരത്തിലും, ലോകമെമ്പാടും ആഴത്തിലുള്ള സൗഹൃദം നിലനിര്‍ത്താന്‍ നമ്മള്‍ നടത്തുന്ന എല്ലാ ശ്രമങ്ങളെയും തുണയ്ക്കട്ടെയെന്നും പാപ്പാ ആശംസിക്കുന്നു.
ദൈവം, തന്റെ അനന്തമായ കാരുണ്യത്താല്‍, സമാധാന ദാനവും അത് സദാ പരിപോഷിപ്പിക്കാനുള്ള അശ്രാന്ത അഭിവാഞ്ഛയും നമുക്ക് പ്രദാനം ചെയ്യട്ടെയെന്നും പാപ്പാ പ്രാര്‍ത്ഥിക്കുന്നു.
നിങ്ങള്‍ക്ക് സമാധാനം എന്നര്‍ത്ഥം വരുന്ന ഷാലോം അലെഹെം എന്ന ഹീബ്രു ഭാഷയിലുള്ള ആശംസയോടെയാണ് പാപ്പാ ടെലെഗ്രാം സന്ദേശം ഉപസംഹരിക്കുന്നത്.