നഗരത്തിലെ ഉപേക്ഷിക്കപ്പെട്ട കല്ലുകളിലേക്ക് കടന്നുചെല്ലുവാൻ നവമെത്രാന്മാരെ ആഹ്വാനം ചെയ്തുകൊണ്ട് ലിയോ  പാപ്പാ

 
Leo papa

കഴിഞ്ഞ ഫെബ്രുവരി 25 ന് റോമൻ രൂപതയുടെ പുതിയ സഹായമെത്രാന്മാരായി തിരഞ്ഞെടുക്കപ്പെട്ട, രൂപതയിലെ വൈദികരായ,  മോൺസിഞ്ഞോർ അലെസ്സാൻഡ്രോ സെനോബി, മോൺസിഞ്ഞോർ സ്തേഫാനോ സ്പരപാനി, മോൺസിഞ്ഞോർ അന്ദ്രേയ കാർലെവാലെ, മോൺസിഞ്ഞോർ മാർക്കോ വലേന്തിഎന്നിവരുടെ മെത്രാഭിഷേക ചടങ്ങുകൾക്ക്, ലിയോ പതിനാലാമൻ പാപ്പാ മുഖ്യകാർമികത്വം വഹിച്ചു. തദവസരത്തിൽ നൽകിയ വചന സന്ദേശത്തിൽ, മെത്രാനടുത്ത ശുശ്രൂഷ, സമൂഹത്തിലെ ദുർബലരിലേക്ക് ഇറങ്ങിച്ചെല്ലുവാനും, അവരെ പരിപാലിക്കുവാനും പാപ്പാ ആഹ്വാനം ചെയ്തു. മെത്രാഭിഷേക ശുശ്രൂഷയിലൂടെ, ഏവരും, ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ സേവനത്തിനായി പൂർണ്ണമായി സമർപ്പിക്കപ്പെടുന്നുവെന്നും, അതിനാൽ പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കുവാനാണ് വിശ്വാസ സമൂഹം മുഴുവൻ ഒത്തുചെന്നിരിക്കുന്നതെന്നും പാപ്പാ പറഞ്ഞു.

തുടർന്ന് യേശുവിന്റെ ഇഹലോകവാസകാല  ജീവിതത്തിന്റെ പ്രത്യേകതകളും ഓർമ്മപ്പെടുത്തിയ  പാപ്പാ, യേശു, ഉപേക്ഷിക്കപ്പെട്ട ആടുകളെ തേടി പോകുകയും, അവരോടൊപ്പം മേശയ്ക്കരികിൽ  ഇരുന്നുകൊണ്ട് , അവനെ  കല്ലെറിയാൻ  ആഗ്രഹിച്ച കൈകളെയും, ഹൃദയങ്ങളെയും നിരായുധരാക്കിയതും എടുത്തു പറഞ്ഞു. ഇപ്രകാരമാണ്, തന്റെ പിതാവിന്റെ മുഖം പുത്രൻ വെളിപ്പെടുത്തിയതെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ഇപ്രകാരം, സമൂഹം ഉപേക്ഷിക്കുന്ന, ആളുകളായിരിക്കണം, മെത്രാന്മാരുടെ ദൗത്യത്തിന്റെയും, വിളംബരത്തിന്റെയും കാതൽ എന്നും പാപ്പാ ഓർമ്മിപ്പിച്ചു. ഇതുവഴിയായി  മഹാസാമ്രാജ്യത്തിന്റെ തലസ്ഥാനമായ ഈ നഗരത്തിൽ, ഉപേക്ഷിക്കപ്പെട്ട കല്ല് ഒരു പുതിയ പ്രത്യാശയുടെ കൊടിയായി   മാറുമെന്നും, അങ്ങനെ, അർത്ഥശൂന്യമായ അഭിലാഷം പിന്തുടരുന്നവരുടെ ആധിപത്യത്തിന്റെ യുക്തിയെ വിപരീതമാക്കുന്നതിലൂടെ, തിരസ്കരിക്കപ്പെട്ടവർ അവരുടെ അന്തസ്സ് വീണ്ടെടുക്കുകയും ദൈവരാജ്യത്തിനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്നുവെന്നും പാപ്പാ പറഞ്ഞു.

ഉപേക്ഷിക്കപ്പെട്ട സാഹചര്യത്തിലും, യേശു തന്റെ ജീവിതത്തിന്റെ ശൈലി ഒരിക്കലും ഉപേക്ഷിച്ചില്ലെന്നും, അതുപോലെ, റോമൻ ജനതയ്ക്ക് നല്ല ഇടയന്റെ പ്രതിഫലനമാകാനും, ഭൂമിയിലുടനീളം ചിതറിക്കിടക്കുന്ന ദൈവത്തിന്റെ ജനതയുടെ  കാരുണ്യപ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകാനും കർദ്ദിനാൾ വികാരിയോടൊപ്പം തന്നെ  സഹായിക്കാൻ നവാഭിഷികതരായ സഹായ മെത്രാന്മാർക്ക് സാധിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.

ഈ നഗരത്തിലെ ഉപേക്ഷിക്കപ്പെട്ട കല്ലുകളിലേക്ക് എത്തിച്ചേരാനും,  മൂലക്കല്ലായ ക്രിസ്തുവിൽ, സഭയുടെയും മനുഷ്യസാഹോദര്യത്തിന്റെയും സജീവ ഭാഗമാകുന്നതിൽ നിന്ന് ആരും ഒഴിവാക്കപ്പെടുന്നില്ലെന്ന് പ്രഖ്യാപിക്കുവാനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു. ദൈവത്താൽ ഉപേക്ഷിക്കപ്പെട്ടതായി ആർക്കും തോന്നാതിരിക്കുവാൻ, സുവിശേഷത്തിന്റെ പ്രഘോഷകരായി മാറണമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു. ലൗകിക യുക്തി പിന്തുടരരുതെന്നും,  സേവിക്കപ്പെടാനല്ലാതെ, സേവിക്കാനായി  വന്ന ക്രിസ്തുവിന്റെ സാക്ഷികളാകുവാനും പാപ്പാ പുതിയ മെത്രാന്മാരെ ക്ഷണിച്ചു. അജപാലകരിൽ, സഭയുടെ ആധികാരിക മുഖമായ മാതൃത്വം കണ്ടെത്തുവാൻ ഏവർക്കും സാധിക്കട്ടെയെന്ന വാക്കുകളോടെയാണ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചത്.

Tags

Share this story

From Around the Web