ആഗോളതലത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരെ ഉൾക്കൊള്ളുന്ന പുതിയ ലോകവ്യവസ്ഥയ്ക്കായി ആഹ്വാനം ചെയ്ത് ലെയോ മാർപാപ്പ

 
Leo paoa

ആഗോളതലത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരെ ഉൾക്കൊള്ളുന്ന പുതിയ ലോകവ്യവസ്ഥയ്ക്കായി ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ മാർപാപ്പ. ചരിത്രപരമായ തന്റെ അൾജീരിയൻ സന്ദർശനത്തിന്റെ ഭാഗമായി നയതന്ത്ര പ്രതിനിധികളെയും സിവിൽ സൊസൈറ്റി അംഗങ്ങളെയും അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ.

‘സമാധാനത്തിന്റെ തീർഥാടകൻ’ എന്ന നിലയിലാണ് താൻ ഇവിടെ എത്തിയിരിക്കുന്നതെന്ന് പാപ്പ വ്യക്തമാക്കി. ​അൾജിയേഴ്സിലെ ജമാഅ എൽ ജസായിർ കോൺഫറൻസ് സെന്ററിൽ ഫ്രഞ്ച് ഭാഷയിലായിരുന്നു പാപ്പയുടെ പ്രസംഗം.


അൾജീരിയൻ ജനതയുടെ അതിഥിസൽക്കാരത്തെയും ഐക്യദാർഢ്യത്തെയും പ്രകീർത്തിച്ച പാപ്പ, കരുണയില്ലാത്ത മതവും ഐക്യദാർഢ്യമില്ലാത്ത സമൂഹവും ദൈവത്തിനു മുൻപിൽ വലിയ അപരാധമാണെന്ന് ഓർമ്മിപ്പിച്ചു. മറ്റുള്ളവരുടെ കഷ്ടപ്പാടുകൾക്കു നേരെ കണ്ണടച്ച് സമ്പത്ത് കുന്നുകൂട്ടുന്നത് അനീതിയാണ്.
​അധികാരം ഭരിക്കാനല്ല, മറിച്ച് ജനങ്ങളെ സേവിക്കാനായിരിക്കണം. യുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ നൽകുന്ന സ്വതന്ത്രമായ ഒരു സിവിൽ സമൂഹത്തെ ഭരണാധികാരികൾ ഭയപ്പെടരുതെന്നും പാപ്പ പറഞ്ഞു.

​തീവ്രവാദത്തിനും അമിതമായ മതേതരവൽക്കരണത്തിനുമെതിരെ ജാഗ്രത പാലിക്കണമെന്നു പറഞ്ഞ പാപ്പ, വിദ്വേഷത്തിനു പകരം സംഭാഷണത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും പാത സ്വീകരിക്കാൻ ആഹ്വാനം ചെയ്തു.

​അൾജീരിയൻ പ്രസിഡന്റ് അബ്ദുൽ മജീദ് തെബ്ബൂൻ പാപ്പയെ സ്വീകരിച്ചു. അതേസമയം, സെന്റ് അഗസ്റ്റിൻ, അമീർ അബ്ദുൽ ഖാദർ തുടങ്ങിയവരുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ലോകസമാധാനത്തിനായി വത്തിക്കാനുമായി സഹകരിക്കുമെന്ന് പ്രസിഡന്റ് വ്യക്തമാക്കി.

Tags

Share this story

From Around the Web