കുട്ടികള്‍ക്ക് ചികിത്സാസഹായമേകുന്ന സംഘടനാപ്രതിനിധികള്‍ക്ക് കൂടിക്കാഴ്ച അനുവദിച്ച് ലിയോ പതിനാലാമന്‍ പാപ്പാ
കുട്ടികള്‍ക്ക് ചികിത്സയുമായി ബന്ധപ്പെട്ട സഹായസഹകരണങ്ങള്‍ നല്‍കുകയും, കുട്ടികള്‍ക്കായുള്ള ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നതിന് ശ്രമിക്കുകയും ചെയ്യുന്ന 'ലോകത്ത് കുട്ടികള്‍ക്കായുള്ള ആശുപത്രികളുടെ രക്ഷാധികാരികള്‍' എന്ന പേരിലുള്ള സംഘടനയുടെ പ്രതിനിധി സംഘത്തിന് ലിയോ പതിനാലാമന്‍ പാപ്പാ കൂടിക്കാഴ്ച അനുവദിച്ചു.
മാര്‍ച്ച് നാലാം തീയതി വത്തിക്കാനിലെ പത്രോസിന്റെ ചത്വരത്തില്‍ അനുവദിച്ച പൊതുകൂടിക്കാഴ്ചയ്ക്ക് ശേഷം പോള്‍ ആറാമന്‍ സമുച്ചയത്തിലുള്ള ഒരു ചെറുശാലയിലാണ് ഈ കൂടിക്കാഴ്ച നടന്നത്.
ടെലാഡോക് ലൈറ്റ് എന്ന പേരില്‍, വിദൂരങ്ങളില്‍നിന്ന് ദൃശ്യമാധ്യമങ്ങള്‍ വഴി രോഗീസന്ദര്‍ശനം സാധ്യമാക്കുന്ന ഒരു യന്ത്രം സംഘടന പാപ്പായ്ക്ക് സമ്മാനമായി നല്‍കി.
ഉന്നതനിലവാരമുള്ള ഡിജിറ്റല്‍ സന്ദര്‍ശനം വഴി, നേരിട്ടുള്ള രോഗീസന്ദര്‍ശനത്തിന് തുല്യമായ അനുഭവം ഉറപ്പാക്കുന്ന ഈ ഉപകരണത്തിന്റെ പ്രവര്‍ത്തനം പാപ്പായ്ക്ക് മുന്നില്‍ കാണിച്ചുകൊടുക്കുന്നതിന്റെ ഭാഗമായി, അര്‍ജന്റീനയുമായുള്ള ഒരു വിദൂര മെഡിക്കല്‍ കൂടിക്കാഴ്ച്ച സംഘടന നടത്തി.
ഫ്രാന്‍സിസ് പപ്പയുടെ നിര്‍ദ്ദേശപ്രകാരം, 'കുട്ടികള്‍ക്കായുള്ള ആരോഗ്യ, മാനവിക ശുശ്രൂഷകള്‍ക്കുള്ള പാപ്പായുടെ ആഗോള കൂട്ടുകെട്ട്' എന്ന പേരില്‍, റോമിലുള്ള 'ബംബീനോ ജെസു' ആശുപത്രി കൂടി ഉള്‍ക്കൊള്ളുന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടി 2024 മെയ് മുതല്‍ ക്രോഡീകരിക്കുന്ന ഈ അന്താരാഷ്ട്ര ശൃംഖല, ലോകമെമ്പാടും കുട്ടികള്‍ക്കായുള്ള ആശുപത്രികളുടെയും ആരോഗ്യപരിപാലനകേന്ദ്രങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുകയും അവയെ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ്.
മൂന്ന് വയസ്സുവരെയുള്ള പത്തുലക്ഷത്തോളം കുട്ടികള്‍ക്ക് സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ, ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയാണ് 'ലോകത്ത് കുട്ടികള്‍ക്കായുള്ള ആശുപത്രികളുടെ രക്ഷാധികാരികള്‍' എന്ന പേരിലുള്ള ഈ അമേരിക്കന്‍ പ്രസ്ഥാനം.