ക്രിസ്തുവിനോട് ചേര്‍ന്ന് ക്രൈസ്തവസാക്ഷ്യമേകി ജീവിക്കാന്‍ യുവജനങ്ങളെ ആഹ്വാനം ചെയ്ത് ലിയോ പതിനാലാമന്‍ പാപ്പാ

 
LEO1


വത്തിക്കാന്‍: ലോകം നേരിടുന്ന ദുരിതങ്ങളുടെയും, ലോകത്തിന്റെ പ്രതീക്ഷകളുടെയും മുന്നില്‍ യേശുക്രിസ്തുവിലേക്ക് കണ്ണുകള്‍ നട്ട് ജീവിക്കാനും, കുരിശില്‍ വച്ച് അമ്മയായി അവനേകിയ പരിശുദ്ധ അമ്മയോടുള്ള ബന്ധം കാത്തുസൂക്ഷിക്കാനും, ലോകത്ത് ക്രൈസ്തവസാക്ഷ്യമേകാനും യുവജനങ്ങളെ ആഹ്വാനം ചെയ്ത് ലിയോ പതിനാലാമന്‍ പാപ്പാ. 


ജപമാലരാജ്ഞിയായ പരിശുദ്ധ അമ്മയുടെ തിരുനാള്‍ ആഘോഷിക്കുന്ന ഒക്ടോബര്‍ 7-ന് ഒപ്പിട്ട് ആഗോള യുവജനദിനത്തിലേക്കായി താന്‍ നല്‍കിയ  പ്രഥമസന്ദേശത്തിലൂടെയാണ് ഇത്തരമൊരു ആഹ്വാനം പാപ്പാ മുന്നോട്ടുവച്ചത്.

ദൈവത്തില്‍നിന്നുള്ള അനുഗ്രഹമായി നമുക്ക് ലഭിക്കുന്ന ക്രിസ്തുവുമായുള്ള സ്‌നേഹം അനുഭവിക്കുന്ന വ്യക്തികളെന്ന നിലയില്‍, ലോകത്ത് ക്രൈസ്തവവിശ്വാസത്തിന് സാക്ഷികളാകാനും, സമൂഹങ്ങളില്‍ സമാധാനത്തിന്റെ വക്താക്കളാകാനുമാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്ന് പാപ്പാ യുവജനങ്ങളെ ഓര്‍മ്മിപ്പിച്ചു.


 ക്രിസ്തുവിനോടൊത്തായിരിക്കാനും, അതുവഴി അവനുമായുള്ള സ്‌നേഹത്തില്‍ വളരാനും ഉള്ള വിളിയെക്കുറിച്ച് പരാമര്‍ശിച്ച പാപ്പാ, തത്വപരമായ പ്രഭാഷണങ്ങളും ആശയകൈമാറ്റങ്ങളും കൊണ്ട് മാത്രമല്ല, ആന്തരികമായ പരിവര്‍ത്തനം കൊണ്ട് കൂടി വേണം നാം സാക്ഷ്യം നല്‍കേണ്ടതെന്ന് തന്റെ സന്ദേശത്തില്‍ എഴുതി.

എല്ലാ വിധത്തിലും സ്വാതന്ത്രരായിരുന്നുകൊണ്ട്, എല്ലാ അധികാരങ്ങളുടെയും ശക്തികളുടെയും മുന്നിലും വിശ്വാസത്തിന് സാക്ഷ്യം നല്‍കാന്‍ യുവജനങ്ങള്‍ക്ക് സാധിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. 

