സമര്‍പ്പിതകള്‍ നല്‍കുന്ന സേവനങ്ങള്‍ക്ക് നന്ദി പറഞ്ഞും സുവിശേഷസാക്ഷ്യം തുടരാന്‍ ആഹ്വാനം ചെയ്തും ലിയോ പതിനാലാമന്‍ പാപ്പാ
വത്തിക്കാന്‍: സുവിശേഷസാക്ഷ്യം നല്‍കുന്നത് തുടര്‍ന്നും മറ്റുള്ളവര്‍ക്ക് ആശ്വാസം പകര്‍ന്നും പ്രത്യാശയുടെ തീര്‍ത്ഥാടകരും മിഷനറി ശിഷ്യകളുമായി സമര്‍പ്പിതജീവിതം തുടരാന്‍ സന്ന്യസ്തസഹോദരിമാരെ ആഹ്വാനം ചെയ്ത് ലിയോ പതിനാലാമന്‍ പാപ്പാ.
സമര്‍പ്പിത സുപ്പീരിയര്‍ ജനറല്‍മാരുടെ അന്താരാഷ്ട്ര സംഘടനയുടെ സ്ഥാപനത്തിന്റെ അറുപതാം വാര്‍ഷികവുമായി ബന്ധപ്പെട്ട് പ്രസിഡന്റ് സി. ഊന ഓഷ്യയ്ക്കയച്ച സന്ദേശത്തിലാണ് ഇത്തരമൊരു ആഹ്വാനം പാപ്പാ നല്‍കിയത്.
വിശ്വസ്തതയോടെയും ധൈര്യപൂര്‍വ്വവും ലോകത്തിന്റെ എല്ലാ ഭൂഖണ്ഡങ്ങളിലും രാജ്യങ്ങളിലും തങ്ങളുടെ സേവനങ്ങളും സുവിശേഷസാക്ഷ്യവും നല്‍കുന്നതില്‍ സന്ന്യസ്തസഹോദരിമാര്‍ക്ക് പാപ്പാ നന്ദി പറഞ്ഞു.
കഴിഞ്ഞ അറുപത് വര്‍ഷങ്ങളില്‍ സമര്‍പ്പിത സുപ്പീരിയര്‍ ജനറല്‍മാരുടെ അന്താരാഷ്ട്രസംഘം, വിവിധ സന്ന്യസ്തസഭാസമൂഹങ്ങളുടെ നേതൃത്വങ്ങള്‍ക്കിടയില്‍ സംവാദങ്ങള്‍ പ്രോത്സാഹിപ്പിച്ചും പരസ്പരം തങ്ങളുടെ സിദ്ധികള്‍ പങ്കുവച്ചും സഭയുടെയും ലോകത്തിന്റെയും നന്മയ്ക്കായി ആത്മാവിന്റെ ഫലദാനങ്ങള്‍ പകര്‍ന്നും അതിന്റെ സ്ഥാപനലക്ഷ്യം നടപ്പില്‍ വരുത്തിക്കൊണ്ട് മുന്നോട്ട് പോയെന്ന് പാപ്പാ പ്രസ്താവിച്ചു.
ലോകത്തിന്റെ വിവിധയിടങ്ങളില്‍ സന്ന്യസ്ത സഹോദരിമാര്‍ നല്‍കുന്നത് സുവിശേഷത്തിന്റെ ശക്തമായ സാക്ഷ്യമാണെന്ന് അഭിപ്രായപ്പെട്ട പാപ്പാ പ്രത്യാശയുടെ ജൂബിലി വര്‍ഷത്തിലാണ് ഈ അറുപതാം വാര്‍ഷികവുമെന്നത് പ്രത്യേകം അനുസ്മരിക്കുകയും ഇത് ഒരു കൃപയാണെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു.
ലോകത്ത് തീര്‍ത്ഥാടകരും പ്രത്യാശയുടെ മിഷനറി ശിഷ്യകളുമായി മുന്നോട്ടുപോകാന്‍ സന്ന്യസ്തര്‍ക്കുള്ള പ്രത്യേക വിളിയും സമര്‍പ്പണവും പാപ്പാ പ്രത്യേകം എടുത്തുപറഞ്ഞു. തങ്ങളുടെ വിളിയിലും സമര്‍പ്പണത്തിലും ആഴപ്പെട്ടും പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെട്ടും വിശ്വാസം പുനഃരാരംഭിക്കാനും മുറിവുകള്‍ സൗഖ്യപ്പെടുത്താനും ദൈവജനത്തെ സഹാനുഭൂതിയോടെയും സന്തോഷനിര്‍ഭരമായ സ്ഥിരോത്സാഹത്തോടെയും അനുധാവനം ചെയ്യാനും പാപ്പാ സന്ന്യസ്തരെ ആഹ്വാനം ചെയ്തു.
1965 ഡിസംബര്‍ 8-ന് പോള്‍ ആറാമന്‍ പാപ്പായാണ് സമര്‍പ്പിത സുപ്പീരിയര്‍ ജനറല്‍മാരുടെ അന്താരാഷ്ട്ര സംഘടന സ്ഥാപിച്ചത്. ഈ വാര്‍ഷികവുമായി ബന്ധപ്പെട്ട്, 'സമര്‍പ്പിത ജീവിതം, പരിവര്‍ത്തനം ചെയ്യുന്ന പ്രത്യാശ' എന്ന പേരില്‍ സംഘടന ഒരു രേഖ പുറത്തുവിട്ടിരുന്നു.
ലോകത്തുള്ള വിവിധ സന്ന്യസ്തസഭാസമൂഹങ്ങളുടെ വിവരങ്ങളും വ്യത്യസ്ത സംസ്‌കാരങ്ങളിലും ഭൂഖണ്ഡങ്ങളിലും സമര്‍പ്പിതജീവിതത്തിന്റെ ഇന്നത്തെ അവസ്ഥയും ഉള്‍ക്കൊള്ളുന്നതാണ് ഈ രേഖ.