പ്രതിബന്ധങ്ങൾക്കും പരീക്ഷണങ്ങൾക്കും മുന്നിലും ഒരുമയിൽ മുന്നേറാൻ കാമറൂണിലെ സഭയെ ആഹ്വാനം ചെയ്‌ത്‌ ലിയോ  പാപ്പാ

 
Leo papa

കാമറൂണിലെ തന്റെ അവസാന പൊതുപരിപാടികളിൽ ഒന്നായ വിശുദ്ധ ബലിയുടെ അവസരത്തിൽ ക്രിസ്തുവിന്റെ സമാധാനം ഏവർക്കും ആശംസിച്ചുകൊണ്ടാണ് പരിശുദ്ധ പിതാവ് തന്റെ സുവിശേഷസന്ദേശം ആരംഭിച്ചത്. തനിക്ക് കാമറൂണിൽ ലഭിച്ച സ്നേഹപൂർവ്വമുള്ള വരവേൽപ്പിനും, ഒരുമിച്ച് വിശ്വാസം ജീവിക്കാൻ സാധിച്ച നിമിഷങ്ങൾക്കും പാപ്പാ നന്ദി പറഞ്ഞു.

വിശുദ്ധബലിമദ്ധ്യേ വായിക്കപ്പെട്ട, യേശു വെള്ളത്തിന് മീതെ നടക്കുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന സുവിശേഷഭാഗവുമായി ബന്ധപ്പെടുത്തി, എല്ലാ പ്രതിസന്ധികളെയും ബുദ്ധിമുട്ടുകളെയും അതിജീവിക്കാൻ സഹായിക്കുന്ന യേശുവിന്റെ സമാധാനം കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പരിശുദ്ധ പിതാവ് പ്രത്യേകം ഓർമ്മിപ്പിച്ചു.

ശക്തിയേറിയ കാറ്റിലും, ക്ഷോഭിച്ച കടലിലും യേശുവിന്റെ സാന്നിദ്ധ്യം ഉണ്ടായപ്പോൾ ശിഷ്യന്മാരുടെ വള്ളം ലക്‌ഷ്യം വച്ചിരുന്ന കരയിലേക്ക് അടുത്തത് ഓർമ്മിപ്പിച്ച പാപ്പാ, കത്തോലിക്കാസഭയും ഇതുപോലെ നിരവധി കൊടുങ്കാറ്റുകളെ അതിജീവിച്ചാണ് കഴിഞ്ഞ കാലങ്ങളിൽ മുന്നേറിയതെന്നും, നമ്മുടെ ജീവിതത്തിൽ നമുക്കുള്ള അനുഭവവും ഇതിൽനിന്ന് വ്യത്യസ്തമല്ലെന്നും പ്രസ്താവിച്ചു. എത്ര വലിയ ബുദ്ധിമുട്ടുകളെയും പ്രതിസന്ധികളെയും നേരിടേണ്ടിവന്നാലും യേശു നമ്മോടൊപ്പമുണ്ടെന്നും തിന്മയുടെ ശക്തിയേക്കാൾ വലുതാണ് അവന്റെ ശക്തിയെന്നും, യേശു നമ്മെ ഒരിക്കലും ഉപേക്ഷിക്കുന്നില്ലെന്നും ഓർക്കേണ്ടതുണ്ടെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

വീഴ്ചകളിൽനിന്ന് എഴുന്നേൽക്കാനും ജീവിതത്തിൽ മുന്നോട്ട് പോകാനും ക്രിസ്തുവിന്റെ സാന്നിദ്ധ്യം നമ്മെ സഹായിക്കേണ്ടതുണ്ട്. അവനിൽ ശരണപ്പെട്ടും ധൈര്യപ്പെട്ടുമാണ് നാം മുന്നോട്ട് പോകേണ്ടത്. എല്ലാ പ്രശ്നങ്ങളെയും ഇല്ലാതാക്കുക എന്നതിനേക്കാൾ, പ്രശ്നങ്ങളിലും കൊടുങ്കാറ്റുകളിലും താൻ നമുക്കൊപ്പമുണ്ടെന്ന ഉറപ്പു നൽകുകയാണ് യേശു ചെയ്യുന്നതെന്ന് പറഞ്ഞ പാപ്പാ, അവനോടൊപ്പം ജീവിതത്തിലെ സന്തോഷങ്ങളും ദുഃഖങ്ങളും പങ്കുവയ്ക്കാൻ നമുക്ക് സാധിക്കേണ്ടതുണ്ടെന്ന് ഓർമ്മിപ്പിച്ചു.