നമ്മെ രക്ഷിക്കുന്ന ക്രിസ്തുവിലേക്ക് വിരല്‍ചൂണ്ടുകയാണ് യഥാര്‍ത്ഥ ക്രൈസ്തവസാക്ഷ്യം എന്ത്കൊണ്ട് നാം ഉദ്ദേശിക്കുന്നതെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സംഘര്‍ഷങ്ങളുടെയും യുദ്ധങ്ങളുടെയും കൂടി പശ്ചാത്തലത്തില്‍, ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ യുവജനങ്ങള്‍ ദുരിതപൂര്‍ണ്ണമായ ഒരവസ്ഥയില്‍, വിദ്യാഭ്യാസവും, തങ്ങളുടെ ലക്ഷ്യങ്ങളും നേടാനാകാതെ കഴിയുന്നുണ്ടെന്ന് ഓര്‍മ്മിപ്പിച്ച പാപ്പാ, അവരോട് സമീപസ്ഥരായിരുന്നുകൊണ്ട്, ക്രിസ്തുവില്‍ പിതാവായ ദൈവം എല്ലാവരെയും തന്നോട് ചേര്‍ത്തുനിറുത്തുന്നുണ്ടെന്ന സത്യം അറിയിക്കേണ്ടതിന്റെ പ്രാധാന്യം തന്റെ സന്ദേശത്തില്‍ പ്രത്യേകം എടുത്തുപറഞ്ഞു.

ക്രിസ്തുവുമായുള്ള ആഴമേറിയ ബന്ധത്തിലൂടെ തങ്ങളുടെ ജീവിതലക്ഷ്യവും അര്‍ത്ഥവും കണ്ടെത്തിയവരെക്കുറിച്ച് പഠിക്കേണ്ടതിന്റെ ആവശ്യം എടുത്തുപറഞ്ഞ പാപ്പാ, ജീവിതത്തിന്റെ ആഴമേറിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം, വേഗം നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റുകയും എന്നാല്‍ മടുത്ത മനസ്സും ഒഴിഞ്ഞ ഹൃദയവുമുള്ളവരാക്കി നമ്മെ മാറ്റുകയും ചെയ്യുന്ന മൊബൈലില്‍ ഏറെ സമയം ചിലവഴിക്കുന്നതിലൂടെയല്ല ലഭിക്കുന്നതെന്ന് ഓര്‍മ്മിപ്പിച്ചു.

നിസംഗതയും ആദ്ധ്യാത്മികജീവിതത്തിലെ അലസതയും അവസാനിപ്പിച്ച്, സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റേതുമായ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാനും, ഏവര്‍ക്കും മെച്ചപ്പെട്ട ഒരു ലോകം കെട്ടിപ്പടുക്കാനും പാപ്പാ യുവജനങ്ങളെ ആഹ്വാനം ചെയ്തു.

വിശ്വാസവുമായി ബന്ധപ്പെട്ട തെറ്റായ ഉദ്‌ബോധനങ്ങളിലൂടെ പരസ്പരഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുന്നവരുടെ വാക്കുകള്‍ക്ക് കാതുകൊടുക്കാതെ, ഭിന്നിച്ചുനില്‍ക്കുന്നതും അടിച്ചമര്‍ത്തപ്പെട്ടതുമായ സമൂഹങ്ങളെ അനുരഞ്ജനത്തിലേക്ക് നയിക്കാനും, അസമത്വങ്ങള്‍ നീക്കാനുമുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകാനും പാപ്പാ യുവജനങ്ങളെ ക്ഷണിച്ചു.

സ്വാര്‍ത്ഥത കൈവെടിഞ്ഞ്, ദൈവസ്വരത്തിന് കാതോര്‍ക്കാനും, സമാധാനത്തിന്റെ വക്താക്കളാകാനും യുവജനങ്ങളോട് ആഹ്വാനം ചെയ്ത പാപ്പാ, ദൈവാത്മാവിനെ ഉള്ളില്‍ കൊണ്ടുനടക്കുന്നവരുടെ സാക്ഷ്യത്തിലൂടെയാണ് ഉത്ഥിതനായ ക്രിസ്തുവിന്റെ സമ്മാനമാകുന്ന സമാധാനം ലോകത്ത് ദൃശ്യമാകുകയെന്ന് ഓര്‍മ്മിപ്പിച്ചു.

2024-ല്‍ കൊറിയയിലെ സിയൂളില്‍ വച്ച് നടക്കാനിരിക്കുന്ന ആഗോളയുവജനസംഗമത്തിന് തയ്യാറെടുക്കുന്നതിന്റെ ഭാഗം കൂടിയാണ് നവംബര്‍ 23-ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ രൂപതാതലത്തില്‍ ആഘോഷിക്കപ്പെടുന്ന യുവജനദിനം.
 

Tags

Share this story

From Around the Web