സുവിശേഷം പ്രസംഗിക്കുന്നതിനുള്ള പുതിയ പാതകളും പുതിയ സമീപനങ്ങളും കണ്ടെത്തണം: ലിയോ 14 ാമന്‍ പാപ്പ

വത്തിക്കാന്‍ സിറ്റി: ക്രിസ്ത്യാനികള്‍ എന്ന നിലയില്‍ നമ്മുടെ ഐഡന്റിറ്റി ഭൂതകാലത്തിന്റെ ഒരു അവശിഷ്ടമായി ചുരുങ്ങാതിരിക്കണമെങ്കില്‍, ക്ഷീണിച്ചതും നിശ്ചലവുമായ ഒരു വിശ്വാസത്തിനപ്പുറത്തേക്ക് നീങ്ങേണ്ടത് പ്രധാനമാണെന്ന് ലിയോ 14 ാമന്‍ പാപ്പ.
വിശ്വാസത്തെയും സഭയെയും നിരന്തരം പുതുക്കാനും സുവിശേഷം പ്രസംഗിക്കുന്നതിനുള്ള പുതിയ പാതകളും പുതിയ സമീപനങ്ങളും കണ്ടെത്താനും വിശുദ്ധരായ പത്രോസിന്റെയും പൗലോസിന്റെയും തിരുനാള്‍ദിനത്തില്‍ 54 പുതിയ മെട്രോപൊളിറ്റന്‍ ആര്‍ച്ചുബിഷപ്പുമാര്‍ക്ക് പാലിയം സമ്മാനിച്ചതിന് ശേഷം നടത്തിയ പ്രസംഗത്തില്‍ പാപ്പ ആഹ്വാനം ചെയ്തു.
വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും മാതൃകയെ പാപ്പാ പ്രശംസിച്ചു. അവരുടെ കൂട്ടായ്മയയും വിശ്വാസത്തിന്റെ ചൈതന്യവും വ്യത്യസ്തതകളുടെ നടുവിലും ഐക്യത്തോടെ ജീവിക്കുന്നതിന്റെ ഉദാഹരണമാണ്. കൂട്ടായ്മയുടെ പാത ആത്മാവിന്റെ പ്രവര്‍ത്തനത്താലാണ് സാധ്യമാകുന്നത്.
അത് വ്യത്യാസങ്ങളെ ഒന്നിപ്പിക്കുന്നു. സമ്പന്നമായ വൈവിധ്യമാര്‍ന്ന ദാനങ്ങള്‍, ശുശ്രൂഷകള്‍ എന്നിവയാല്‍ ഐക്യത്തിന്റെ പാലങ്ങള്‍ പണിയുന്നു. നമ്മുടെ വ്യത്യാസങ്ങളെ ഐക്യത്തിന്റെയും കൂട്ടായ്മയുടെയും, സാഹോദര്യത്തിന്റെയും അനുരഞ്ജനത്തിന്റെയും ഒരു വര്‍ക്ക്ഷോപ്പാക്കി മാറ്റാന്‍ ശ്രമിക്കണമെന്ന് പാപ്പ പറഞ്ഞു.
അങ്ങനെ സഭയില്‍ വ്യത്യസ്തമായ പശ്ചാത്തലത്തില്‍ നിന്ന് വരുന്നവര്‍ക്ക് ഒരുമിച്ച് നടക്കാന്‍ പഠിക്കാന്‍ കഴിയും. സഭയ്ക്ക് മുഴുവന്‍ സാഹോദര്യം ആവശ്യമാണ്, അത് നമ്മുടെ എല്ലാ ബന്ധങ്ങളിലും ഉണ്ടായിരിക്കണം.
സാധാരണക്കാരും വൈദികരും തമ്മിലും, വൈദികരും ബിഷപ്പുമാരും തമ്മിലും ബിഷപ്പുമാരും പാപ്പയും തമ്മിലും, അജപാലന ശുശ്രൂഷ, എക്യുമെനിക്കല്‍ സംഭാഷണം, ലോകവുമായി സഭ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന സൗഹൃദ ബന്ധങ്ങള്‍ എന്നിവയിലും സാഹോദര്യം ആവശ്യമാണെന്ന് പാപ്പ പറഞ്ഞു.