ലിയോ 14 ാമന്‍ പാപ്പയുടെ ബാല്യകാല വസതി വാങ്ങാനൊരുങ്ങി പാപ്പായുടെ ജന്മനാടായ ഡോള്‍ട്ടണ്‍ ഗ്രാമത്തിന്റെ ഭരണസമിതി

ചിക്കാഗോ/യുഎസ്എ: ലിയോ 14 ാമന്‍ പാപ്പയുടെ ബാല്യകാല വസതി വാങ്ങാനൊരുങ്ങി പാപ്പായുടെ ജന്മനാടായ ഡോള്‍ട്ടണ്‍ ഗ്രാമത്തിന്റെ ഭരണസമിതി.
ജൂലൈ 1 ന് ചേര്‍ന്ന ഡോള്‍ട്ടണ്‍ വില്ലേജ് ബോര്‍ഡ് പാപ്പയുടെ ജന്മഗൃഹം വാങ്ങാന്‍ ഏകകണ്ഠമായി വോട്ടിംഗിലൂടെ തീരുമാനിക്കുകയായിരുന്നു.
യുഎസില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയായി ചരിത്രം രചിച്ച കര്‍ദിനാള്‍ റോബര്‍ട്ട് പ്രെവോസ്റ്റ്, 1955 ല്‍ ചിക്കാഗോക്ക് സമീപത്തുള്ള ബ്രോണ്‍സ്വില്ലെയിലാണ് ജനിച്ചത്.
സെന്റ് മേരി ഓഫ് ദി അസംപ്ഷന്‍ ദൈവാലയത്തിന് സമീപമുള്ള ഡോള്‍ട്ടണിലെ ഒരു ചെറിയ വീട്ടിലാണ് അദ്ദേഹം വളര്‍ന്നത്.
പ്രെവോസ്റ്റിന്റെ പ്രാഥമിക വിദ്യാഭ്യാസം ദൈവാലത്തോട് ചേര്‍ന്നുള്ള വിദ്യാലയത്തില്‍ പൂര്‍ത്തിയാക്കി. പിന്നീട് അദ്ദേഹം ഹൈഡ് പാര്‍ക്ക് പരിസരത്തുള്ള കാത്തലിക് തിയോളജിക്കല്‍ യൂണിയന്‍ ഓഫ് ചിക്കാഗോയില്‍ ദൈവശാസ്ത്രം പഠിക്കുകയും സെന്റ് റീത്ത ഹൈസ്‌കൂള്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക കത്തോലിക്കാ സ്‌കൂളുകളില്‍ പഠിപ്പിക്കുകയും ചെയ്തു.
മാര്‍പാപ്പയുടെ ബാല്യകാല ഭവനം വാങ്ങുന്ന നടപടിയെ ‘ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അവസരം’ എന്നാണ് ഡോള്‍ട്ടണ്‍ മേയര്‍ ജേസണ്‍ ഹൗസ് വിശേഷിപ്പിച്ചത്.
നേരത്തെ മാര്‍പാപ്പമാരുടെ ബാല്യകാല ഭവനങ്ങള്‍ മ്യൂസിയങ്ങളോ തീര്‍ത്ഥാടന കേന്ദ്രങ്ങളോ ആക്കി മാറ്റിയിട്ടുണ്ട്.
സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഡോള്‍ട്ടണ്‍ ഗ്രാമത്തിന് പാപ്പയുടെ ബാല്യകാല വസതി ഏറ്റെടുക്കുന്ന നടപടി പുതിയ ഊര്‍ജ്ജം നല്‍കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.