ബങ്കി സ്‌കൂള്‍ ദുരന്തത്തിന്റെ ഇരകള്‍ക്കായി പ്രാര്‍ത്ഥിച്ചും സമാധാനത്തിനായി അഭ്യര്‍ത്ഥിച്ചും ലിയോ പതിനാലാമന്‍ പാപ്പാ

വത്തിക്കാന്‍: മദ്ധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്ക് തലസ്ഥാനമായ ബങ്കിയിലെ ബര്‍തെലെമി ബൊഗാണ്ട ഹൈസ്‌കൂളില്‍ നിരവധി കുട്ടികളുടെ മരണത്തിനും ഇരുനൂറിലധികം കുട്ടികള്‍ക്ക് പരിക്കിനും കാരണമായ അപകടത്തില്‍ അനുശോചനങ്ങളും പ്രാര്‍ത്ഥനകളും അറിയിച്ച് ലിയോ പതിനാലാമന്‍ പാപ്പാ.
ജൂണ്‍ 29 ഞായറാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ മധ്യാഹ്നപ്രാര്‍ത്ഥന നയിച്ച അവസരത്തിലാണ് മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലുണ്ടായ ഈ ദാരുണസംഭവത്തെക്കുറിച്ച് പാപ്പാ പരാമര്‍ശിച്ചത്.
ഈ ദാരുണ അപകടത്തില്‍ ദുഖാര്‍ത്ഥരായ ഹൈസ്‌കൂള്‍ സമൂഹത്തിന് തന്റെ പ്രാര്‍ത്ഥനകള്‍ ഉറപ്പുനല്‍കിയ പാപ്പാ, കര്‍ത്താവ് ഈ ദാരുണമായ അപകടത്തില്‍ ഇരകളായവരുടെ കുടുംബങ്ങളെയും അവിടുത്തെ സമൂഹത്തെ മുഴുവനെയും സമാശ്വസിപ്പിക്കട്ടെയെന്ന് ആശംസിച്ചു.
ജൂണ്‍ 25 ബുധനാഴ്ച ഉണ്ടായ ഒരു വൈദ്യുത സ്‌ഫോടനത്തിന്റെ ശബ്ദത്തില്‍ ഭയചകിതരായി സ്‌കൂള്‍ കുട്ടികള്‍ രക്ഷപെടാനായി നടത്തിയ ഓട്ടത്തിനിടയിലുണ്ടായ തിക്കിലും തിരക്കിലും 29 കുട്ടികള്‍ മരണമടയുകയായിരുന്നു. സംഭവത്തില്‍ 260 പേര്‍ക്കെങ്കിലും പരിക്കേറ്റിരുന്നു.
വാര്‍ഷിക പരീക്ഷയ്ക്കായി കാത്തിരുന്ന 5000-ഓളം വരുന്ന കുട്ടികള്‍, സ്‌കൂളിന് സമീപത്തുള്ള ഒരു ട്രാന്‍സ്‌ഫോര്‍മറിലേക്ക് വൈദ്യുതപ്രവാഹം പുനഃസ്ഥാപിച്ചപ്പോള്‍ വന്‍ ശബ്ദത്തോടെ ഉണ്ടായപൊട്ടിത്തെറിയില്‍ പേടിച്ച് പുറത്തേക്ക് ഓടുകയും ഇത്തരമൊരു ദാരുണ അപകടം ഉണ്ടാവുകയുമാണ് ചെയ്തത്.