ടെക്‌സാസിലെ വെള്ളപ്പൊക്ക ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥനയുമായി ലെയോ പതിനാലാമന്‍ മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ടെക്‌സാസിലെ വെള്ളപ്പൊക്ക ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥനയുമായി ലെയോ പതിനാലാമന്‍ മാര്‍പാപ്പ. ഇന്നലെ ഞായറാഴ്ച സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ ഒത്തുകൂടിയ തീര്‍ത്ഥാടകര്‍ക്കൊപ്പം ത്രികാല പ്രാര്‍ത്ഥന നടത്തിയ ശേഷമാണ് ദുരന്തത്തിന് ഇരയായവരെ പാപ്പ പ്രത്യേകം അനുസ്മരിച്ചത്.
അമേരിക്കയിലെ ടെക്‌സാസിലെ ഗ്വാഡലൂപ്പ് നദിയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ദുരന്തത്തിന് ഇരയായ പ്രിയപ്പെട്ടവരെ, പ്രത്യേകിച്ച് വേനല്‍ക്കാല ക്യാമ്പിലുണ്ടായിരുന്ന മക്കളെ നഷ്ടപ്പെട്ട എല്ലാ കുടുംബങ്ങള്‍ക്കും ആത്മാര്‍ത്ഥമായ അനുശോചനം അറിയിക്കുകയാണെന്നും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്നും പാപ്പ പറഞ്ഞു.
അതേസമയം മധ്യ ടെക്സാസിലെ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ 78 ആയി ഉയര്‍ന്നു. 41 പേരെ കാണാതായി. മരണസംഖ്യ ഉയരാനിടയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. മരിച്ചവരില്‍ 28 പേര്‍ കുട്ടികളാണ്. ഗ്വാഡലൂപ് നദിക്കരയിലെ പ്രസിദ്ധമായ ക്യാംപ് മിസ്റ്റിക്കില്‍ ഉണ്ടായിരുന്ന 10 പെണ്‍കുട്ടികളെ ഇനിയും കണ്ടെത്താനുണ്ട്.
മിന്നല്‍ പ്രളയമുണ്ടായ സമയത്ത് 700 പെണ്‍കുട്ടികളാണ് ക്യാംപ് മിസ്റ്റിക്കില്‍ ഉണ്ടായിരുന്നത്. ക്യാംപിലെ കാബിനുകള്‍ക്കുള്ളില്‍ ആറടിപ്പൊക്കത്തില്‍ വെള്ളം വന്നു നിറഞ്ഞിരിന്നു. കത്തോലിക്ക സന്നദ്ധ സംഘടനയുടെ മൊബൈല്‍ റിലീഫ് യൂണിറ്റുകള്‍ ഉള്‍പ്പെടെ നിരവധി സംഘടനകള്‍ ഭക്ഷണം, വെള്ളം എന്നിവ ദുരിതബാധിതരിലേക്ക് എത്തിക്കുവാന്‍ പ്രയത്‌നം തുടരുകയാണ്.