സിസ്റ്റര്‍ മറിയം നിര്‍മലിനിയെ വത്തിക്കാന്‍ ഡിക്കാസ്റ്ററി കണ്‍സള്‍ട്ടന്റായി നിയമിച്ച് ലെയോ പതിനാലാമന്‍ പാപ്പ
സമര്‍പ്പിത ജീവിതത്തിനും അപ്പസ്‌തോലിക ജീവിത സമൂഹങ്ങള്‍ക്കുമുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ കണ്‍സള്‍ട്ടന്റായി (ഉപദേശക) ഇന്‍ഡിപെന്‍ഡന്റ് അപ്പസ്‌തോലിക് കര്‍മ്മല്‍ (എ.സി.) സഭാംഗമായ സിസ്റ്റര്‍ മരിയ നിര്‍മലിനിയെ ലെയോ പതിനാലാമന്‍ മാര്‍പാപ്പ നിയമിച്ചു. അഞ്ച് വര്‍ഷത്തേക്കാണ് ഈ നിയമനം. അപ്പസ്‌തോലിക് കര്‍മ്മല്‍ സഭയുടെ സുപ്പീരിയര്‍ ജനറലും കോണ്‍ഫറന്‍സ് ഓഫ് റിലീജിയസ് ഇന്ത്യയുടെ പ്രസിഡന്റുമായി നിലവില്‍ സേവനം അനുഷ്ടിച്ചു വരികയാണ് സിസ്റ്റര്‍ മരിയ നിര്‍മലിനി.
2026 ജൂണ്‍ 18-ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ച ഔദ്യോഗിക രേഖയിലൂടെയാണ് ഈ നിയമന വിവരം അറിയിച്ചത്. കത്തോലിക്കാ സഭയിലെ വിവിധ സന്ന്യാസ സമൂഹങ്ങളുടെ ഭരണനിര്‍വഹണം, ദൗത്യങ്ങള്‍, ആത്മീയ ജീവിതം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വത്തിക്കാന്‍ ഡിക്കാസ്റ്ററിയെ സഹായിക്കുക എന്നതാണ് കണ്‍സള്‍ട്ടന്റുമാരുടെ പ്രധാന ചുമതല.
ലോകമെമ്പാടുമുള്ള സന്ന്യാസ സമൂഹങ്ങള്‍ പുതിയ വെല്ലുവിളികളെയും ദൗത്യങ്ങളെയും അഭിമുഖീകരിക്കുന്ന ഈ കാലഘട്ടത്തില്‍, സഭയുടെ ആഗോള തലത്തിലുള്ള തീരുമാനങ്ങളില്‍ ഒരു ഇന്ത്യന്‍ സന്ന്യാസിനിയുടെ വീക്ഷണവും അനുഭവ സമ്പത്തും പങ്കുവെക്കാന്‍ ഈ നിയമനം വഴി സാധിക്കും. സഭയുടെ ഭരണത്തിലും തീരുമാനങ്ങളെടുക്കുന്ന പ്രക്രിയകളിലും വനിതാ സന്ന്യാസിനികളുടെയും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സന്ന്യാസ നേതാക്കളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതില്‍ ഈ നിയമനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.