ന്യൂയോര്‍ക്കില്‍ ഭീതി പരത്തി ലീജനേഴ്‌സ് ഡിസീസ്; 4 മരണം, 76 പേര്‍ക്ക് രോഗബാധ. കാര്‍നെഗീ ഹില്‍, യോര്‍ക്വില്ലെ എന്നീ ഭാഗങ്ങളില്‍ രോഗവ്യാപനം കൂടുതല്‍
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റിയില്‍ 'ലീജനേഴ്‌സ് ഡിസീസ്' പടര്‍ന്നുപിടിക്കുന്നു. ഇതുവരെ 76 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും 4 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും ന്യൂയോര്‍ക്ക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. കാര്‍നെഗീ ഹില്‍, യോര്‍ക്വില്ലെ എന്നീ ഭാഗങ്ങളിലാണ് രോഗവ്യാപനം കൂടുതല്‍ രൂക്ഷമായിട്ടുള്ളത്.
ജൂലൈ 20 വരെയുള്ള കണക്കുകള്‍ പ്രകാരം രോഗബാധിതരില്‍ 7 പേര്‍ ഇപ്പോഴും ആശുപത്രികളില്‍ തീവ്രപരിചരണത്തിലാണ്. ബാക്ടീരിയയുടെ ഉത്ഭവ കേന്ദ്രം കണ്ടെത്താനായി നഗരത്തിലെ കൂളിംഗ് ടവറുകളും പ്രധാന ജലവിതരണ സംവിധാനങ്ങളും കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന ഊര്‍ജിതമാക്കിയിട്ടുണ്ട്.
ന്യുമോണിയയുടെ തീവ്രരൂപമായ ഒരു ശ്വാസകോശാണുബാധയാണിത്. ലിജിയോനെല്ല എന്ന ബാക്ടീരിയയാണ് രോഗമുണ്ടാക്കുന്നത്. വെള്ളത്തിലും മണ്ണിലും കാണപ്പെടുന്ന ഈ ബാക്ടീരിയ അടങ്ങിയ ജലകണികകള്‍ ശ്വസിക്കുന്നതിലൂടെയാണ് മനുഷ്യരിലേക്ക് രോഗം പകരുന്നത്.
വയോധികര്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍, പുകവലിക്കുന്നവര്‍ എന്നിവര്‍ക്ക് രോഗം പിടിപെടാന്‍ സാധ്യത കൂടുതലാണ്. കൃത്യസമയത്ത് ആന്റിബയോട്ടിക് ചികിത്സ ലഭ്യമാക്കിയാല്‍ രോഗം ഭേദമാക്കാം. എന്നാല്‍ വൈകിയാല്‍ സങ്കീര്‍ണ്ണതകളിലേക്ക് നയിച്ചേക്കാം.
സമ്പര്‍ക്കമുണ്ടായി 2 മുതല്‍ 10 ദിവസത്തിനകം ലക്ഷണങ്ങള്‍ പ്രകടമാകും. കഠിനമായ പനി, തലവേദന, പേശീവേദന, ചുമ, ശ്വാസതടസ്സം, നെഞ്ചുവേദന, ഛര്‍ദ്ദി, വയറിളക്കം, മാനസികാവസ്ഥയിലെ വ്യതിയാനങ്ങള്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
ശ്വാസകോശത്തെയാണ് പ്രധാനമായും ബാധിക്കുന്നതെങ്കിലും രോഗം തീവ്രമായാല്‍ ഹൃദയം ഉള്‍പ്പെടെയുള്ള മറ്റ് അവയവങ്ങളിലേക്കും പടരാന്‍ സാധ്യതയുണ്ട്.
ഇതേ ബാക്ടീരിയ തന്നെയാണ് 'പോണ്‍ടിയാക് ഫീവര്‍' എന്ന താരതമ്യേന ലളിതമായ പനിക്കും കാരണമാകുന്നത്. എന്നാല്‍ ഇത് ശ്വാസകോശത്തെ ബാധിക്കാറില്ല, ഒരാഴ്ചയ്ക്കുള്ളില്‍ ഭേദമാവുകയും ചെയ്യും.
ന്യൂയോര്‍ക്ക് സിറ്റിയില്‍ മുന്‍പും പലതവണ ഈ രോഗം പടര്‍ന്നുപിടിച്ചിട്ടുണ്ട്. 2015-ല്‍ സൗത്ത് ബ്രോങ്ക്‌സില്‍ ഉണ്ടായ രോഗവ്യാപനത്തില്‍ 138 പേര്‍ക്ക് രോഗം ബാധിക്കുകയും 16 പേര്‍ മരണപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് 2025-ല്‍ ഹാര്‍ലെമിലുണ്ടായ രോഗവ്യാപനത്തില്‍ എഴുപതോളം പേരാണ് ചികിത്സ തേടിയത്.