നിക്കരാഗ്വേയിലെ സഭ നേരിടുന്ന പീഡനങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് ലെയോ പാപ്പയ്ക്കു കൈമാറി

 
leo papa 1


വത്തിക്കാന്‍ സിറ്റി: ഏകാധിപത്യ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലില്‍ ശ്വാസം മുട്ടി കഴിയുന്ന നിക്കരാഗ്വേയിലെ ക്രൈസ്തവ ജനത നേരിടുന്ന പീഡനങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് ലെയോ പാപ്പയ്ക്കു കൈമാറി.


 'ലാ പ്രെന്‍സ' പത്രത്തിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗവും ഗവേഷകയും അഭിഭാഷകയുമായ മാര്‍ത്ത പട്രീഷ്യ മൊളിന രചിച്ച 'നിക്കരാഗ്വേ: ഒരു പീഡിപ്പിക്കപ്പെട്ട സഭ' എന്ന റിപ്പോര്‍ട്ടാണ് ലെയോ പതിനാലാമന്‍ പാപ്പയ്ക്കു കൈമാറിയത്. 


പ്രസിഡന്റ് ഡാനിയേല്‍ ഒര്‍ട്ടേഗയും ഭാര്യയും വൈസ് പ്രസിഡന്റുമായ റൊസാരിയോ മുറില്ലോയുടെയും സ്വേച്ഛാധിപത്യ ഭരണകൂടം കത്തോലിക്ക സഭയ്ക്കു നേരെ നടത്തിയ വിവിധ അക്രമങ്ങളുടെ കണക്കുകളാണ് ഇതില്‍ ഉള്ളത്.

16,500-ല്‍ അധികം പ്രദിക്ഷണങ്ങളും നിരോധിച്ചെന്നും കത്തോലിക്ക സഭയ്ക്കെതിരായ ആയിരത്തിലധികം ആക്രമണങ്ങള്‍ അരങ്ങേറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. വിഷയത്തിന്റെ പ്രാധാന്യം പാപ്പയെ അറിയിയ്ക്കാനും മാര്‍ത്ത പട്രീഷ്യയ്ക്കു കഴിഞ്ഞു. 

2007-ല്‍ അധികാരത്തിലേറിയ നിക്കാരാഗ്വേ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയും, പത്‌നി റൊസാരിയോ മുറില്ലയും (ഇപ്പോഴത്തെ വൈസ് പ്രസിഡന്റ്) കത്തോലിക്ക സമൂഹത്തിന് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.


2018 ഏപ്രിലില്‍ സാമൂഹ്യ സുരക്ഷാ സംവിധാനത്തില്‍ വരുത്തിയ മാറ്റങ്ങള്‍ക്കെതിരെയുള്ള ജനരോഷവും, പ്രതിഷേധവും രാജ്യം മുഴുവന്‍ വ്യാപിച്ച സാഹചര്യത്തില്‍ പ്രതിഷേധത്തെ അടിച്ചമര്‍ത്തുവാന്‍ സര്‍ക്കാര്‍ കര്‍ക്കശ നടപടികള്‍ കൈകൊണ്ടതിനെത്തുടര്‍ന്ന് 355 പേരുടെ ജീവന്‍ നഷ്ടപ്പെട്ടിരിന്നു. 

ഇതിനെതിരെ കത്തോലിക്ക സഭ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരിന്നു. ഇതാണ് ഭരണകൂടത്തെ ചൊടിപ്പിച്ചത്. രാജ്യത്തെ കത്തോലിക്ക സഭയുടെ വിവിധ സ്ഥാപനങ്ങളും സര്‍ക്കാര്‍ പിടിച്ചെടുക്കുകയും ചില മെത്രാന്മാരെയും വൈദികരെയും നാടുകടത്തുകയും ചെയ്തിരിന്നു.


 

Tags

Share this story

From Around the Web