സമാധാനത്തിനും, സംഘര്‍ഷങ്ങളാല്‍ വലയുന്ന കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനവുമായി ലിയോ പതിനാലാമന്‍ പാപ്പാ.
വത്തിക്കാന്‍: തിരുക്കുടുംബത്തിന്റെ തിരുനാള്‍ ദിനത്തില്‍ സമാധാനപ്രാര്‍ത്ഥനകള്‍ തുടരാന്‍ ആഹ്വാനവുമായി ലിയോ പതിനാലാമന്‍ പാപ്പാ.
കത്തോലിക്കാസഭ 2025-ല്‍ തിരുക്കുടുംബത്തിന്റെ തിരുനാള്‍ ആഘോഷിച്ച ഡിസംബര്‍ 28 ഞായറാഴ്ച, വത്തിക്കാനില്‍ ത്രികാലജപപ്രാര്‍ത്ഥന നയിച്ച വേളയിലാണ് ഇത്തരമൊരു ആഹ്വാനം പാപ്പാ ആവര്‍ത്തിച്ചത്.
ലോകത്ത്, യുദ്ധങ്ങള്‍ മൂലം വലയുന്ന കുടുംബങ്ങള്‍ക്കുവേണ്ടിയും, കുട്ടികള്‍ക്കും, വയോധികര്‍ക്കും, ദുര്‍ബലരായ മനുഷ്യര്‍ക്കും വേണ്ടിയും പ്രാര്‍ത്ഥിക്കാനും പാപ്പാ ഏവരെയും ക്ഷണിച്ചു.
നസ്രത്തിലെ തിരുക്കുടുംബത്തിന്റെ മാദ്ധ്യസ്ഥ്യത്തിന് നാമെല്ലാവരെയും സമര്‍പ്പിക്കാമെന്നും പാപ്പാ ആഹ്വാനം ചെയ്തു.
പതിവുപോലെ, ക്രിസ്തുമസിന് ശേഷമുള്ള ആദ്യ ഞായറാഴ്ച ആചരിക്കപ്പെട്ട ഈ തിരുനാള്‍ ദിനത്തില്‍, ക്രൈസ്തവ കുടുംബങ്ങളുടെ പ്രത്യേകതകളും, അവയിലുണ്ടാകേണ്ട മൂല്യങ്ങളും പരിശുദ്ധ പിതാവ് തന്റെ പ്രഭാഷണത്തില്‍ പ്രത്യേകമായി അനുസ്മരിച്ചിരുന്നു.
അധികാരത്തിന്റെയും സുഖസൗകര്യങ്ങളുടെയും ആഗ്രഹങ്ങളാലും, മിഥ്യാധാരണകളാലും നയിക്കപ്പെടുന്ന സമകാലീന കുടുംബങ്ങള്‍ അവയ്ക്ക് പകരമായി നല്‍കേണ്ട വിലയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയ പരിശുദ്ധ പിതാവ്, ലോകത്തിന് മാതൃകയാകുന്ന വിധത്തില്‍, ക്രൈസ്തവ കുടുംബങ്ങള്‍ തങ്ങളിലെ സ്‌നേഹജ്വാലയെ കാത്തുപരിപാലിക്കണമെന്നും ഉദ്‌ബോധിപ്പിച്ചിരുന്നു.
ക്രിസ്തുമസിന് ശേഷമുള്ള ആദ്യത്തേതും, ഈ വര്‍ഷത്തെ അവസാനത്തേതുമായ ഈ ഞായറാഴ്ച, പാപ്പായ്ക്കൊപ്പം പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനും, ആശീര്‍വാദം നേടാനായി പതിനായിരക്കണക്കിനാളുകളാണ് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിനകത്തും പുറത്തുമായി നിലയുറപ്പിച്ചിരുന്നത്.