ക്രിസ്തുവിനൊപ്പമുള്ള ഒരേ വള്ളത്തിൽ യാത്ര ചെയ്യുന്ന ശിഷ്യന്മാർ എന്ന നിലയിൽ സമൂഹത്തിൽ ഉണ്ടായിരിക്കേണ്ട ഐക്യദാർഢ്യത്തിന്റെയും സഹകരണത്തിന്റെയും മൂല്യങ്ങളിലേക്കും പാപ്പാ ഏവരുടെയും ശ്രദ്ധ ക്ഷണിച്ചു. പ്രതിസന്ധിഘട്ടങ്ങളിൽ മറ്റുള്ളവരെ ഉപേക്ഷിക്കാതെ, സഹായവും സഹകരണവും ഉറപ്പാക്കി മുന്നോട്ട് പോവുകയാണ് വേണ്ടതെന്ന് പറഞ്ഞ പാപ്പാ, അത് സാമൂഹിക, രാഷ്ട്രീയ, ആരോഗ്യ, സാമ്പത്തിക മേഖലകളിൽപ്പോലും ഉണ്ടാകേണ്ടതുണ്ടെന്ന് വിശദീകരിച്ചു. ഏതൊരു പ്രതിസന്ധിയിലും, "ഭയപ്പെടേണ്ട" എന്ന യേശുവിന്റെ വാക്കുകൾ ശ്രവിക്കാൻ നമുക്ക് സാധിക്കേണ്ടതുണ്ട്.

സഭ അതിന്റെ ആദ്യകാലഘട്ടങ്ങളിൽ മുതൽ സ്വായത്തമാക്കുകയും പ്രാവർത്തികമാക്കുകയും ചെയ്ത സഹായ, സഹകരണ മനോഭാവത്തെക്കുറിച്ച് പ്രതിപാദിച്ച പാപ്പാ, വലിയ പ്രതിസന്ധികൾക്ക് മുന്നിലും വിശ്വാസം പങ്കുവച്ചും സമൂഹമെന്ന നിലയിൽ ഒരുമയിലുമാണ് സഭാംഗങ്ങൾ ജീവിച്ചതെന്ന് അനുസ്മരിച്ചു. തങ്ങളുടെ ബുദ്ധിമുട്ടുകൾ പരസ്പരം പങ്കുവച്ചും, അവയെക്കുറിച്ച് ഒരുമിച്ച് ചിന്തിച്ചും, ഒരുമിച്ച് പ്രാർത്ഥിച്ചുമാണ് ആദിമക്രൈസ്തവസമൂഹം മുന്നോട്ട് പോയതെന്ന് പാപ്പാ എടുത്തുപറഞ്ഞു. സഹനങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യരോട് കാണിക്കേണ്ട പരിഗണനയുടെ പ്രാധാന്യം എടുത്തുപറഞ്ഞ പാപ്പാ, സമൂഹത്തിന്റെ ആവശ്യങ്ങൾ മനസ്സിലാക്കാനും, അവയ്ക്ക് പ്രത്യുത്തരം നൽകാനും സമൂഹത്തിലെ ഭിന്നതകൾ അകറ്റാനും പരിശുദ്ധാത്മാവിന്റെ സ്വരം ശ്രവിക്കേണ്ടതുണ്ടെന്ന് ഓർമ്മിപ്പിച്ചു. പ്രതിസന്ധികളുടെ നിമിഷങ്ങളെ ഏവരുടെയും വളർച്ചയുടെയും വികസനത്തിന്റെയും നിമിഷങ്ങളാക്കി മാറ്റാൻ നമുക്ക് സാധിക്കേണ്ടതുണ്ട്.

കാമറൂണിലേക്കുള്ള തന്റെ അപ്പസ്തോലികയാത്ര അവസാനിക്കുന്നത് പരാമർശിച്ചുകൊണ്ട്, തങ്ങളുടെ അനുദിനജീവിതത്തിലേക്ക് തിരികെപ്പോകുമ്പോഴും, ഈ ദിവസങ്ങളിൽ അനുഭവിക്കാൻ കഴിഞ്ഞ അനുഗ്രഹങ്ങളും ഓർമ്മകളും ഹൃദയത്തിൽ കാത്തുസൂക്ഷിക്കാനും, യേശുവിനായി ജീവിതത്തിൽ ഇടം കണ്ടെത്താനും പാപ്പാ വിശ്വാസികളെ ആഹ്വാനം ചെയ്‌തു.

യുവത്വം ജീവിക്കുന്ന കാമറൂണിലെ സഭയുടെ ഭംഗി പരാമർശിച്ച പാപ്പാ, നമ്മുടെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്റെ സഹായത്തോടെ, പ്രതിസന്ധിഘട്ടങ്ങളിലും ഒരുമിച്ചായിരിക്കാനും, ദൈവത്തിനും സഹോദരങ്ങൾക്കും വേണ്ടിയുള്ള ശുശ്രൂഷാമനോഭാവത്തിൽ ഒരുമിച്ച് വളരാനും സാധിക്കണമെന്ന ഓർമ്മപ്പെടുത്തലോടെയാണ് തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.

Tags

Share this story

From Around the Web